ആലപ്പുഴ: അബ്കാരി കേസുകളിലെ പ്രതികളുടെ ഫോണ്‍വിളി രേഖകള്‍ എക്സൈസിന് നല്‍കേണ്ടന്ന ആഭ്യന്തര വകുപ്പ് ഉത്തരവ് കേസ് അന്വേഷണങ്ങളെ വഴിമുട്ടിക്കുന്നു. നര്‍ക്കോട്ടിക്ക് കേസുകളിലെ പ്രതികളുടെ ഫോണ്‍വിളി രേഖകള്‍ മാത്രം എക്സൈസിന് കൈമാറിയാല്‍ മതിയെന്ന അഭ്യന്തര വകുപ്പിന്റെ വിവാദ ഉത്തരവാണ് അന്വേഷണത്തിന് തടസം നില്‍ക്കുന്നത്. ഫോണ്‍വിളി രേഖകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുന്നൂറിധികം അബ്കാരി കേസുകളുടെ അന്വേഷണം വഴിമുട്ടി.
അബ്കാരി കേസുകളിലെ പ്രതികളുടെ ഫോണ്‍വിളി രേഖ എക്സൈസിന് നല്‍കേണ്ടതില്ലെന്ന ആഭ്യന്തര വകുപ്പിന്റെ തീരുമാനമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 30ന് സൈബര്‍സെല്ലിന്റെ ചുമതലയുള്ള എഡിജിപി: കെ. പത്മകുമാര്‍ ഇറക്കിയ ഉത്തരവില്‍ ഇപ്രകാരം പറയുന്നു. എക്സൈസ് അന്വേഷിക്കുന്ന കേസുകളില്‍ നാര്‍ക്കോട്ടിക് കേസുകളില്‍പ്പെട്ട പ്രതികളുടെ ഫോണ്‍വിളി വിവരങ്ങള്‍ മാത്രം അന്വേഷണസംഘത്തിന് കൈമാറിയാല്‍ മതി. അബ്കാരി കേസുകളിലെ പ്രതികളുടെ വിവരങ്ങള്‍ എക്സൈസിന് നല്‍കേണ്ടതില്ല. ഫോണ്‍വിളി രേഖകള്‍ അതീവരഹസ്യമാണെന്നും അവ പുറത്തുപോകരുതെന്നും ഉത്തരവില്‍ പറയുന്നു.
നേരത്തെ അബ്കാരി കേസുകളിലെ പ്രതികളുടെ ഫോണ്‍വിളി രേഖകള്‍ എക്സൈസില്‍ ആഭ്യന്തര വകുപ്പ് നല്‍കിയിരുന്നെങ്കിലും പുതിയ തീരുമാനത്തിനുള്ള കാരണം വ്യക്തമല്ല. ഫോണ്‍വിളി രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് പല സ്പിരിറ്റ് കേസുകളും തെളിയിച്ചിരുന്നത്. സ്പിരിറ്റ് കടത്തിനു പിന്നിലെ ഉന്നതസംഘത്തെ കുറിച്ചുള്ള തെളിവും ടെലിഫോണ്‍ വിളികളില്‍ നിന്നായിരുന്നു ലഭിച്ചിരുന്നത്. പോലീസ് സൈബര്‍സെല്‍ മുഖേനയാണ് പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ എക്സൈസ് ശേഖരിച്ചിരുന്നത്. ഫോണ്‍ രേഖകള്‍ ലഭിക്കാതെ വരുന്നതോടെ ഉന്നതസ്പിരിറ്റ് കടത്ത് മാഫിയയെ കുറിച്ചുള്ള വിവരം പോലും എക്സൈസിന് ലഭിക്കാതെയാകും.
അഞ്ച് മാസത്തിനിടെ ഇരുന്നൂറിലധികം കേസുകളുടെ അന്വേഷണമാണ് ഈ ഉത്തരവ് മൂലം സംസ്ഥാനത്ത് വഴിമുട്ടിയിരിക്കുന്നത്. അതിനിടെ ഉത്സവക്കാലമായതിനാല്‍ സംസ്ഥാനത്ത് വ്യാജക്കള്ള് ഒഴുകാന്‍ സാദ്ധ്യതയുണ്ടെന്ന് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്കി കഴിഞ്ഞു. കള്ളിന്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടും കള്ളിന്റെ വിപണനം വര്‍ദ്ധിച്ചത് എക്സൈസിനെയും വെട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വ്യാജമദ്യ ലോബിക്കെതിരെയും സ്പിരിറ്റ് മാഫിയയ്ക്കെതിരെയുമുള്ള അന്വേഷണങ്ങളോട് പോലീസ് നിസഹരിക്കുന്നത് എക്സൈസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: