കോട്ടയം: ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് 88.42 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്പില്‍ ഓവര്‍ പദ്ധതികളടക്കം പൊതുവിഭാഗത്തില്‍ 602 പദ്ധതികളും പട്ടികജാതി വിഭാഗത്തിനായുള്ള പ്രത്യേക ഘടക പദ്ധതി പ്രകാരം 132 പദ്ധതികളും പട്ടികവര്‍ഗ്ഗ ഉപപദ്ധതി പ്രകാരം 22 പദ്ധതികളുമാണ് ഈ വര്‍ഷം നടപ്പാക്കുന്നത്. ഉത്പാദനമേഖലയില്‍ 44 പദ്ധതികള്‍ക്കായി വിവിധ ഇനങ്ങള്‍ ഉള്‍പ്പെടുത്തി 4.42 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 240 പ്രാഥമിക പാലുല്പാദന സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി 37.80 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. കൊയ്ത്തുമെതി യന്ത്രങ്ങളുടെയും കാര്‍ഷിക യന്ത്രങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കായി 17ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള 221 സ്കൂളുകളില്‍ ഗുരുകുലം പദ്ധതി നടപ്പാക്കും. പട്ടികജാതി കോളനികളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് 185.62 ലക്ഷം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. റോഡു വികസനത്തിനായി 2125.12 ലക്ഷം രൂപ അടങ്കലുള്ള പദ്ധതിയാണുള്ളത്. ഇതിലൂടെ 264 റോഡുകള്‍ വികസിപ്പിക്കാനാകും. സ്പോര്‍ട്സ് താരങ്ങള്‍ക്കുവേണ്ടിയുള്ള ശ്രേഷ്ഠ പദ്ധതി എന്ന ആയുര്‍വേദ പാക്കേജ് ഈ വര്‍ഷം നടപ്പാക്കും. പ്രമേഹരോഗികളുടെ പ്രത്യേക പരിചരണത്തിനുള്ള പൂര്‍ണശ്രീ പദ്ധതിയും ജില്ലാപഞ്ചായത്തിന്റെ മുന്നിലുണ്ട്. ജില്ലയിലെ വിവിധ അംഗന്വാടികളോടനുബന്ധിച്ച് കുമാരീകേന്ദ്രങ്ങള് ആരംഭിക്കുന്നതിന് 2.3 കോടിരൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചതായും ജില്ലാ പ്രസിഡന്റ് പറഞ്ഞു. പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഉഷാ വിജയന്, ജോസ് പുത്തന്‍കാലാ, ഫിന്‍സ് ഓഫീസര്‍ രാജന് പി.ആര് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: