ന്യൂദല്‍ഹി: അതിര്‍ത്തി പുനര്‍ നിര്‍ണ്ണയത്തിന് ചൈനയുടെ അനുകൂല അഭിപ്രായം നേടാന്‍ സാധിച്ചത് മോദി- സീ ജിന്‍പിങ് കൂടിക്കാഴ്ച ശ്രദ്ധേയമാക്കി. ഭാരതവും ചൈനയും തമ്മിലുള്ള 3488 കിലോമീറ്റര്‍ അതിര്‍ത്തി രേഖയുടെ പുനര്‍നിര്‍ണ്ണയം അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. 2003ല്‍ ചൈനീസ് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി എ.ബി വാജ്പേയി സിക്കിമിനെ ഭാരതത്തിന്റെ ഭാഗമാക്കി ചൈനയെക്കൊണ്ട് അംഗീകരിപ്പിച്ചതിനു തുല്യമായ നേട്ടമാണ് നരേന്ദ്രമോദി ദല്‍ഹിയിലെ ഹൈദ്രാബാദ് ഹൗസില്‍ നേടിയത്.
ഭാരത-ചൈന ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന, ഹിമാലയന്‍ അതിര്‍ത്തികളിലെ കൃത്യമായ രേഖപ്പെടുത്തല്‍ മാത്രമാണ് പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗ്ഗമെന്ന് മോദി ചൈനീസ് പ്രസിഡന്റിനോട് തുറന്നുപറഞ്ഞു.
അയല്രാഷ്ട്രത്തലവന്മാരുടെ സന്ദര്‍ശന വേളയില്‍ അവര്‍ക്ക് അസ്വീകാര്യമായ വിഷയങ്ങള്‍ ഉന്നയിക്കാതിരിക്കുകയെന്ന പതിവിനു വിപരീതമായി അതിര്‍ത്തി പ്രശ്നം നരേന്ദ്രമോദി ശക്തമായി ഉന്നയിച്ചു. അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കണമെന്ന രാജ്യത്തിന്റെ നിലപാട് മോദി ചൈനീസ് പ്രസിഡന്റിനു മുന്നില്‍ വെച്ചു. ഇരു രാഷ്ട്രത്തലവന്മാരും ചര്‍ച്ച നടത്തിയ ദിവസം പോലും അതിര്‍ത്തിയില്‍ നടക്കുന്ന കടന്നുകയറ്റവും മോദി സീ ജിന്‍പിങിന്റെ മുന്നിലെത്തിച്ചു. ഇതിനുള്ള ഏക പരിഹാരമാര്‍ഗ്ഗം അതിര്‍ത്തി പുനര്‍നിര്‍ണ്ണയമാണ്, മോദി പറഞ്ഞു. അതിര്ത്തിയെപ്പറ്റിയുള്ള ധാരണകളാണ് പ്രശ്ന കാരണമെന്ന സീ ജിന്‍പിങിന്റെ മറുപടിയും അതിര്‍ത്തി സംബന്ധിച്ച പ്രശ്ന പരിഹാരത്തിന് ചൈന തയ്യാറാണെന്ന സന്ദേശം നല്കി.
സമീപകാലത്തെ ‘ഏറ്റവും വലിയ തലവേദന പിടിച്ച’ ജോലിക്കാണ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയമെന്ന നിലപാടിലൂടെ നരേന്ദ്രമോദി തുടക്കമിട്ടിരിക്കുന്നത്. ഹിമാലയത്തില്‍ നിന്നും ഭാരതത്തിലേക്ക് വെള്ളമൊഴുകുന്ന പ്രദേശങ്ങള്‍ ഭാരതത്തിന്റെയും ചൈനയിലേക്ക് വെള്ളമൊഴുകുന്ന പ്രദേശങ്ങള്‍ ചൈനയുടേതുമായി കണക്കാക്കുന്ന നിലവിലെ മക്മോഹന്‍ രേഖയില്‍ കൊടുമുടികളുടെ ഉടമസ്ഥാവകാശം കീറാമുട്ടിയായി നില്‍ക്കുകയാണ്. ഹിമാലയന്‍ കൊടുമുടികള്ക്കുവേണ്ടിയുള്ള ചൈനയുടെ ആഗ്രഹമാണ് മേഖലയിലെ തര്‍ക്കത്തിന്റെ പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: