അങ്ങനെ കലോത്സവം എന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവം കോഴിക്കോട്ട് സമാപിച്ചു. കലാമാമാങ്കം എന്നാണല്ലോ ആലങ്കാരികമായി പറഞ്ഞു വരുന്നത്. വാസ്തവത്തില്‍ കലയെ ഗളഹസ്തം ചെയ്തുകൊണ്ടുള്ള അങ്കം തന്നെയാണ് നടന്നതെന്ന് ആര്‍ക്കും അറിവുള്ളതുതന്നെ. അര്‍ഹതപ്പെട്ടവര്‍ക്ക് അംഗീകാരവും അംഗീകാരത്തിന്റെ തട്ടിലേക്ക് എത്താന്‍ ഏറെ ക്ലേശവും വേണ്ടിവരുന്നുവെന്ന് ഓരോവര്‍ഷവും നാമറിയുന്നു. അടുത്ത കൊല്ലം ശരിയാക്കാമെന്ന ആശ്വാസത്തിന്റെ കൊമ്പില്‍ പിടിച്ച് വീണ്ടും യാത്ര. ഓരോ വര്‍ഷവും എല്ലാം പഴയപടി. അപ്പീല്‍, ഹയര്‍ അപ്പീല്‍ തുടങ്ങി നാടന്‍ അപ്പീലില്‍ വരെ കാര്യങ്ങള്‍ എത്തി നില്ക്കുന്നു. ചുരികത്തലപ്പും ഉറുമിപ്പയറ്റും നിറഞ്ഞ മാമാങ്കത്തിലെ ഗതി കിട്ടാത്ത ആത്മാവുകള്‍ കലോത്സവത്തിലെ ഓരോ സ്റ്റേജിലും സ്റ്റേജിന് പിറകിലും പാറി നടക്കുന്നു. ആ അസ്വസ്ഥാത്മാക്കളുടെ താണ്ഡവത്തിന് പക്കമേളമൊരുക്കാന്‍ ഇപ്പോള്‍ പുതിയൊരുകൂട്ടരും കൂടി രംഗത്ത്. അവരാണ് സഹൃദയരേ നമ്മുടെ ഇപ്പോഴത്തെ പൊന്നോമനകള്‍.
നീളന്‍ കൊമ്പും കോപ്രായവും ലോകം ഞങ്ങളുടെ കൈയിലെന്ന വിവരക്കേടുമായി കലോത്സവത്തിന്റെ മുഖ്യ വേദിയില്‍ തിറയാട്ടം നടത്തുന്ന ഇക്കൂട്ടര്‍ക്കായിരുന്നു ഇത്തവണത്തെ (പലതവണത്തെയും) കലോത്സവത്തിന്റെ നടത്തിപ്പ്. എന്റെ കുഗ്രാമത്തിലെ (പഴയ) കണാരേട്ടന് അവര്‍ക്കായി കലോത്സവത്തെ സമര്‍പ്പിച്ചുകൊണ്ട് പേര് ഇങ്ങനെയാക്കി. ചാനലോത്സവം. കലയെ നെഞ്ചിലേറ്റി ആയിരങ്ങള്‍ വേദിയിലെ കലാകുസുമങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഡയനാമിറ്റ് പൊട്ടിയ പ്രതീതിയുമായി തൊട്ടുമുമ്പില്‍ ചാനല്‍ ചുള്ളന്മാര്(ചുള്ളികളും) തിറയാട്ടം നടത്തുന്നു. അവരുടെ താളത്തിനു തുള്ളാന്‍ കുറെ വമ്പന്മാരും. നാട്ടുമ്പുറത്തെ കണാരേട്ടനും ജാനു ഏടത്തിയും വണ്ടിക്കാശ് നുള്ളിപ്പെറുക്കിയുണ്ടാക്കി നഗരത്തില്‍ വന്ന് കുട്ടികളുടെ കലാപ്രകടനത്തില്‍ മുങ്ങി നിവരാമെന്ന് കരുതിയെങ്കില്‍ തെറ്റി. അവരെയൊക്കെ ചൂതാട്ടപ്പുരയിലേക്ക് ആകര്‍ഷിക്കുന്നതുപോലെ ചാനല്‍ കൂടാരത്തിനു മുമ്പിലേക്ക് മോഹിപ്പിച്ച് കൊണ്ടുപോകുന്നു. ഇതാണ് സ്ഥിതിയെങ്കില്‍ എന്തിനാണിങ്ങനെ കൊട്ടിഘോഷിച്ചു കൊണ്ട് നമുക്കൊരു ഉത്സവം? കൗമാരകലകളുടെ കൂമ്പില്‍ തീകോരിയിടാനുള്ള ശ്രമത്തിന് മാധ്യമസംസ്കാരത്തിന്റെ മേമ്പൊടിയിട്ടുള്ള വഷളന്‍ വിളമ്പല്‍ എന്നല്ലേ പറയേണ്ടത്. കോഴിക്കോട്ടെ പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഇതൊന്നും അവസാനിപ്പിക്കാന്‍ അറിയാഞ്ഞിട്ടല്ല. എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരുമ്പോഴേക്കും മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി ചൂണ്ടിക്കാട്ടി പ്രശ്നമുണ്ടാക്കും. ശരിയാണ്, എന്ത് വഷളത്തം ചെയ്താലും അതിനു മുന്നാമ്പുറത്തും പിന്നാമ്പുറത്തും പ്രസ് എന്ന് ഒട്ടിച്ചുവെച്ചാല്‍ കാര്യം കുശാല്‍. ചാനല്‍ ചുള്ളന്മാര്ക്ക് കാര്യം അറിഞ്ഞുകൂടെങ്കില്‍ വെളിവുള്ള വിദ്വാന്മാരില് ആരെങ്കിലും ചിലര്‍ തലപ്പത്തുണ്ടാവുമല്ലോ. അടുത്ത കലോത്സവം ആവുമ്പോഴേക്കെങ്കിലും ഇത്തരം കൊലാപരിപാടികള്‍ അവസാനിപ്പിക്കാനുള്ള വിദ്യകള്‍ ടിയാന്മാര്ക്ക് ഒന്നു പറഞ്ഞു കൊടുക്കണം. കൊലപാതക കേസില്‍ കുത്തിക്കൊന്നവന് അപൂര്‍വമായേ ഒന്നാം പ്രതിയാകാറുള്ളു എന്നതും കൂടി ഓര്‍ത്തുവെച്ചാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവത്തെ നമുക്ക് ആഗോള സുന്ദര ഉത്സവമാക്കാം. ഇത്രയും പറഞ്ഞതില്‍ മുഷിവു തോന്നിയെങ്കില്‍ ഇതിനേക്കാള്‍ ഭീകരമായത് പറയാതിരുന്നതാണെന്നുകൂടി കരുതിക്കൊള്ളു.
കല കലയ്ക്കുവേണ്ടിയെന്നും കലയില്‍ കാരുണ്യമുണ്ടാവണമെന്നും ഒക്കെ പറയുമ്പോഴും കല മനുഷ്യനെ ഏതൊക്കെ തരത്തില്‍ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. ആവിഷ്കാര സ്വാതന്ത്ര്യമെന്നതിന്റെ ആകാശ വീക്ഷണത്തെപ്പറ്റി തൊണ്ട പൊട്ടുമാറ് അട്ടഹസിക്കുന്നവരും അതൊക്കെ എല്ലാവര്ക്കും ബാധകമാണ് എന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. സല്മാന് റുഷ്ദി, തസ്ലീമ നസ്രീന് തുടങ്ങി ഒരുപാട് പേര്‍ക്ക് ഊരുവിലക്കുള്പ്പെടെയുള്ള പ്രതിരോധങ്ങള്‍ തീര്‍ത്തപ്പോഴും ക, മ എന്ന് പറയാത്തവര്‍ ഇപ്പോള്‍ മാതൊരുഭഗന്‍ എന്ന തമിഴ് നോവലിനെതിരെയുള്ള പ്രതിഷേധത്തെ സര്‍വ സജ്ജരായി എതിരിടുന്നു. ഹിന്ദുത്വര്‍ നോവലിനെതിരെ പരാമര്‍ശം നടത്തുന്നുഎന്നതുകൊണ്ടാണിത്തരമൊരു നീക്കം. തമിഴ്നാട്ടിലെ തിരുച്ചംകോട് ക്ഷേത്രവുമായി ചുറ്റിപ്പിണഞ്ഞു നില്ക്കുന്ന ഐതിഹ്യത്തിന്റെ ഈടുവഴികളിലൂടെ പെരുമാള്‍ മുരുകന് എന്ന അദ്ധ്യാപകനായ നോവലിസ്റ്റ് നടത്തിയ യാത്രയാണ് പ്രശ്നമായത്. പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ എഴുത്തു നിര്‍ത്തുകയാണെന്നും മറ്റും വികാരഭരിതമായി മുഖപുസ്തകത്തില്‍ കുറിച്ചുകൊണ്ട് പതിനെട്ടാമത്തെ അടവിലേക്കു പോയി നോവലിസ്റ്റ്. ആ വികാരം ഏറ്റെടുത്ത നവ ബുദ്ധിജീവി വിഭാഗം ഹിന്ദുത്വര്‍ക്കെതിരെ (എന്താണീ ഹിന്ദുത്വര്‍ എന്ന് അവരോട് ചോദിച്ചാലും മറുപടി കിട്ടില്ല) ചന്ദ്രഹാസവുമായി രംഗത്താണ്. അതിന്റെ അലയൊലി മലയാള പ്രസിദ്ധീകരണങ്ങളില്‍ മലവെള്ളപ്പാച്ചിലായി വന്നുകൊണ്ടിരിക്കുന്നു. ഒരു സാമ്പിള്‍ വെടിക്കെട്ട് ഇത്തവണത്തെ (ജനു.25) കലാകൗമുദിയില്‍ വായിക്കാം.
കവറില്‍ തന്നെ പെരുമാള്‍ മുരുകന്റെ ചിത്രവും ഇംഗ്ലീഷ് പുസ്തകത്തിന്റെ ചെറുരൂപവും കുറെ അക്ഷരങ്ങള്‍ വിതറിയിട്ടതും കാണാം. മേപ്പടി നോവലിസ്റ്റിന്റെ പുസ്തകങ്ങളുടെ പ്രസാധകനും കാലച്ചുവട് മാഗസിന്റെ എഡിറ്ററുമായ സുകുമാരനാണ് അക്ഷരായുധവുമായി നമ്മെ പോരിന് വിളിക്കുന്നത്. എഴുത്തുവേണ്ട, കഴുത്തുമതി! എന്നത്രേ ഇതിന്റെ തലക്കെട്ട്. കഴുത്തുണ്ടായാലേ എഴുത്തുള്ളു. എഴുത്തും കഴുത്തും തമ്മില്‍ മാനുഷികപരവും സംസ്കാരപരവും വൈകാരികപരവുമായ ഇഴയടുപ്പം ഉണ്ടെങ്കില്‍ ഒന്നും സഭവിക്കില്ല. എന്തിലേക്കാണ് ഊന്നല്‍ എന്നതാണ് പ്രശ്നം. വഴിതെറ്റിയവന് വഴികാണിച്ചുകൊടുക്കാം, കൈപിടിച്ച് നടത്തിക്കാം. ബോധപൂര്‍വം തെറ്റായ വഴിയിലൂടെ നടക്കാനാണ് താല്പ്പര്യമെങ്കില് നടക്കട്ടെ എന്നേ പറഞ്ഞുകൂടു. തെറ്റായ വഴിയില്‍ എന്തൊക്കെയുണ്ടാവുമെന്ന് ദൈവം തമ്പുരാനുപോലും ചിലപ്പോള്‍ പറയാനാവില്ല. മനുഷ്യനെ അറിയുന്നവര്‍ മതത്തിന്റെ നന്മയിലേക്കു നോക്കും. അല്ലാത്തവരോട് പറഞ്ഞിട്ട് കാര്യവുമില്ല. എഴുത്തു നിര്‍ത്താനാണ് ഒരു എഴുത്തുകാരന് തീരുമാനിക്കുന്നതെങ്കില്‍ എഴുത്തില്‍ എവിടെയോ താളപ്പിഴയുണ്ടായി എന്ന് സമ്മതിക്കുകയാണ്. പോകപ്പോകെ ഒക്കെ ശരിയാവാം. അതിന് ഒടയതമ്പുരാന്‍ പെരുമാള്‍മുരുകനെ പ്രാപ്തനാക്കട്ടെ.
പുതിയ മാര്‍പ്പാപ്പ പല പുതിയ ചുവടുകളും വെച്ചത് അത്ഭുതാദരങ്ങളോടെയാണ് ലോകം നോക്കിക്കണ്ടത്. പ്രവാചകന്മാരുടെ സൗമ്യ സാന്നിദ്ധ്യം അദ്ദേഹത്തില്‍ നവംനവങ്ങളായ ആശയങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട്. വിശ്വാസി സമൂഹത്തിന് പലപ്പോഴും ഞെട്ടലുണ്ടാക്കുന്നതാണത്. അടുത്തിടെ വംശവര്ധനവിനെക്കുറിച്ച് പറയുമ്പോള്‍ മുയലിനെയാണ് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. നല്ല കത്തോലിക്കര്‍ മുയലുകളെപ്പോലെ വംശവര്‍ദ്ധന നടത്തേണ്ടതില്ല. ഏഴുകുട്ടികളുള്ള ഒരമ്മ എട്ടാമതും ഗര്‍ഭിണിയായപ്പോള്‍ ഏഴു കുഞ്ഞുങ്ങളെ അനാഥരാക്കാനാണോ പോവുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു എന്ന് മലയാള മനോരമ (ജനു 21) യില്‍ വാര്‍ത്ത. ഫിലിപ്പീന്‍സില്‍ ജനന നിയന്ത്രണത്തിനനുകൂലമായി നിയമം പാസ്സാക്കിയതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോഴാണ് ആരാധ്യനായ പോപ്പ് ഇങ്ങനെ പറഞ്ഞത്. ദാരിദ്ര്യത്തിന്റെ പരമകാഷ്ഠയിലും വംശവര്ധനവിനെതിരെ ഫലപ്രദമായ ആസൂത്രണങ്ങള്‍ സ്വീകരിക്കാത്തത് മത വ്യാപനത്തെ സഹായിക്കാനാണെന്ന് സകലര്‍ക്കും അറിയാം. മതത്തെക്കാളുപരി പ്രപഞ്ചത്തില്‍ ജനിച്ചുവീണ മനഷ്യരുടെ ജീവിതം ദുരിതപൂര്ണമാവരുത് എന്ന് കരുതുന്നവര്‍ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഹൃദയത്തില്‍ സ്വീകരിക്കും. വിശ്വാസി സമൂഹത്തിലെ യാഥാസ്ഥിതിക കേന്ദ്രങ്ങളില്‍ തന്റെ പ്രസ്താവന ഉണ്ടാക്കിയ അമ്പരപ്പിനെ തുടര്‍ന്ന് അദ്ദേഹം വാക്കുകളിലും ആശയത്തിലും അല്പം മയപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. സത്യത്തിന്റെ മുഖം വികൃതമാവുമ്പോള് അത്യാവശ്യം അറ്റകുറ്റപ്പണി ചെയ്ത് സുന്ദരമാക്കുക എന്നത് ലോകനീതിയായി കണ്ട് നമുക്ക് സമാധാനിക്കാം.
ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചും ഫ്രാന്‍സിസ് ഒന്നാമന് പാപ്പ കലാത്മകമായി പറയുന്നുണ്ട്. മാതൊരുഭഗനുവേണ്ടി നെഞ്ചുപൊട്ടുമാറ് ആര്‍ത്തുവിളിക്കുന്ന എല്ലാ ടിയാന്മാര്ക്കും വേണ്ടി നാലുവരി ഇതാ: എന്തിനോടും അക്രമാസക്തമായി പ്രതികരിക്കുന്നത് തെറ്റാണ്. ഇങ്ങനെയൊക്കെയാണെങ്കിലും എന്നും സഹായിയായി എന്നോടൊപ്പമുള്ള സുഹൃത്ത് എന്റെ അമ്മയെക്കുറിച്ച് ഒരു മോശം വാക്കു പ്രയോഗിക്കുകയാണെന്നിരിക്കട്ടെ. ഉശിരനൊരു ഇടി ആ നിമിഷം ഇദ്ദേഹത്തിന്റെ മുഖത്തും വീണിരിക്കും. അതു വളരെ സ്വാഭാവികം. ശ്രീലങ്കയില്‍ നിന്ന് ഫിലിപ്പീന്‍സിലേക്കുള്ള വിമാനയാത്രക്കിടെ പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മതസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. (കലാകൗമുദിയിലെ ചാറ്റ്റൂം-ല്‍ ബി.ആര് ശുഭലക്ഷ്മി) പാപ്പ തുടരുന്നത് ഇങ്ങനെ: മതസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും ഒരാളുടെ അടിസ്ഥാന അവകാശമാണെന്നത് ശരിതന്നെ. എന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ട്. മത നിന്ദയിലൂടെ പ്രകോപനമുണ്ടാക്കുന്നത് ശരിയല്ല. അത്തരം ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണം ഉറപ്പ്. ചെയ്തതിന് പ്രതികരണം കിട്ടുമ്പോള്‍ ആളെക്കൂട്ടി ഒപ്പിയാന്‍ പ്രസ്ഥാനമുണ്ടാക്കുകയും തരം കിട്ടുമ്പോള്‍ അന്യന്റെ നെഞ്ചത്ത് കത്തിമുന കയറ്റുകയും ചെയ്യുന്നതാണ് സാംസ്കാരിക ഫാസിസമെന്ന് എല്ലാ മാതൊരുഭഗന്‍ സില്‍ബന്തികളും അറിഞ്ഞുവെച്ചാല്‍ അടുത്ത തലമുറയ്ക്ക് നന്ന്.
ദേശീയവാരിക അടിമുടി തീര്ത്ഥജലത്തില് കുളിച്ച് വന്ന പക്വതയുള്ള വീട്ടമ്മയെപോലെ. കഥകളുടെ മഹാസാഗരം കരളില്‍ ഒളിപ്പിച്ച ടി. പത്മനാഭന്റെ മുഖചിത്രം! പത്മനാഭനെകുറിച്ച് വിശകലനം, അഭിമുഖം, പ്രസംഗം. സ്വര്‍ണത്തിന് സുഗന്ധം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് സര്‍വരും ആഗ്രഹിക്കും. അത് യാഥാര്‍ത്ഥ്യമായാലോ? അതാണ് ജനു. 16ലെ കേസരി വാരിക. പത്മനാഭനെകുറിച്ച് എഴുതിയ സി. പി ചന്ദ്രന്, ടി.എന്‍.പ്രകാശ്, സുകുമാരന്‍ പെരിയച്ചൂര്‍, എല്ലാവര്ക്കും ഉമ്മറക്കോലായയില്‍ പ്രൗഢ വിരുന്നൊരുക്കിയ പത്രാധിപര്‍ അവര്‍ക്കെല്ലാം കാലികവട്ടത്തിന്റെ ഹൃദയം നിറഞ്ഞ നമസ്കാരം.
തൊട്ടുകൂട്ടാന്‍
നിഴലുപേക്ഷിച്ചുപറന്നുപോയ
ദേശാടനക്കിളികള്‍ മടങ്ങിയെങ്കിലും
അവക്കറിയില്ല തിരിച്ചെത്തിയെന്ന്.
ചെറിയാന് കെ ചെറിയാന്
കവിത: മടക്കം
മാധ്യമം ആഴ്ചപ്പതിപ്പ് (ജനു. 19)
പ്രതികരിക്കാൻ ഇവിടെ എഴുതുക: