തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുന്ന ഭാഗപത്ര ഓര്‍ഡിനന്‍സിന് അംഗീകാരവും നല്കി. ഭൂമി കൈമാറ്റം നടക്കുമ്പോള്‍ ലഭിക്കുന്ന വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ന്യായവില വര്‍ദ്ധിക്കുമ്പോള്‍ ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും ആനുപാതികമായി വര്‍ദ്ധിക്കും. സര്‍ക്കാര്‍ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ന്യായവില വര്‍ധിപ്പിച്ച് ഭൂമി രജിസ്ട്രേഷനിലൂടെ അധികവരുമാനം ലക്ഷ്യമിടുന്നത്. ഇതിലൂടെ 500 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ഭൂമി കൈമാറ്റത്തിന് നികുതി ഏര്‍പ്പെടുത്തുന്ന ഭാഗപത്ര ഓര്‍ഡിനന്‍സിനും മന്ത്രിസഭ അംഗീകാരം നല്കി. നിലവില്‍ കുടുംബാംഗങ്ങള്‍ ഭൂമി കൈമാറുമ്പോള്‍ 1,000 രൂപ ഫീസ് നല്‍കിയിരുന്നതാണ് ആനുപാതിക നികുതി ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച് ചില എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭ തീരുമാനം മാറ്റിവച്ചിരിക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് അനുസരിച്ച് പാര്‍ട്ടിഷന്‍, റിലീസ് വിഭാഗങ്ങളില്‍ മൊത്തം മൂല്യത്തിന്റെ ഒരു ശതമാനവും ഗിഫ്റ്റ്, സെറ്റില്‍മെന്റ് വിഭാഗങ്ങളില്‍ രണ്ടു ശതമാനവുമാണ് നികുതി ഈടാക്കുക. നിലവില്‍ ഭാഗാധാരം, കൂട്ടവകാശ ഒഴിവുകുറി എന്നീ ആധാരങ്ങള്‍ക്ക് ഒരുശതമാനം മുദ്രവിലയോ പരമാവധി 1000 രൂപയോ, ഒരു ശതമാനമോ പരമാവധി 25,000 രൂപയോ ഫീസും ആണ്. വിലനിശ്ചയാധാരങ്ങള്ക്ക് രണ്ടു ശതമാനമോ പരമാവധി 1000 രൂപ മുദ്രവിലയും ഒരു ശതമാനമോ പരമാവധി 25,000 രൂപയോ ഫീസും ആണ്. ഇതിനു മാറ്റം വരുത്തുകയും ന്യായവില വര്‍ധിപ്പിക്കുകയും ചെയ്യുന്നത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടിന് ഇടവരുത്തും.
ഭൂമിയുടെ വില കുറച്ചുകാണിച്ചുള്ള രജിസ്ട്രേഷന് അവസാനിപ്പിക്കാനാണ് ന്യായവില പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയത്. വര്ഷങ്ങളെടുത്ത നടപടികള്‍ക്കൊടുവില്‍ 2010-ലാണ് സര്‍ക്കാര്‍ ന്യായവില പട്ടിക തയ്യാറാക്കിയത്. നിലവിലുള്ള ന്യായവില പട്ടിക പൂര്‍ണമല്ലെന്ന് നേരത്തെതന്നെ പരാതി ഉയര്‍ന്നതാണ്.
ഇതോടെ ഭൂമി രജിസ്റ്റര്‍ ചെയ്യല്‍ സാധാരണക്കാര്‍ക്ക് കടുത്ത ഭാരമായി മാറും. വിവിധ വില്ലേജുകളിലെ ലിസ്റ്റ് പരിശോധിച്ചാല്‍ മുഴുവന്‍ വസ്തുക്കളുടെയും ന്യായവില നിശ്ചയിച്ചതായി കാണുന്നില്ല. നല്ല വില കിട്ടുന്ന സ്ഥലങ്ങളെ കുറഞ്ഞ വിലയുള്ള പട്ടികയിലും കുറഞ്ഞ വിലയുള്ള വസ്തുക്കളെ കൂടിയ വിലയുള്ള പട്ടികയിലും ചേര്‍ത്തിരിക്കുന്നതായും കാണാം. നിലങ്ങളെ പുരയിടമാക്കിയും പുരയിടങ്ങളെ നിലമാക്കിയും വില നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ പരാതികള്‍ നിറഞ്ഞ പട്ടികയിലാണ് പരിഹാരം കാണാതെ വീണ്ടും വര്‍ധന വരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: