ന്യൂദല്‍ഹി:ഭാരതവും ചൈനയും തമ്മില്‍ ഇന്ന് സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും.ഭാരതം സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് സീജിങ്ങ്പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായണ് കരാറുകളില്‍ ഒപ്പുവയ്ക്കുക.
ഭാരതത്തിലെ നഗരവികസന പദ്ധതികള്‍ക്ക് ചൈനീസ് സഹകരണം ഉറപ്പുവരുത്തുന്ന കരാറാകും ഇതിലൊന്ന്. റെയില്‍വേ പദ്ധതികളിലെ ചൈനീസ് കമ്പനികളുടെ സഹായവും ഭാരതത്തിന് നേട്ടമാകും. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം, അതിവേഗത്തിലുള്ള ചൈനീസ് റെയില്‍ ട്രാക്ക് നിര്‍മ്മാണ വിദ്യ, റെയില്‍ സുരക്ഷാ സംവിധാനങ്ങളുടെ കൈമാറ്റം എന്നിവ സംബന്ധിച്ച കരാറുകളുണ്ടാകും. വ്യാവസായിക പാര്‍ക്കുകളുടെ നിര്‍മ്മാണ കരാറുകളും ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിലുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള 65 ബില്യണ്‍ ഡോളറിന്റെ വാണിജ്യബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇരു രാഷ്ട്രത്തലവന്മാരും തമ്മില്‍ ഒപ്പിടും. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള ഭാരതത്തിന്റെ വാണിജ്യനീക്കത്തിന് ആവശ്യമായ സഹായങ്ങളുറപ്പുവരുത്തുന്ന നടപടികളും ചര്‍ച്ചകളിലുണ്ടാകും. പുരാതനമായ തെക്കന്‍ സില്‍ക്ക് റൂട്ടിന്റെ പുനര്‍നിര്‍മ്മാണമെന്ന ലക്ഷ്യം ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശന ലക്ഷ്യത്തിലൊന്നാണ്. മ്യാന്മാര്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെക്കൂടി ബന്ധപ്പെടുത്തിക്കൊണ്ടുള്ള സില്‍ക്ക് റൂട്ട് പുനസ്ഥാപിക്കുന്നതോടെ വാണിജ്യക്കടത്ത് സുഗമമാകും. ചൈനയും മധ്യേഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് സില്റൂട്ടിന്റെ പുനസ്ഥാപനത്തിനു പിന്നില്‍. ഭാരതവും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തമാകുന്നത് തടയാന്‍ എന്തു വിട്ടുവീഴ്ചയും ചെയ്യണമെന്ന നിലപാട് ചൈനീസ് സര്‍ക്കാരിനുണ്ട്. ജപ്പാന് പ്രഖ്യാപിച്ചതിന്റെ ഇരട്ടിത്തുക വികസന പദ്ധതികളില്‍ മുടക്കാന്‍ ചൈന തയ്യാറായിട്ടുമുണ്ട്. അതിര്‍ത്തി പ്രശ്നമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള ചര്‍ച്ചയിലെ പ്രധാന ഭാഗമാണ്.അതിര്‍ത്തി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ പ്രശ്നങ്ങള്‍ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി കഴിഞ്ഞ ആഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവല്‍ ബീജിങിലെത്തി ചൈനീസ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: