ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് ചില പ്രസിദ്ധീകരണങ്ങള്‍ പണം വാങ്ങിയെന്ന കേസുകളില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് ഉറക്കം നടിക്കുന്നു. ഈ സാഹചര്യത്തതില്‍ കുറ്റാരോപിതരായ മാധ്യമങ്ങള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യക്ക് ( പിസിഐ) സാധിക്കുന്നില്ല.
മെയ് 12ല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായവേളയില്‍, പണം വാങ്ങി വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന സംശയത്തില്പ്പെട്ട വിവിധ പ്രസിദ്ധീകരണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി നോട്ടീസ് അയച്ചിരുന്നു. 3000ത്തിലധികം വരുമത്. അവയില്‍ 694 കേസുകള്‍ സത്യമാണെന്നു പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ പിന്നീടങ്ങോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊന്നും ചെയ്തില്ല. ആരോപണ വിധേയരായ മാധ്യമങ്ങള്‍ക്കുമേല്‍ നടപടിയെടക്കേണ്ടത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്. എന്നാല്‍ ഇലക്ഷന് കമ്മീഷന്റെ ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചാലേ പിസിഐക്ക് എന്തെങ്കിലും ചെയ്യാനാവു. ഒരു ഷോക്കോസ് നോട്ടീസ് പോലുംഇതുവരെ മാധ്യമസ്ഥാപനങ്ങള്‍ക്ക് അയക്കാന്‍ പ്രസ് കൗണ്സിലിനായിട്ടില്ല. ഇക്കാര്യം അവര്‍ ഇലക്ഷന് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിനു മറുപടി നല്‍കാനും കമ്മിഷന് വിമുഖത തന്നെ.
700 ഓളം കേസുകളുണ്ടെന്നറിയാം. വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തി നടപടി സ്വീകരിക്കാനാവില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് ലഭിക്കണം. അതിനു കാത്തിരിക്കുകയാണ്, പ്രസ്റ്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡെപ്യൂട്ടി സെക്രട്ടറി പൂനംസിബല് പറഞ്ഞു. ചില കേസുകളില്‍ പിസിഐ സ്വന്തം നിലയില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ നിലവിലെ പിസിഐയുടെ കാലാവധി ജൂണില്‍ അവസാനിച്ചിരുന്നു. ഇനി പുതിയ അംഗങ്ങള്‍ ചുമതലയേറ്റാലെ അത്തരത്തിലെ നീക്കങ്ങള്‍ക്കും സാധ്യതയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: