ദൈവം നന്മയും കരുണയും സ്നേഹവും വാരിവിതറാനായാണ് മനുഷ്യരെ ഭൂമിയിലേക്കയക്കുന്നതത്രെ. ഓരോരുത്തരുടെയും പ്രവൃത്തി അദ്ദേഹം നിരീക്ഷിക്കുകയും അതിനനുസരിച്ച് ഫലം കൊടുക്കുകയും ചെയ്യുന്നു. എന്നുവെച്ച് ദൈവം ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടിവെച്ച് ചോദ്യം ചെയ്യുന്ന ഒരാള്‍ എന്നു കരുതേണ്ട. ഓരോരുത്തരുടെ ഉള്ളിലും ദൈവത്തിന്റെ പ്രതിനിധിയുടെ തുടിപ്പുണ്ട്, ചെകുത്താന്റെയും. ആര് വേണം, ആരിലേക്ക് ചായണം എന്ന് തീരുമാനിക്കാനുള്ള അവകാശം അവരവരുടേതാണ്.
ചെകുത്താന്റെ വാക്കുകളാണ് അധികം പേര്‍ക്കും ഇഷ്ടപ്പെടുക. നൈമിഷികസുഖത്തിന്റെ പ്രലോഭനങ്ങളാണ് അതിന് കാരണം. ദൈവത്തിന്റെ വാക്കുകള്‍ ശ്ശികഠിനമായി തോന്നാം. അതുകൊണ്ടാണ് അതിന് അത്ര വലിയ അംഗീകാരം കിട്ടാതെ പോകുന്നത്. നമ്മള് കരുതും പോലെ ദൈവവചനം കേള്‍ക്കുന്നവര്‍ ഉന്നത സ്ഥാനീയരോ പണ്ഡിതരോ ധീരശൂരപരാക്രമികളോ ആകണമെന്നില്ല. ജീവിതത്തിന്റെ മധുരമനോജ്ഞ വഴികള്‍ സ്വപ്നം മാത്രമായവര്‍ പോലും ദൈവത്തിന്റെ വാക്കുകള്‍ക്കൊപ്പം നീങ്ങുന്നത് കാണാനാവും.
ഇവിടെയിതാ അത്തരം രണ്ടു പേരെക്കുറിച്ച് രണ്ടു പത്രങ്ങള്‍ പറയുന്നു. വനിതാദിനമായ മാര്‍ച്ച് 8ന് മലയാള മനോരമയുടെ ഞായറാഴ്ചയില്‍ സുനില്‍ ടീച്ചറെക്കുറിച്ച് അരുണ്‍ എഴുത്തച്ഛന്റെ ഫീച്ചര്‍: സുനില്‍ ടീച്ചര്‍ ഈ വീടിന്റെ ഐശ്വര്യം. മാര്‍ച്ച് 6ന് ഇന്‍ഡ്യന്‍ എക്സ്പ്രസ്സിന്റെ സിറ്റി എക്സ്പ്രസ്സില്‍ (കോഴിക്കോട്) ലിസ്സി വര്‍ഗീസിനെക്കുറിച്ച് അനില ബക്കറിന്റെ കുറിപ്പ്: മെന്‍ഡിന് ഷൂസ് ആസ് വെല്‍ ആസ് ലൈവ്സ്. സമൂഹത്തിന്റെ നോട്ടത്തില്‍ ഏറ്റവും അടിത്തട്ടില്‍ നില്ക്കുന്ന നിസ്സഹായയായ ഒരു വനിതയുടെ അസാമാന്യമായ കാരുണ്യത്തിന്റെ കഥ.
ഒരാള്‍ എല്ലാവിധ സുഖസൗകര്യങ്ങളുടെയും നടുവില്‍ നിന്നാണ് നിരാലംബ ഹൃദയങ്ങള്‍ക്ക് താങ്ങാവുന്നത്- സുനില്‍ ടീച്ചര്‍. മറ്റേയാള്‍ എല്ലാ ദുഃഖദുരിതങ്ങളുടെയും മലവെള്ളപ്പാച്ചിലില്‍പെട്ട് ശ്വാസം മുട്ടുമ്പോഴാണ് അന്യര്‍ക്കുവേണ്ടി ഒരു കൈ സഹായവുമായി സജീവമായി പ്രവര്‍ത്തിക്കുന്നത്. ദൈവത്തിന്റെ ഇടത്തും വലത്തുമായി നില്ക്കുന്ന ഇവരുടെ ജീവിതം മാത്രം മതി മനുഷ്യത്വത്തിന്റെ മഹാകാശം എങ്ങനെയിരിക്കുമെന്ന് വിലയിരുത്താന്‍. ഇതാ സുനില്‍ ടീച്ചറിന്റെ വിശേഷങ്ങള്‍; ടീച്ചര്‍ പോവുന്നിടത്തെല്ലാം പൂക്കള്‍ ചിരിക്കുന്ന ആ അവസ്ഥയിലേക്ക്.
പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ സുവോളജിവിഭാഗം മേധാവിയായ സുനില്‍ ടീച്ചര്‍ ദുര്‍ബലര്‍ക്ക് സ്വപ്നം കാണാന്‍ വീട് എന്ന ആശയത്തിന്റെ ഉപജ്ഞാതാവാണ്.
എന്തുകൊണ്ട് വീട് എന്നാണ് ചോദ്യമെങ്കില്‍ ഇതാ മറുപടി: പേരിനൊപ്പം ഡോക്ടര്‍ എന്ന് എഴുതിച്ചേര്‍ത്തിട്ട് 20 വര്‍ഷമായെങ്കിലും എം.എസ്. സുനില്‍ എന്ന ആ പഴയ ഗവേഷക ഇന്നും ഗവേഷണം തുടരുകയാണ്. ആ ഗവേഷണ യാത്രയില്‍ ചില കണ്ടെത്തലുകളും സുനില്‍ ടീച്ചര്‍ നടത്തിയിട്ടുണ്ട്. വീടിനെക്കുറിച്ച് പലര്‍ക്കും പലപല സ്വപ്നങ്ങളായിരിക്കാമെങ്കിലും വീടില്ലാത്തവര്‍ക്ക് വീട് എന്ന ഒറ്റ സ്വപ്നം മാത്രമേ കാണൂ എന്നതാണ് അതില്‍ ആദ്യത്തേത്.
വീട് ഒരു സ്വപ്നം മാത്രമായി കഴിയുന്ന കുടുംബങ്ങള്‍ക്ക് ആരുടെയെങ്കിലും നന്മയുടെ അടിത്തറയില്‍ ഒരു വീട് ഉയര്‍ന്നാല്‍ പിന്നെ, അവര്‍ക്ക് കൂടുതല്‍ സ്വപ്നങ്ങള്‍ കാണാനൊരിടമായി എന്നും സുനില്‍ പറഞ്ഞു തരുന്നു. പറയുക മാത്രമല്ല. അത്തരം നന്മയുള്ള അടിത്തറകള്ക്കുവേണ്ടി അക്ഷീണം പരിശ്രമം നടത്തുകയും അത് ഫലപ്രാപ്തിയിലെത്തിക്കുകയും ചെയ്യുന്നു. ഇതിനോടകം 50 വീടാണ് ഇങ്ങനെ സുനില്‍ ടീച്ചര്‍ വെച്ചുകൊടുത്തത്. നിരാലംബരുടെ കണ്ണീരില്‍ ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിനായി സ്വയം സമര്‍പ്പിച്ച ടീച്ചറെ മൗനമായെങ്കിലും നമുക്ക് വിളിച്ചുകൂടേ ദൈവമേ എന്ന്?
മകന് പിറക്കുമെന്ന് കരുതി അച്ഛന് കരുതിവെച്ച പേരായിരുന്നു സുനില്‍. എന്നാല്‍ ദൈവം കൈയൊപ്പിട്ട് അയച്ചത് മകളെ. ഏതായാലും അച്ഛന് പേര് മാറ്റിയില്ല. അതിനാല്‍ മകന്റെ പ്രസരിപ്പും മകളുടെ കാരുണ്യവും ഇഴുകിച്ചേര്‍ന്ന് സുനില്‍ ടീച്ചറായി. ആ സ്നേഹം പടര്‍ന്ന് പന്തലിച്ച് സമൂഹത്തിനു മുകളില്‍ നന്മ മരമായി. ടീച്ചറുടെ വീടിന്റെ പേരുതന്നെ കൃപ എന്നാണ്. സഹായത്തിനായി ആര്‍ക്കും അങ്ങോട്ടു കടന്നുചെല്ലാം. പക്ഷേ, ഒരു നിബന്ധന മാത്രം. അതിതാ: സഹായങ്ങള്‍ തേടി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആ വീട്ടിലെത്താം.
മറ്റുള്ളവര്ക്കുവേണ്ടിയായിരിക്കണം നിങ്ങളുടെ സന്ദര്‍ശനം എന്നു മാത്രം. കാരണം, യഥാര്‍ത്ഥത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് എവിടെ നിന്നു കിട്ടുമെന്നു പോലും അറിയില്ല എന്നാണ് സുനില്‍ ഇത്രയും കാലത്തെ ഗവേഷണത്തിനിടെ മനസ്സിലാക്കിയിരിക്കുന്നത്. ഈ വലിയ മനസ്സിന്റെ ഉടമയെത്തേടി ഒട്ടേറെ പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. ഏതു പുരസ്കാരത്തെക്കാളും ടീച്ചര്‍ വിലമതിക്കുന്നത് സ്വപ്നം കണ്ട വീട് ഒരു കുടുംബത്തിന് പണിതു കൊടുത്തശേഷം കിട്ടുന്ന ആത്മസംതൃപ്തിയാണ്. അത് കിട്ടിയവരുടെ മനസ്സുനിറയുമ്പോള് കണ്ണില്‍ പൊടിഞ്ഞുവരുന്ന മിഴിനീരാണ്, സന്തോഷക്കണ്ണീര്.
സുനില്‍ ടീച്ചറില്‍ നിന്ന് എല്ലാം കൊണ്ടും വ്യത്യസ്തയാണ് ലിസി വര്‍ഗീസ്. ഒരു കാര്യത്തില്‍ മാത്രമേ ഇരുവര്‍ക്കും സമാനതകളുള്ളൂ. നന്മ കോറിയിട്ട വിശാല കാന്‍വാസാണ് ഇരുവരുടെയും ഹൃദയങ്ങള്‍. രാജസ്ഥാനില്‍ നിന്ന് കോഴിക്കോട്ടെത്തിയിട്ട് 22 വര്‍ഷമായി ലിസി. ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കല് തുടങ്ങിയവ നടത്തുന്നു. എന്തിനേറെ വരുമാനമേതുമില്ലാത്ത കുടുംബത്തിന് പേരാമ്പ്രയ്ക്കടുത്ത കല്ലോട്ടെ കരിങ്ങാടിമ്മേല് കോളനിയിലുള്ള തന്റെ അഞ്ചു സെന്റിലുള്ള വീടു തന്നെ വിട്ടുകൊടുത്ത ലിസി വാടക വീട്ടിലേക്ക് താമസം മാറ്റിയിരിക്കുന്നു.
പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കില്‍ നിരാലംബരായ ഒരു കുടുംബത്തിന്റെ സ്ഥിതി കണ്ട് മനം നൊന്താണ് ലിസി സ്വന്തം വീട് അവര്‍ക്കായി വിട്ടുകൊടുത്തത്. അതിനെക്കുറിച്ച് ലിസി പറയട്ടെ: പേരാമ്പ്രയിലെ ദയ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കില്‍ നിന്നാണ് കുടുംബത്തെ കണ്ടത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ കഴിയാത്ത അവര്‍ക്ക് വാടകവീടുപോലും എടുക്കാനാവുമായിരുന്നില്ല. അതിനാല്‍ എന്റെ വീടു കൊടുത്തു. അവര്‍ക്ക് അത്യാവശ്യത്തിനുള്ള വീട്ടുസാധനങ്ങളും നല്കുന്നു.
കുട്ടിക്കാലത്തെ കഷ്ടപ്പാടിന്റെ മൂശയിലൂടെ ഉടച്ചുവാര്‍ക്കപ്പെട്ട ലിസിയുടെ മനസ്സുനിറയെ നന്മ മരമാണ്. സമൃദ്ധമായി അതില്‍ പൂക്കള്‍ വിടരുന്നു, കിളികള്‍ ആശ്വാസത്തോടെ ചേക്കേറുന്നു. ചില്ലകളില്‍ കൂടുകൂട്ടുന്ന അവരുടെ സ്നേഹസാന്ത്വനങ്ങളാല് ലിസി സ്വയം നന്മയുടെ കൂറ്റന്‍ പൂമരമാവുന്നു. ഇങ്ങനെയൊക്കെയെങ്കില്‍ വമ്പന്‍ സാമ്പത്തിക സംവിധാനമുള്ളയാളായിരിക്കും അവരെന്നല്ലേ നിങ്ങള്‍ കരുതുക. എന്നാല്‍ കേള്‍ക്കുക, ചെരുപ്പുതുന്നിയും ബാഗുകള്‍ അറ്റകുറ്റപ്പണി നടത്തിയും, കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പാര്‍ട്ട്ടൈം സ്വീപ്പറായും പത്രവിതരണക്കാരിയായും, വീടുകളില്‍ പണിയെടുത്തും ശേഖരിക്കുന്ന പണത്തില്‍ നിന്നാണ് കൈയയച്ച് സഹായങ്ങള്‍ ചെയ്യുന്നത്.
പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്കൂളിനു മുമ്പില്‍ എല്ലാ സ്കൂള്‍ തുറക്കല്‍ വേളകളിലും പുസ്തകങ്ങളും കുടയുമായി ലിസിയെത്തും. നഷ്ടസ്വപ്നങ്ങളുടെ പെരുമഴക്കാലത്ത് തങ്ങളുടെ ലിസിയാന്റി വലിയൊരു കുടയായി കുട്ടികളെ അതിനുള്ളില്‍ നിര്‍ത്തുന്നു. ആരു പറഞ്ഞു, ദൈവമില്ലെന്ന്, ദൈവത്തെ അറിയാനാവില്ലെന്ന്. അഞ്ചു ലക്ഷം രൂപയൂടെ ഷൂവിട്ട് മനുഷ്യനെ ചവിട്ടിക്കൊല്ലുന്ന വ്യവസായ പ്രമുഖനായ നിസ്സാമുമാര് വാഴുന്ന കരാളമായ അന്തരീക്ഷത്തിലാണ് സുനില്‍, ലിസി എന്നീ നക്ഷത്രങ്ങള്‍ നമുക്കു മുമ്പില്‍ സ്നേഹത്തിന്റെ അവാച്യമായ ശോഭ പരത്തുന്നത്. സാര്‍ത്ഥകമാവുന്നു മനോരമ യുടെയും ഇന്‍ഡ്യന്‍ എക്സ്്രപസ്സിന്റെയും വനിതാദിന സന്ദേശം.
സ്വത്തുതര്‍ക്കത്തിന്റെ പാരമ്യത്തില്‍ അമ്മാവന് കോരിയൊഴിച്ച ആസിഡ് ആക്രമണത്തിന്റെ വടുക്കള്‍ ലിസിയുടെ കഴുത്തിലും മുഖത്തും കാണുമ്പോള്‍ അറിയുക ഒരു ക്രൂരതയ്ക്കും തട്ടിമാറ്റാനാവില്ല സ്നേഹത്തിന്റെ നീളുന്ന കൈകളെ.
വാരികകളില്‍ ലേഖനത്തിനനുസരിച്ചുള്ള മുഖചിത്രം കൊടുത്താല്‍ സാധാരണ വായനക്കാരന് തോന്നുകയെന്താണ്? മേപ്പടി സാധനം ഇറക്കുമ്പോള്‍ മുഴുവന്‍ ലേഖനവും വായിച്ച് മനസ്സിലാക്കി യുക്തിസഹമായ കാര്യം ചെയ്തുവെന്നല്ലേ? എന്നാല്‍ ഇത്തവണത്തെ ദേശീയ വാരിക (മാര്‍ച്ച് 06) കണ്ടാല്‍ അങ്ങനെയല്ല തോന്നുക.
അന്തകവിത്തുകള്‍ എന്ന് കവറില്‍ കൊടുത്തുവെങ്കിലും വിപ്ലവപ്പാര്‍ട്ടിയുടെ വാരികയ്ക്ക് രുചിക്കുന്നതാണ് കവര്‍. ഹരി.എസ്. കര്‍ത്തയുടെ അര്‍ത്ഥവത്തും സാരവത്തുമായ ലേഖനത്തിന്റെ ഉള്‍ക്കാഴ്ചയെ അപഹാസ്യമാക്കുന്നുവോ എന്ന തരത്തിലായി കവര്‍. ലേഖനം വായിച്ച് മനസ്സിലാക്കാതെ ഇമ്മാതിരി തരികിടകള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് ഹോംവര്‍ക്കിന്റെ കുറവ് വേണ്ടുവോളമുണ്ട്. പത്രപ്രവര്‍ത്തനത്തിലെ പ്രധാന ഹോംവര്‍ക്ക് തീരെയില്ലെന്ന് ചുരുക്കം. ഹന്ത ഭാഗ്യം ജനാനാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: