വെള്ളൂര്‍: വെള്ളൂരിലെ പൊതുപ്രവര്‍ത്തനരംഗത്തെ സൗമ്യസാന്നിദ്ധ്യമായിരുന്ന ബി. രാമറാവു ഓര്‍മ്മയായി. വികസന പ്രവര്‍ത്തന രംഗത്ത് കര്‍മ്മനിരതനായ രാമറാവു പൊതുരംഗത്തെ വ്യത്യസ്തമുഖമായിരുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ മുഖ്യസംഘാടകനായരുന്നു അദ്ദേഹം. ചെറുകര പാലം നിര്‍മ്മാണം ആദ്യ ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി ആരംഭിക്കുമ്പോള്‍ അതിന്റെ മുഖ്യസംഘാടകന്‍ ആയിരുന്നു. ഇപ്പോള്‍ പൊതുമരാമത്ത് ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കിയ പാലത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 4ന് നടക്കുമ്പോള്‍ അതിന്റെ സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി രാമറാവുവിനെ നിശ്ചയിക്കാന്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഉദ്ഘാടനവേദിക്കുള്ള സ്ഥലം കണ്ടെത്തി ആ വിവരം കെ. അജിത്ത് എംഎല്‍എ വിളിച്ചറിയിക്കുന്നത് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു. യാഥാര്‍ത്ഥ്യമായ ചെറുകര പാലം വഴിയുള്ള രാമറാവുവിന്റെ ആദ്യയാത്ര തിരിച്ചുവരവില്ലാത്തതായി എന്നത് വെള്ളൂരിലെ പൊതുസമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പ്രയാസമായി.
വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ വല്ലയില്‍ മഠത്തില്‍ ബാലകൃഷ്ണ എമ്പ്രാന്റെ മകനാണ് അദ്ദേഹം. എം.ടെക് ബിരുദ ധാരിയായ അദ്ദേഹം പാലക്കാട് ഫ്ളൂയിഡ് കണ് ട്രോള്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഉയര്‍ന്ന ഉദ്യോഗം രാജിവച്ച് പിതാവിന്റെ കാര്‍ഷിക മേഖലയിലെ സഹായിയും വെള്ളൂരിന്റെ പൊതുരംഗത്തും സജീവമായി. ഭാര്യ: വീണ. മക്കള്‍: പ്രവീണ്‍ (ഭുവനേശ്വര്‍ ഐടിഐ വിദ്യാ ര്‍ത്ഥി), ആര്. ലക്ഷ്മി (പ്ലസ്ടു വിദ്യാര്‍ത്ഥിനി, ഭാവന്‍സ് വെള്ളൂര്‍).
എംഎല്‍എമാരായ കെ. അജിത്, മോന്‍സ് ജോസഫ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. ടി.കെ. ഹരികുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി ശശീന്ദ്രന് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: