ഹനോയ്: ഇന്ത്യയും വിയറ്റ്നാമും തമ്മില്‍ ഏഴു സുപ്രധാന കരാറുകള്‍ക്ക് ധാരണയായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും വിയറ്റ്നാം രാഷ്ട്രപതി ട്രൂങ് ടാന്‍ സാംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ക്ക് ധാരണയായത്. എണ്ണ മേഖലയില്‍ അടക്കം സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏഴ് കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
കൂടാതെ രാഷ്ട്രീയം, പ്രതിരോധം, സാമ്പത്തികം, സുരക്ഷ, ശാസ്ത്രസാങ്കേതികം അടക്കമുള്ള മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ഏഷ്യന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും വളര്‍ച്ചയും ഉറപ്പാക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാ കടലില്‍ കപ്പലോടിക്കുന്നതിന് യാതൊരു തടസവും ഉണ്ടാവാതിരിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്.
2002ലെ തെക്കന്‍ ചൈനാ കടലുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടപ്പാക്കാന്‍ ഇരു നേതാക്കളും ആഹ്വാനം ചെയ്തു. സമുദ്ര സുരക്ഷ, കടല്‍ക്കൊള്ള തടയുക തുടങ്ങിയ കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കും.
പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍ പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് കരാറുകളില്‍ ഒപ്പുവച്ചത്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിയറ്റ്നാമിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: