ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ പ്രളയദുരന്തത്തില്‍പ്പെട്ട 2,26,000 പേരെ സൈന്യവും ദേശീയ ദുരന്തനിവാരണസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. അരനൂറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ 200ലേറെ പേരാണ് മരിച്ചത്. ഇതിനിടയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ മുന്കരുതിലെടുക്കണമെന്നും പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ഫില്‍റ്റര്‍ ചെയ്ത വെള്ളം ജമ്മുവിലും കശ്മീര്‍ വാലിയിലും വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. ഒരുദിവസം നാല് ലക്ഷം വെള്ളം ശൂദ്ധീകരിക്കാന്‍ സാധിക്കുന്ന 20 ആര്‍ഒ പ്ലാന്റുകളില്‍ നാലെണ്ണം ശ്രീനഗറില്‍ എത്തിച്ചിട്ടുണ്ട്. ജലശുദ്ധീകരണ ഗുളികകള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍, മലിനജലം പമ്പ് ചെയ്യുന്നതിനുള്ള മോട്ടറുകള്‍ എന്നിവ കൂടുതല്‍ കൂടുതല്‍ കശ്മീരിലേക്ക് എത്തിക്കുന്നുണ്ട്. ആശുപത്രികളില്‍ വൈദ്യുതി സംവിധാനത്തിനായി ജനറേറ്ററുകള്‍ ധാരാളമായി എത്തിച്ചിട്ടുണ്ട്.
ഏതാണ്ട് 5,08,000 ലിറ്റര്‍ ശുദ്ധജലം 1,054 ടണ്‍ ഭക്ഷണ പൊതികള്‍, പാചകം ചെയ്ത ഭക്ഷണം എന്നിവ വിതരണം ചെയ്തിരുന്നു. അതുപോലെ 8200 കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്തു. 1572 കൂടാരങ്ങള്‍ ഒരുക്കിയിരുന്നു. 80 മെഡിക്കല്‍ സംഘവും നാല് ആര്‍മി ആശുപത്രികളും സൈന്യം ഒരുക്കിയിരുന്നു. ഏതാണ്ട് 53,082 പേര്‍ക്ക് ചികിത്സ നല്‍കിയിരുന്നു. ലാബ് ഉള്‍പ്പടെയുള്ള രണ്ട് ആശുപത്രികള്‍ കൂടി സൈന്യം ഒരുക്കിയിട്ടുണ്ട്.
എയര്‍ഫോഴ്സിന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ സംഘവും അവന്തിപ്പൂര്‍, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷണപ്പൊതികള്‍, ശുദ്ധീകരിച്ച കുപ്പിവെള്ളം, കൂടാരങ്ങള്‍ എന്നിവയുള്‍പ്പടെ കൂടുതല്‍ ദുരിതാശ്വാസ സാധനങ്ങള്‍ ദല്‍ഹിയില്‍ നിന്നും അമൃതസറില്‍ നിന്നും എത്തിക്കുന്നുണ്ട്. സൈന്യം 30,000 സംഘത്തെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സൈന്യം ഹെലികോപ്ടറില്‍ 2,451 റൗണ്ട് പറന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. 3,435 ടണ്‍ ഭക്ഷണ പൊതികള്‍ വായുസേന വിമാനത്തിലൂടെ താഴേക്ക് ഇട്ട് നല്കി. സൈന്യത്തിന്റെ 200ഉം ദേശീയ ദുരന്ത നിവാരണ സേനയുടെ 148 ബോട്ടുകളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് 5700 പേരെ രക്ഷപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: