തിരുവനന്തപുരം: രാജ്യത്ത് നിയമവിരുദ്ധമായി മരുന്ന് പരീക്ഷണം വ്യാപകമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. രാജ്യത്തെ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച് കേന്ദ്രം പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി അധ്യക്ഷനായ അപ്പക്സ് കമ്മറ്റി പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. മരുന്ന് പരീക്ഷണം അനുവദിക്കണമെന്ന ചെറുകിട ആശുപത്രികളുടെ ആവശ്യം കേന്ദ്ര അപ്പക്സ് കമ്മറ്റി തള്ളി.
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡമനുസരിച്ച് ഇനി 50 കിടക്കകളെങ്കിലും ഉള്ള ആശുപത്രികള്‍ക്ക് മാത്രമെ മരുന്ന് പരീക്ഷണത്തിന് അനുമതി നല്‍കൂ. കൂടാതെ ഐസിയു, അല്ലെങ്കില്‍ അത്യാഹിത വിഭാഗങ്ങള്‍ ഇത്തരം ആശുപത്രികളില്‍ അനിവാര്യമാണെന്നും കമ്മറ്റി നിര്‍ദ്ദേശിക്കുന്നു. മെഡിക്കല്‍ കോളേജുകള്‍, ഐസിഎംആര്‍ ഗവേഷണ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍- നാഷണല്‍ ലാബുകള്‍ എന്നിവയ്ക്ക് നിയമപ്രകാരം പരീക്ഷണം നടത്താം. എന്നാല്‍ സ്വതന്ത്ര എത്തിക്സ് കമ്മറ്റികളുള്ള ചെറുകിട ആശുപത്രികളില്‍ ഇനി പൂര്‍ണ്ണ തോതില്‍ മരുന്ന് പരീക്ഷണം അനുവദിക്കില്ല.
170 ചെറുകിട ആശുപത്രികളുടെ ആവശ്യമാണ് അപ്പക്സ് കമ്മറ്റി തള്ളിയത്. ചെറുകിട ആശുപത്രികള്‍ക്ക് മറ്റുള്ളവര്‍ പരീക്ഷിച്ച് ഉറപ്പ് വരുത്തിയ മരുന്നുകളുടെ ചെറിയ വകഭേദങ്ങളില്‍ പരീക്ഷണം നടത്താം. പൂര്‍ണ്ണതോതില്‍ പരീക്ഷണം അനുവദിക്കണമെന്ന തിരുവനന്തപുരത്തെ ജ്യോതിദേവ് ഡയബറ്റിക്സ് ആന്റ് റിസര്‍ച്ച് സെന്റലറിലെ എത്തിക്സ് കമ്മറ്റിയുടെ ആവശ്യമടക്കം തള്ളിയാണ് കമ്മറ്റി പുതിയ മാനദണ്ഡം പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: