ന്യൂദല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു യാത്ര ചെയ്യുന്നതിനായി പകരം തയ്യാറാക്കി നിര്‍ത്തിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഗ്രനേഡ് കണ്ടെത്തി.
സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് കവര്‍ ഗ്രനേഡായി തെറ്റിദ്ധരിക്കുകയായിരുന്നെന്ന എയര്‍ ഇന്ത്യയുടെ വിശദീകരണം തള്ളിക്കൊണ്ട് സ്റ്റെന്‍ ഗ്രനേഡാണ് വിമാനത്തില്‍ നിന്ന് കണ്ടെത്തിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു സ്ഥിരീകരിച്ചു. മോക് ഡ്രില്ലിന്റെ ഭാഗമായി ഉപയോഗിച്ച ശേഷം മറന്നുവെച്ച ഗ്രനേഡായിരിക്കാമെന്നും ഗ്രനേഡില്‍ ബിഎസ്എഫിന്റെ പേരു രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രവ്യോമയാന മന്ത്രി പറഞ്ഞു.
സപ്തംബര്‍ 24നും 27നും ഇടയ്ക്കുള്ള തീയതികളില്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ എന്‍എസ്ജി കമാണ്ടോകള്‍ മോക് ഡ്രില്‍ നടത്തിയിരുന്നു. ഇതിനിടയില്‍ മറന്നുവെച്ചതാകാം ഗ്രനേഡെന്നാണ് സംശയം. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതല്ല സംഭവമെന്നും വലിയ പ്രഹരശേഷിയുള്ളതല്ല കണ്ടെത്തിയ ഗ്രനേഡെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. എയര്‍ ഇന്ത്യയുടെ മുംബൈ, ഹൈദ്രാബാദ് സുരക്ഷാ മാനേജര്‍മാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. മോക് ഡ്രില്ലിന്റെ ഭാഗമായി വെച്ച ഗ്രനേഡ് മറന്നുപോവുകയായിരുന്നെന്ന വാര്‍ത്ത എയര്‍ ഇന്ത്യ നേരത്തെ നിഷേധിച്ചിരുന്നു.
എയര്‍ ഇന്ത്യയുടെ ബോയിംഗ് 747-400 വിമാനത്തിലാണ് പരിഭ്രാന്തി പരത്തി ഗ്രനേഡ് കണ്ടെത്തിയത്. മോദിയുടെ സന്ദര്‍ശനം പൂര്‍ത്തിയായി മടങ്ങിയെത്തിയ ശേഷമാണ് ന്യൂദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ അഞ്ചുദിവസത്തോളം പകരം തയ്യാറാക്കി വെച്ച ബോയിംഗ് വിമാനം മുംബൈ-ഹൈദ്രാബാദ്- ജിദ്ദ റൂട്ടില്‍ സര്‍വ്വീസിന് അയച്ചത്. ജിദ്ദ വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ ബിസിനസ് ക്ലാസിലാണ് സുരക്ഷാ പരിശോധനക്കിടെ ഗ്രനേഡ് കണ്ടെത്തിയത്.
സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ ജോയിന്റ് മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തില്‍ സുരക്ഷാ ചുമതലയുള്ള വ്യോമയാന ജോയിന്റ് കമ്മീഷണര്‍ അന്വേഷിക്കും. വിമാനം ജിദ്ദയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തൃപ്തി വരുത്തിയതായും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: