പാനൂര്‍(കണ്ണൂര്‍): ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധവുമായി ബന്ധപ്പെട്ട് പ്രമുഖ സിപിഎം നേതാവ് അറസ്റ്റില്‍. പാട്യം ലോക്കല്‍ കമ്മറ്റിയംഗവും പാട്യം സോഷ്യല്‍ സര്‍വീസ് ആയുര്‍വേദ ഫാക്ടറി പ്രസിഡന്റും ജില്ലയിലെ ഉന്നത നേതാവിന്റെ വിശ്വസ്തനുമായ കതിരൂര്‍ ബ്രഹ്മാവ് മുക്കിലെ ചപ്ര പ്രകാശന് എന്ന ചന്ത്രോത്ത് പ്രകാശന് (52) ആണ് അറസ്റ്റിലായത്. കൂടാതെ മറ്റു മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു.
അതിനിടെ, ജില്ലയിലെ ഉന്നത സിപിഎം നേതാവ് പ്രതിപ്പട്ടികയില്‍ എത്തുമെന്ന് ഉറപ്പായി. ഇതോടെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലയെന്നു ആവര്‍ത്തിച്ച സിപിഎം കേന്ദ്ര നേതൃത്വം പ്രതിരോധത്തിലായി. സിബിഐ അന്വേഷണത്തിന് അനുകൂല നിലപാട് സ്വീകരിച്ച വി.എസ്.അച്യുതാനന്ദന്, ടിപി വധ വേളയിലെ അതേ ശൈലിയില്‍ കാര്യങ്ങള്‍ തുറന്നുപറയുന്നതും സിപിഎമ്മിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുകഴിഞ്ഞു. മുഖ്യപ്രതി വിക്രമനെ ഒളിവില്‍ കഴിയാനും കോടതിയില്‍ എത്തിക്കാനും സഹായിച്ചതിനാണ് പ്രകാശനെ അറസ്റ്റ് ചെയ്തത്. മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തതും ഇതേകുറ്റത്തിനു തന്നെ. പ്രകാശന്റെ തറവാട്ടില്‍വച്ചാണ് കൊലയാളികള്‍ അക്രമം ആസൂത്രണം ചെയ്തതെന്നും സൂചനയുണ്ട്. വിക്രമനെ ഒളിപ്പിക്കാന്‍ ഉപയോഗിച്ചത് ജില്ലാ കമ്മറ്റിയുടെ വാഹനമാണെന്നും ഇയാള്‍ ബംഗളൂരു നിംഹാന്‍സില്‍ ചികില്‍സയ്ക്ക് പോയതായും പോലീസ് കണ്ടെത്തി.
പാട്യം, കതിരൂര്‍ ലോക്കല്‍ കമ്മറ്റികളാണ് ജില്ലാ നേതൃത്വത്തിന്റെ അറിവോടെ മനോജ് വധം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും വ്യക്തമായിട്ടുണ്ട്. മനോജിനെ വധിക്കാനുള്ള നിര്‍ദേശം സിപിഎം ജില്ലാ നേതാവിന്റേതായിരുന്നു. ജില്ലാ കമ്മറ്റിയുടെ വാഹന ഡ്രൈവറായ സജീവനെയും അന്വേഷണസംഘം ചോദ്യംചെയ്തു. ജില്ലാ നേതാവിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെങ്കിലും കൃത്യത്തില്‍ പങ്കാളികളായ എല്ലാപേരെയു പിടികൂടാനാണ് ക്രൈംബ്രാഞ്ചിന്റെ ഊര്‍ജിതശ്രമം.
പാട്യം ലോക്കല്‍ കമ്മറ്റിയംഗം കൂടിയായ അണിയേരി രാമചന്ദ്രന് എന്ന മുച്ചിറിയന്‍ രാമനും സംഭവത്തില്‍ പങ്കാളിയാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. വിക്രമന്റെ അടുത്ത അനുയായിയും നിരവധി കേസുകളില്‍ പ്രതിയുമാണ് മുച്ചിറിയന്‍ രാമന്. ഇയാളെ ചോദ്യംചെയ്യാന്‍ വിളിച്ചെങ്കിലും ഹാജരായിട്ടില്ല. ഏഴംഗസംഘമാണ് കൃത്യത്തില്‍ പങ്കെടുത്തതെന്നു വിക്രമന്റെ പറയുന്നു. എന്നാല്‍ അന്വേഷണ സംഘം അതു മുഖവിലക്കെടുത്തിട്ടില്ല. ചില തെളിവുകള്‍ കൂടി ലഭ്യമായാല്‍ മനോജ് വധത്തിന്റെ പൂര്‍ണ്ണചിത്രം അന്വേഷകര്‍ക്ക് ലഭിക്കുമെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: