ന്യൂദല്‍ഹി: വിവാഹത്തിനു മുമ്പു മാത്രമല്ല, വിവാഹത്തിനു ശേഷവും വധുവിലൂടെ നേടിയെടുക്കുന്ന സ്വത്തും സ്ത്രീധനമായി പരിഗണിക്കണമെന്ന് സുപ്രീം കോടതി. അതുകൊണ്ടുതന്നെ അതുസംബന്ധിച്ച കേസുകള്‍ സ്ത്രീധന നിരോധന നിയമക്കേസാകുമെന്നും കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കീഴ്ക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീംകോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു.
ഉത്തരാഖണ്ഡില്‍ 1997-ല്‍ നടന്ന കേസിലെ കീഴ്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ്മാരായ എം.വൈ. ഇഖ്ബാല്‍, പിനാകി ചന്ദ്ര ഘോഷ് എന്നിവര്‍ വിധി പറഞ്ഞത്.
1997-ല്‍ ഉത്തരാഖണ്ഡ് സ്വദേശി ഭീം സിങ് വിവാഹം ചെയ്തപ്പോള്‍ പ്രേമാ ദേവിയോട് സ്ത്രീധനമൊന്നും വാങ്ങിയിരുന്നില്ല. എന്നാല്‍ പിന്നീട് അവരോട് സ്ത്രീധനം ആവശ്യപ്പെട്ടു ശല്യം ചെയ്തു. വിഷവസ്തു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രേമയെ പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് പോലീസ് എടുത്ത കേസില്‍ ഭീമിനേയും സഹോദരനേയും ഉത്തരാഖണ്ഡ് കോടതി ശിക്ഷിച്ചു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്ത്രീധനം വാങ്ങാതെയാണ് വിവാഹം ചെയ്തതെന്നും അതിനാല്‍ സ്ത്രീധന നിരോധന നിയമപ്രകാരം ശിക്ഷിച്ച ജീവപര്യന്തം തടവു റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.
വിവാഹത്തിനു മുമ്പും ശേഷവും വധുവഴി അവരുടെ വീട്ടുകാരില്‍നിന്ന് സ്വന്തമാക്കുന്ന സ്വത്ത് സ്ത്രീധനമാണെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: