പാമ്പാടി: വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി സുഹൃത്തിനും ഭാര്യയ്ക്കും വിദേശത്തേക്ക് പോകാന്‍ സഹായിച്ച പഞ്ചായത്ത് ജീവനക്കാരനെ പോലീസ് അന്വേഷിച്ചുവരുന്നു. പാമ്പാടി ഗ്രാമപഞ്ചായത്ത് സൂപ്രണ്ട് വിനു മാത്യുവിനെതിരെയാണ് വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളുടെ സുഹൃത്തായ കൊങ്ങാണ്ടൂര്‍ മരുതോര് വീട്ടില്‍ ടോംസി എം. ജോസിനും ഭാര്യ കരിങ്കുന്നം പാറ്റാടിയില് വീട്ടില്‍ അജി ഫിലിപ്പിനും ഇറ്റലിയ്ക്ക് പോകാന്‍ ഫാമിലി വിസ ലഭിക്കുന്നതിന് എമ്പസിയില്‍ ഹാജരാക്കിയ വിവാഹ രേഖകളാണ് വ്യാജമായി കണ്ടെത്തിയിട്ടുള്ളത്.
ഇവര്‍ വെള്ളൂര്‍ സെന്റ് സൈമ ണ്‍സ് പള്ളിയില്‍ വിവാഹിതരായതായി പള്ളിയുടെ വ്യാജ ലെറ്റര്‍പാഡില്‍ രേഖയുണ്ടാക്കുകയും പിന്നീട് വിവാഹസര്‍ട്ടിഫിക്കറ്റിനായി പാമ്പാടി ഗ്രാമപഞ്ചായത്തില്‍ അപേക്ഷിക്കുകയും ഈ സമയം പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന വിനു മാത്യു വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്ത തായാണ് അറിയുന്നത്. എംബസിയില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയിട്ടാകാം അവര്‍ കേരള പോലീസിലേയ്ക്ക് വേരിഫിക്കേഷനായി അയയ്ക്കുകയും ചെയ്തു. ഇത് പാമ്പാടി സിഐയുടെ ഓഫീസില്‍ അന്വേഷണത്തിനെത്തുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവാഹരേഖകള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന് മനസിലാകുകുയം ചെയ്തു.
പഞ്ചായത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നല്‍കിയശേഷം രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും കണ്ടെത്തി. വ്യാജമായി വിവാഹരേഖകള്‍ ചമച്ചതിനും ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തതിനുമാണ് കേസ്. കേസ് പാമ്പാടി പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: