എരുമേലി: യുഡിഎഫ് ഭരിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്ത് ഭരണ അനശ്ചിതത്വത്തിനെതിരെ ഘടകകക്ഷിയായ മുസ്ലീംലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗിന്റെ പോസ്റ്റര്‍ പ്രതിഷേധം. പഞ്ചായത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്ന വിവിധ പദ്ധതികള്‍ നാളിതുവരെയായി തുറന്നുകൊടത്തില്ലെന്നാരോപിച്ചാണ് യൂത്ത്ലീഗ് രംഗത്തെത്തിയിരിക്കുന്നത്. ആയുര്‍വ്വേദ ആശുപത്രി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വികസനം, കവുങ്ങുംകുഴിയിലെ മാലിന്യ സംസ്കരണ പ്ലാന്റ്, വൃദ്ധസദനം എന്നിവ രാഷ്ട്രീയ ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ പഞ്ചായത്തധികൃതര്‍ തുറന്നുകൊടുക്കാതെ അനാസ്ഥ കാട്ടുകയാണെന്നും ലീഗ്നേതാക്കള്‍ പറയുന്നു. എന്നാല്‍ യൂത്ത്ലീഗ് ഉന്നയിച്ച പല പദ്ധതികളും മുസ്ലീംലീഗിന്റെ അംഗങ്ങള്‍ വിജയിച്ച വാര്‍ഡുകളില്‍ തന്നെയാണെന്നതും വിചിത്രമാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ തുറന്നുകൊടുക്കാനുള്ള യാതൊരു വിധ സമ്മര്‍ദ്ദവും കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് ചെയ്യുന്നില്ലെന്നും പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് ധനസഹായത്തോടെ നിര്‍മ്മിച്ചു നല്കിയ ആയുര്‍വ്വേദാശുപത്രിക്ക് വെള്ളവും വൈദ്യുതിയും നല്കിയാല് ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറും. രണ്ടു കോടി രൂപയുടെ വലിയ പദ്ധതിയായ ബസ്സ്റ്റാന്‍ഡ് വികസനം ലോട്ടറി കച്ചവടം പോലെ നാളെ നാളെ നീങ്ങാന്‍ തുടങ്ങിയിട്ട് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭരണത്തിലേറുന്നവര്‍ ഉദ്ഘാടനം ചെയ്തും അറ്റകുറ്റപ്പണി നടത്തിയും വര്‍ഷംതോറും ലക്ഷങ്ങള്‍ ചെലവഴിക്കുന്ന കുവുങ്ങുംകുഴിയിലെ മാലിന്യ സംസ്കരണ പ്ലാന്റും കാടുകയറിത്തുടങ്ങി. നിര്‍മ്മാണം പൂര്‍ത്തിയാക്കി നടത്തിപ്പിനെക്കുറിച്ചുള്ള കടുത്ത ആലോചനയാണ് വൃദ്ധസദനം കാടുകയറാന്‍ കാരണമായത്. വൃദ്ധസദനം സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വിഭാഗത്തില്‍പെടുന്ന ഏതെങ്കിലും വകുപ്പിന് വിട്ടുകൊടുക്കാനുള്ള ഏതെങ്കിലും വകുപ്പിന് വിട്ടുകൊടുക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നതായാണ് പഞ്ചായത്തംഗങ്ങള്‍ തന്നെ പറയുന്നത്. ത്രിതല പഞ്ചായത്തിന്റേതടക്കം സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഈപദ്ധതികള്‍ ഉദ്ഘാടനം ചെയ്യണമെങ്കില്‍ പ്രോട്ടോകോള്‍ പ്രകാരം ചില നേതാക്കളെ വിളിക്കേണ്ടി വരുമെന്നും അത് ഒവിവാക്കാനാണ് കോണ്‍ഗ്രസ് ഭരണ നേതാക്കള്‍ പദ്ധതികളില്‍ കൈതൊടാതെ ഇരിക്കുന്നതെന്നും കോണ്‍ഗ്രസുകാര്‍ അടക്കംപറയുന്നു. എരുമേലിയിലെ കൃഷിഭവന് മാറ്റത്തോടനുബന്ധിച്ച് ഉണ്ടായ ചില വിവാദങ്ങള്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ചില്ലറ പിണക്കത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍ എരുമേലിയുടെ വികസനത്തിന് താന്‍ തയ്യാറായിട്ടും ചില നേതാക്കള്‍ അതിനെ അട്ടിമറിക്കുകയാണെന്ന പി.സി. ജോര്‍ജ് എംഎല്‍എയുടെ പ്രഖ്യാപനം കോണ്‍ഗ്രസിലും ഗ്രൂപ്പ് യുദ്ധത്തിന് വഴിതെളിച്ചിരിക്കുന്നു. എരുമേലിയുടെ വികസനം അനിശ്ചിതത്വത്തിലാണെന്ന മുസ്ലീംലീഗിന്റെ പോസ്റ്റര്‍ പ്രതിഷേധം പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: