ന്യൂദല്‍ഹി: ടുജി സ്പെക്ട്രം അഴിമതിക്കേസിലെ ആരോപണവിധേയരുമായി സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ചകള്‍ നടത്തിയതു സംബന്ധിച്ച കേസില്‍ പുതിയ വഴിത്തിരിവ്. സിബിഐ ഡയറക്ടറുടെ വസതിയിലെ സന്ദര്‍ശക ഡയറി ആരാണ് നല്‍കിയതെന്ന് വ്യക്തമാക്കാന്‍ സുപ്രീം കോടതി ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം പേരു വിവരം നല്‍കാനാണ് ഉത്തരവ്.
കേസില്‍ അന്വേഷണം നേരിടുന്ന റിലയന്‍സ് ഉദ്യോഗസ്ഥരടക്കം നിരവധി പേര് വീട്ടിലെത്തി കണ്ടതിന് തെളിവായി ഭൂഷണ് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ഡയറിയാണ് ഹാജരാക്കിയത്. അജ്ഞാതനാണ് തനിക്ക് ഇത് എത്തിച്ചുനല്കിയതെന്നാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്. ഡയറി വ്യാജമാണെന്ന് സിന്‍ഹ പറഞ്ഞ സാഹചര്യത്തില്‍ ഇത് ശരിയോയെന്ന് ഉറപ്പാക്കാനാണ് ഡയറി നല്‍കിയയാളുടെ പേര് തങ്ങളെ അറിയിക്കാന്‍ കോടതി ഉത്തരവിട്ടത്.
ഈ രേഖകള്‍ സെക്രട്ടറി ജനറലിന്റെ കൈവശം സൂക്ഷിച്ചുവെക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരെങ്കിലും ഒരു പ്രസ്താവന നടത്തിയതിന്റെ പേരില്‍ മാത്രം അന്വേഷണത്തിന് ഉത്തരവ് ഇടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, തന്റെ വീട്ടിലെ സന്ദര്‍ശക പുസ്തകത്തിലെ 90 ശതമാനവും വിവരങ്ങളും വ്യാജമായി ചേര്‍ത്തതാണെന്നും എന്നാല്‍ ചില വിവരങ്ങള്‍ സത്യമായിരിക്കാമെന്നും രഞ്ജിത് സിന്‍ഹ കോടതിയില്‍ പറഞ്ഞു.കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: