ബീദാര്‍: ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂണിയനുമായി സംയോജിപ്പിക്കാനുള്ള ദൗത്യം ജവഹര്‍ലാല്‍ നെഹ്റുവിനു പകരം സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെയാണ് ഏല്‍പ്പിച്ചിരുന്നതെങ്കില്‍ ഇന്ന് കശ്മീര്‍ പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. കര്‍ണ്ണാടകത്തിലെ ബീദാറില്‍ ഗോര്ത്ത ബലിദാനികള്‍ക്കുള്ള സ്മാരകത്തിന്റെയും പട്ടേല്‍ പ്രതിമയുടെയും ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേക പദവിയെന്ന പേരില്‍ കശ്മീരിന് പ്രത്യേക നിയമങ്ങള്‍ നടപ്പാക്കേണ്ടിവന്നു, 370 ാം വകുപ്പ് നല്‍കേണ്ടിവന്നു. ജമ്മുകശ്മീരിന്റെ വലിയൊരു ഭാഗം വിഭജനത്തിനു ശേഷം പാക്കിസ്ഥാന് നല്‍കേണ്ടിയും വന്നു. മുന്നൂറിലേറെ നാട്ടുരാജ്യങ്ങളെയും ഹൈദരാബാദിനെയും ജൂനഗഡിനെയും ഇന്ത്യന്‍ യൂണിയനുമായി ലയിപ്പിക്കുന്നതില്‍ കടുത്ത നിശ്ചയ ദാര്‍ഡ്യവും ധൈര്യവും കാണിച്ച സര്‍ദാര്‍ പട്ടേലിനെ ജമ്മുകശ്മീരും ഏല്‍പ്പിച്ചിരുന്നെങ്കില്‍ കാശ്മീര്‍ പ്രശ്നം അന്നേ പരിഹരിച്ചേനെ. അമിത് ഷാ പറഞ്ഞു.
പട്ടേലിന് രാജ്യത്തോടുണ്ടായിരുന്ന പ്രതിബദ്ധത അപാരമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരും രാഷ്ട്രീയത്തില്‍ വരാത്തത് ഇതാണ് തെളിയിക്കുന്നത്. അവര്‍ ഇപ്പോള്‍ എന്തു ചെയ്യുകയാണെന്ന് ആര്‍ക്കും അറിയില്ല. പ്രഗല്ഭനായ അഭിഭാഷകനായിരുന്നിട്ടും മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ വെറും 150 രൂപയാണ് ഉണ്ടായിരുന്നത്.
കര്‍ണ്ണാടകത്തിലെ ജാലിയന്വാലാബാഗാണ് ഗോത്ര എന്ന ഗ്രാമം. അവിടെ ഹൈദരാബാദ് ഇന്ത്യന്‍ യൂണിയനൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയതിന് ഹൈദരാബാദ് നൈസാമിന്റെ ആള്ക്കാര് സ്ത്രീകളും കുട്ടികളും അടക്കം 200 ഗ്രാമീണരെയാണ് കൂട്ടക്കൊല ചെയ്തത്. 47ല്‍ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി പതിമൂന്നു മാസം കഴിഞ്ഞപ്പോഴാണ് ഈ പ്രദേശത്തിന് സ്വാതന്ത്ര്യം (നൈസാമിന്റെ ഭരണത്തില്‍ നിന്ന്) ലഭിച്ചത്.
സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതു വഴി മോദി പാക്കിസ്ഥാന് സമാധാനത്തിന്റെ ഒലിവിലയാണ് നീട്ടിയത്. എന്നാല്‍ പാക്കിസ്ഥാന് എന്നും നമ്മെ ചതിച്ചിട്ടേയുള്ളൂ. കശ്മീരിലെ ഒരു വിഭാഗം ഭാരത സൈന്യത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. സൈന്യം മടങ്ങിപ്പോകണമെന്നുവരെ അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രളയകാലത്ത് സൈന്യം നടത്തിയ മഹത്തായ സേവനം മനസിലാക്കിയ അവര്‍ ഇപ്പോള്‍ സൈന്യത്തെ സ്നേഹിക്കുന്നു. 3.2 ലക്ഷം പേരെയാണ് സൈന്യം പ്രളയത്തില്‍ നിന്ന് രക്ഷിച്ചത്. അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: