ലുധിയാന: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് 2013ലെ ഫൈനലിന്റെ തനിയാവര്‍ത്തനം. ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനലില്‍ കേരളവും സര്‍വ്വീസസും തമ്മില്‍ ഏറ്റുമുട്ടും. 2013-ല്‍ ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടുകയും ഷൂട്ടൗട്ടില്‍ സര്‍വ്വീസസ് ചാമ്പ്യന്മാരാവുകയും ചെയ്തു. 2014-ലെ കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളം സെമി കാണാതെ പുറത്തായി.
കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം കേരളത്തിനൊപ്പമായിരുന്നു. ആ വിജയം ഇന്നും ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് കേരളതാരങ്ങള്‍ ഇന്ന് സെമിയില്‍ കളിക്കാനിറങ്ങുന്നത്.
ഗ്രൂപ്പ് ബിയില്‍ നിന്ന് മിസോറാമിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം സെമിയിലെത്തിയത്. സര്‍വ്വീസസ് ഗ്രൂപ്പ് എ ചാമ്പ്യന്മാരായും. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ മിസോറാം പഞ്ചാബുമായി ഏറ്റുമുട്ടും. പശ്ചിമ ബംഗാളിനെ ഗോള്‍ ആവറേജില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പഞ്ചാബ് ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: