ഹൈദരാബാദ്: കല്‍ക്കരിക്കേസില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ അഴിമതിയുടെ പാപഭാരമാണ് മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് വഹിക്കേണ്ടിവരുന്നതെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്യണമെന്ന് മന്മോഹന് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അതനുവദിച്ചില്ല. കോണ്‍ഗ്രസിനെ ധിക്കരിച്ച് തീരുമാനമെടുക്കുവാനുള്ള ധൈര്യവും മന്മോഹന് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എല്ലാ പാപഭാരവും മന്മോഹന് ചുമക്കേണ്ട അവസ്ഥയാണുള്ളത്.
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് കത്ത് നല്‍കിയിരുന്നു. അത് അനുസരിക്കുകയാണ് മന്മോഹന് ചെയ്തത്. അധികാര കസേരയില്‍ ഇരുന്നെങ്കിലും അതുപയോഗിക്കുവാന് മന്മോഹനായില്ല. പാര്‍ട്ടിയിലെ അധികാരകേന്ദ്രം പറയുന്നതനുസരിച്ചുള്ള നടപടികളാണ് മന്മോഹന് കൈക്കൊണ്ടത്.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ സഎജി വിനോദ് റായിയെ വിമര്‍ശിക്കുകയുണ്ടായി. സ്പെക്ട്രം ഇടപാടില്‍ 1.76 ലക്ഷം കോടിയും കല്‍ക്കരിപ്പാടം ഇടപാടില്‍ 1.86 ലക്ഷം കോടിയുടെയും നഷ്ടമുണ്ടായതായുള്ള സിഎജിയുടെ റിപ്പോര്‍ട്ടിനെ അതിശയോക്തിപരമെന്ന് പറഞ്ഞാണ് വിമര്‍ശിച്ചത്. എന്നാല്‍ ഇപ്പോള്‍ ആദ്യഘട്ടത്തില്‍ 32 കല്‍ക്കരിപ്പാടങ്ങള്‍ മാത്രം ലേലം ചെയ്തപ്പോള്‍ രണ്ട് ലക്ഷം കോടി രൂപ ലഭിച്ചു കഴിഞ്ഞു. 200 കല്‍ക്കരി ഖനികള്‍ ലേലം ചെയ്യുമ്പോഴെക്കും ഏഴ് ലക്ഷം കോടിയോ പത്ത് ലക്ഷം കോടിയോ ലഭിക്കുമെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
ഈ ഇടപാടുകളില്‍ രാജ്യത്തിന് ഒറ്റപൈസയും നഷ്ടംവന്നിട്ടില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് മാപ്പുപറയണമെന്നും സുതാര്യമായ നടപടിക്രമത്തിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിനുണ്ടാക്കിയ നേട്ടത്തെ അംഗീകരിക്കണമെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: