ന്യൂദല്‍ഹി: രാജനീതിയിലല്ല, രാഷ്ട്രനീതിയിലാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബി.ജെ.പി എം.പിമാര്‍ക്കായി സംഘടിപ്പിച്ച ഏകദിന ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍ നിലകൊള്ളുന്നത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്കി, വൈദ്യുതി, ശുചിമുറികള്‍, കുട്ടികള്‍ക്ക് വിദ്യഭ്യാസം തുടങ്ങിയവെല്ലാം നല്കി.
നമ്മള് സമ്പാദിക്കുന്ന പണത്തിന്റെ ഒരംശം പാവപ്പെട്ടവര്‍ക്കും ഉള്ളതാണ്. മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് കൂടുതല്‍ ആശുപത്രികള്‍ പുതിയ സര്‍ക്കാര്‍ പണിയുമെന്നും മോദി പറഞ്ഞു.
പാര്‍ലമെന്റിലെ ശക്തമായ പ്രതിപക്ഷം നല്ലതാണ്. മാധ്യമങ്ങള്‍ നിങ്ങളുടെ മുഖം കാണിക്കുന്നുണ്ടോ എന്ന് നോക്കേണ്ടെ. കര്‍ഷകരുമായുള്ള നല്ല ബന്ധം തുടരുകയാണ് വേണ്ടത്. യെമനിലുണ്ടായ ആഭ്യന്തര സംഘര്‍ഷവും അവിടെയുള്ളവരെ രക്ഷിക്കാന്‍ ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനവും മോദി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.
സര്‍ക്കാരിനു വേണ്ടി അവിടെ പോയി കാര്യങ്ങള്‍ നിയന്ത്രിച്ച ജനറല്‍ വി.കെ. സിങിനെ അഭിനന്ദിക്കുകയും ചെയ്തു.
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ നുണപ്രചാരണം നടത്തുന്നത് വികൃതമായ മനസ്സുള്ളവരാണെന്ന് മോദി കുറ്റപ്പെടുത്തി. വിദേശയാത്രകളുടെ നേട്ടവും തന്റെ ജനപ്രിയ പദ്ധതികളുടെ ആവശ്യകതയും മോദി പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. നിങ്ങളുടെ വിശ്വാസം ജനങ്ങളെ എല്പ്പിക്കുക, അവര്‍ നിങ്ങളെ ഉയരങ്ങളിലെത്തിക്കും- മോദി എംപിമാരോട് പറഞ്ഞു.
ജനങ്ങള്‍ ബി.ജെ.പിക്കു മേല്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാല്‍ തന്നെ ജനങ്ങളുമായി നേരിട്ട് സംവദിക്കണം. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം. അങ്ങനെ ചെയ്താല്‍ ജനങ്ങള്‍ നിങ്ങളെ വീണ്ടും ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: