മസ്ക്കറ്റ്: യെമനില്‍ കുടുങ്ങിയ ഭാരതീയരെ നാട്ടിലേക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് വിമാനങ്ങള്‍ അയച്ചു. 80 സീറ്റുള്ള എയര്‍ബസ് 320 ഇന്നു രാവിലെ 7.45ന് ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. ഇന്ന് വൈകുന്നേരം തന്നെ ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യവക്താവ് അറിയിച്ചു.
മസ്ക്കറ്റിലെത്തിയ വിമാനങ്ങള്‍ യെമനില്‍ ഇറങ്ങുന്നതിനായി സൗദി അറേബ്യയുടെ അനുമതി കാത്ത് കിടക്കുകയാണ്. യെമനിലേക്ക് വിമാനം അയക്കാന്‍ അനുമതി ലഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. യെമനിലെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സനായില്‍ പുറത്തിറങ്ങാനാവാതെ മലയാളികളടക്കം മൂവായിരത്തിലേറെ ഭാരതീയരാണ് കുടുങ്ങിയിരിക്കുന്നത്.
ഭാരതീയരെ നാട്ടിലെത്തിക്കാന്‍ സായുധ അകമ്പടിയോടെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൊച്ചിയില്‍ നിന്നു തിരിച്ചിട്ടുണ്ട്. എം.വി. കവരത്തി, കോറല്‍ സീ എന്നീ കപ്പലുകളാണ് യെമനിലേക്കു പുറപ്പെട്ടത്. ഇരു കപ്പലുകളുടെയും നിയന്ത്രണം പൂര്‍ണമായും നാവിക സേന ഏറ്റെടുത്തു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷമാണ് വെള്ളവും ഭക്ഷ്യ വസ്തുക്കളും കപ്പലില്‍ കയറ്റിയത്. ഈ കപ്പലുകള്‍ അഞ്ച് ദിവസം കൊണ്ട് യെമനിലെത്തും.
ഞായറാഴ്ച 2.15ന് 652 യാത്രക്കാരെയുമായി ലക്ഷദ്വീപിലേക്കു പുറപ്പെട്ട എംവി കവരത്തിയെ യെമനിലേക്ക് അയയ്ക്കുന്നതിനായി തിരിച്ചു വിളിക്കുകയായിരുന്നു. 1200 പേരെ കപ്പലുകളില്‍ തിരികെയെത്തിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: