കോട്ടയം: വിദ്യയുടെ അധിഷ്ഠാന ദേവതയായ ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീക്ഷേത്രം അടക്കമുള്ള ജില്ലയിലെ ക്ഷേത്രങ്ങളില്‍ നവരാത്രി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം കൊപ്രത്ത് ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ 25 മുതല്‍ നവദുര്‍ഗ്ഗാ നവാഹച്ചാര്ത്തും നവരാഗ സംഗീതോത്സവവും നടക്കും. ദുര്‍ഗ്ഗാഭഗവതിയുടെ ഒന്‍പതു ഭാവങ്ങളായ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡ, കുശ്മാണ്ഡ, സ്കന്ദമാതാ, കാര്‍ത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധദാത്രി എന്നീ ഭാവങ്ങളിലാണ് അവതാരച്ചാര്‍ത്ത് അണിയിക്കുന്നത്. നവരാത്രി ദിവസങ്ങളില്‍ വൈകിട്ട് 5.30നാണ് അവതാര ദര്‍ശനം. ഈ സമയത്ത് തന്നെയാണ് നവരാഗസംഗീതാര്ച്ചനയും നടക്കുന്നത്. ക്ഷേത്രം മേല്‍ശാന്തിയും ചുമര്ചിത്രകലാകാരനുമായ സുമേഷ് നാരായണന് നമ്പൂതിരിയാണ് അവതാരച്ചാര്‍ത്ത് അണിയിച്ചൊരുക്കുന്നത്.
പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ഭാഗവത സപ്താഹയജ്ഞം 24ന് ആരംഭിക്കും. ശ്രീഗുരുവായൂരപ്പന് പുരസ്കാര ജേതാവ് ചേര്‍ത്തല ബാലചന്ദ്രന് യജ്ഞചാര്യനാകും. മഹാനവമി ദിനമായ ഒക്ടോബര്‍ 2ന് സംഗീതാരാധനയും നടക്കും.
പൊന്‍കുന്നം മേജര്‍ ചെറുവള്ളി ശ്രീദേവിക്ഷേത്രത്തിലും നവരാത്രി ആഘോഷപരിപാടികള്‍ 25ന് ആരംഭിക്കും. 3നാണ് വിദ്യാരംഭം.
ഒളശ്ശ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ നവരാത്ര മഹോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. സരസ്വതി മണ്ഡപത്തില്‍ ദീപാരാധന, ഭക്തിഗാനസുധ, നൃത്തനൃത്യങ്ങള്‍ എന്നിവയും നടക്കും. 4ന് രാവിലെ 9.59ന് വിദ്യാരംഭം, വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന എന്നിവ നടക്കും.
പൊന്‍കുന്നം പനമറ്റം ശ്രീഭഗവതി ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞം 23ന് ആരംഭിക്കും. ശിവ അഷ്ടോത്തരാര്‍ച്ചന, ഭദ്ര അഷ്ടോത്തരാര്‍ച്ചന, മഹാകാളിപൂജ, ധന്വന്തരി സമൂഹാര്‍ച്ചന, ചണ്ഡികാഹോമം, സര്‍വ്വൈശ്വര്യപൂജ, ഗായത്രിഹോമം, സുകൃതഹോമം, നവഗ്രഹപൂജ, നീരാജനം, ശനീശ്വരപൂജ, നവാക്ഷരീഹോമം, കുമാരിപൂജ, മഹാമൃത്യുഞ്ജയ ഹോമം, നാരങ്ങാവിളക്ക്, സുവാസിനിപൂജ, സപ്തമാതൃപൂജ, വിദ്യാഗോപാലമന്ത്രാര്‍ച്ചന എന്നീ ചടങ്ങുകള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും.
പാലാ ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തില്‍ 25മുതല്‍ ഒക്ടോബര്‍ 3വരെ നവരാത്രി ആഘോഷം നടക്കും. അമൃതാന്ദ സരസ്വതി സ്വാമിനിയുടെ നേതൃത്വത്തില്‍ ദേവീഭാഗവത വിജ്ഞാനയജ്ഞം നടക്കും. യജ്ഞത്തിന് 24ന് 6മണിക്ക് ഈശ്വരന് നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ. എന്‍.കെ. മഹാദേവന് അദ്ധ്യക്ഷത വഹിക്കും. ദിവസവും രാവി ലെ 7ന് വിദ്യാര്‍ത്ഥികള്‍ക്ക് പൂജിച്ച ഔഷധഘൃതം നല് കും. ഒക്ടോബര്‍ ഒന്നിന് വൈകിട്ട് പൂജവയ്പ്, ഒക്ടോബര്‍ 2ന് സമൂഹവിദ്യാഗോപാലമന്ത്രാര്ച്ചന, കുമാരിപൂജ എന്നിവ നടക്കും.
ഒക്ടോബര്‍ 3ന് രാവിലെ 7ന് പൂജയെടുപ്പിനുശേഷം ഗുരുക്കന്മാര് കുട്ടികളെ എഴുത്തിനിരുത്തും. വാണിവന്ദനം, സംഗീത നൃത്താര്‍ച്ചന, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥ്, ഗായത്രി സുരേഷ് തുടങ്ങിയവര്‍ നയിക്കും. ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, സാരസ്വതഘൃത വിതരണം എന്നിവ നടക്കും.
ഇടമറ്റം വിശ്വഹിന്ദു ഭജന സമിതി, അംബിക ഭജന സമിതി, ജാനകി ബാലികാശ്രമം എന്നിവരുടെ ഭജനാര്‍ച്ചനയും നടക്കും.
നെത്തല്ലൂര്‍ ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വേദത്രയ മഹായജ്ഞം നടത്തും. 23 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് യജ്ഞം. താന്ത്രിക ആചര്യനായ വടക്കാഞ്ചേരി ആവണപ്പറമ്പ് ഇല്ലത്ത് പ്രദീപ് നമ്പൂതിരിയും ഒന്‍പത് വൈദിക ശ്രേഷ്ഠരും ഈ യജ്ഞത്തില്‍ പങ്കെടുക്കും. കൈമുക്ക് രാമന് അക്കിത്തിരി, ചെറുമുക്ക് വല്ലഭന് അക്കിത്തിരി, തോട്ടം കൃഷ്ണന് നമ്പൂതിരി, നാറാത്ത് പരമേശ്വരന് നമ്പൂതിരി എന്നീ വേദപണ്ഢിതര് യജ്ഞത്തിനും ഹോമാദി പൂജാകര്‍മ്മങ്ങള്‍ക്കും മുഖ്യകാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: