മുംബൈ: ശിവസേന തലവന്‍ ബാല്‍ താക്കറെയോടുള്ള ബഹുമാനം കൊണ്ടാണ് ശിവസേനയ്ക്കെതിരെ ഒരു വാക്കു പോലും പറയാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
25 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചിട്ടും ശിവസേനയ്ക്കെതിരെ ഒരു വാക്കു പോലും പറയാത്തത് എന്തുകൊണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ തിരക്കുന്നുണ്ട്. എന്നാല്‍ അതിന് കാരണം അന്തരിച്ച ശിവസേന തലവന്‍ ബാല്‍ താക്കറെയോടുള്ള ബഹുമാനമാണെന്നും മോദി പറഞ്ഞു. താക്കറെയുടെ സന്നിധ്യമില്ലാത്ത ആദ്യത്തെ വോട്ടെടുപ്പാണിത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോദി
രാഷ്ട്രീയത്തിനും മുകളില്‍ ചില കാര്യങ്ങളുണ്ട്, വികാരങ്ങളുമുണ്ട്. അതൊന്നും രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കാനാവില്ല. ടാസ്ഗാവില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറിനെയും മോദി വിമര്‍ശിച്ചു. ഒരു മറാത്ത നേതാവിന്റെ നേതൃഗുണം ഇല്ലാത്തയാളാണ് പവാറെന്ന് പറഞ്ഞ മോദി, മഹാരാഷ്ട്രയിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ കേന്ദ്ര കൃഷിമന്ത്രി ആയിരിക്കെ അദ്ദേഹം ശ്രമിച്ചില്ലെന്നും കുറ്റപ്പെടുത്തി. ശിവജിയുടെ ഗുണഗണങ്ങള്‍ പവാറിന് കിട്ടുമെന്ന് തോന്നുന്നില്ല; എന്നാല്‍ അദ്ദേഹത്തിന്റെ ജലസേചന നയങ്ങള്‍ പവാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു എന്നും മോദി ചൂണ്ടിക്കാട്ടി.
ശിവാജി സൂററ്റിലെ നിധി കൊള്ളയടിച്ചു എന്ന് പവാറിന്റെ പരാമര്‍ശത്തെയും മോദി വിമര്‍ശിച്ചു. 1960ല്‍ മഹാരാഷ്ട്ര രൂപപ്പെടുന്നതിനുമുമ്പ് ഗുജറാത്ത് അതിന്റെ ഭാഗമായിരുന്നു. മഹാരാഷ്ട്രയെ മുതിര്‍ന്ന സഹോദരനെപ്പോലെയാണ് ഗുജറാത്തിലുള്ളവര്‍ കണ്ടിരുന്നത്. പവാറിന്റെ വാക്കുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നും മോദി പറഞ്ഞു.
കാര്‍ഗിലില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കുവേണ്ടി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ തട്ടിയെടുത്തത് ആരാണെന്ന് അദ്ദേഹം ചോദിച്ചു. പഞ്ചസാര ഫാക്ടറികള്‍ അടഞ്ഞുകിടക്കുന്നതിനെക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ് മുംബയ് വിമാനത്താവളത്തിന് ശിവജിയുടെ പേര് നല്‍കിയത്. വിക്ടോറിയ ടെര്‍മിനസിനെ ഛത്രപതി ശിവജി ടെര്‍മിനസ് എന്ന് പുനര്‍നാമകരണം ചെയ്തതും വാജ്പേയി സര്‍ക്കാരാണെന്ന് മോദി ഓര്‍മിപ്പിച്ചു.
മഹാരാഷ്ട്രയില്‍ ബി ജെ പിയും ശിവസേനയും തമ്മിലുണ്ടായിരുന്ന 25 വര്‍ഷം നീണ്ട സഖ്യം അടുത്തിടെയാണ് തകര്‍ന്നത്. സീറ്റ് പങ്കിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സഖ്യം തകര്‍ത്തത്. ഒക്ടോബര്‍ 15നാണ് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: