439. താമസീഃ തമോഗുണപ്രധാനമായ രൂപം ധരിച്ച മൂകാംബികാദേവി. സത്വം, രജസ്സ്, തമസ്സ് എന്നിവ മൂന്ന് അടിസ്ഥാനഗുണങ്ങള്‍. ഇവ പല അനുപാതത്തില്‍ കൂടിച്ചേര്‍ന്നാണ് പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും വ്യാപാരങ്ങളും ഉണ്ടാകുന്നത്. തമോഗുണപ്രധാനമായ പല രൂപങ്ങള്‍ ദേവിക്കുള്ളവയില് ഏതിനെയും താമസി എന്നു പറയാം. (തമോഗുണത്തെക്കുറിച്ചറിയാന് ഭഗവദ്ഗീതയിലെ 14-ാം അദ്ധ്യായമായ ഗുണത്രയവിഭാഗയോഗം വായിക്കുക)
440. താപസാരാധ്യാഃ താപസന്മാരാല്‍ ആരാധിക്കപ്പെടുന്നവള്‍. തീവ്രമായ തപസ്സുകൊണ്ട് ലൗകികബന്ധങ്ങളും കാമനകളും നശിപ്പിച്ച് ഈശ്വരത്വത്തിലേക്കുയര്ന്ന സാധകരാണു താപസര്‍. അവര്‍ക്ക് ധനമാനാദികളില് മോഹമില്ല. അവര്‍ ദേവിയെ ആരാധിക്കുന്നത് ദേവി സൃഷ്ടിച്ചു രക്ഷിക്കുന്ന ലോകത്തിന്റെ നന്മയ്ക്കായാണ്. ജീവിതാന്ത്യത്തില്‍ സായൂജ്യംപോലും അവര്‍ ആഗ്രഹിക്കാറില്ല. ദേവിയെ ആരാധിക്കുകമാത്രമായിരിക്കും ജീവിതലക്ഷ്യം.
441. താപിനീഃ തപിപ്പിക്കുന്നവള്. അധര്‍മ്മത്തെയും അധര്‍മ്മികളെയും തപിപ്പിക്കുന്നവള് എന്നര്‍ത്ഥം.
442. താപനാശിനീഃ താപത്തെ നശിപ്പിക്കുന്നവള്‍. താപം ദുഃഖമാണ്. മനുഷ്യനു ദുഃഖം പലതരത്തിലുണ്ടാകാം. രോഗം, ദാരിദ്ര്യം, അപമാനം, ബന്ധുക്കള്‍ക്കുണ്ടാകുന്ന ക്ലേശം, അജ്ഞാനം തുടങ്ങി പലതരം ദുഃഖങ്ങള്‍ അധിഭൗതികമായും ആദ്ധ്യാത്മികമായും അധിദൈവികമായും വ്യക്തികളെ ബാധിക്കും. ഏതു താപത്തിനും ദുരിതത്തിനും കാരണം അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപമായിരിക്കും. ഈ ജന്മത്തിലോ മുന്ജന്മത്തിലോ ചെയ്തുപോയ പാപങ്ങളുടെ ഫലമായി ഉണ്ടാകുന്ന ദുരിതങ്ങള്‍ക്കു പരിഹാരം ലോകമാതാവിനെ സ്മരിക്കലാണ്. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഒരു സൂര്യകിരണമോ ദീപമോ കടന്നാല്‍ ഇരുട്ട് സ്വാഭാവികമായി ഇല്ലാതാകും. അതുപോലെ മൂകാംബികാദേവിയുടെ തൃപ്പാദമോ രൂപമോ ദേവിയുടെ ഏതെങ്കിലും നാമമോ സ്തോത്രമോ മന്ത്രമോ സ്മരിക്കുന്ന നിമിഷത്തില്‍ പാപങ്ങള്‍ നശിക്കും. പാപം നശിക്കുമ്പോള്‍ പാപജന്യമായ താപവും നശിക്കും.
443. ചര്ച്ചികാഃ ദുര്‍ഗ്ഗാദേവിയുടെ ഒരു മൂര്‍ത്തി. വേദോച്ചാരണം ആവര്‍ത്തിക്കുന്ന ഒരു രീതിക്കും ചര്ച്ചികാ എന്നു പേരുണ്ട്. ആ ഉച്ചാരണരീതി ദേവിതന്നെയാണെന്നും വ്യാഖ്യാനിച്ചുകാണുന്നു.
444. ചര്ച്ചിതാഃ കുറിക്കൂട്ടുകൊണ്ടും മറ്റും അലങ്കരിക്കപ്പെട്ടവള്‍. ദേവിയുടെ സ്ഥൂലരൂപത്തെ വിഗ്രഹത്തിലും മറ്റും അദ്ധ്യാരോപിച്ച് ആരാധിക്കുന്ന ഭക്തര്‍ സുഗന്ധമുള്ള പ്രസാധനവസ്തുക്കളും ആടകളും ആഭരണങ്ങളുംകൊണ്ട് ദേവിയെ അലങ്കരിക്കാറുണ്ട്. ദുര്‍ഗ്ഗാദേവിയുടെ പര്യായമായും ഈ പദം പ്രയോഗിക്കാറുണ്ട്.
445. ചര്ച്ചാഃ അലങ്കാരം ജീവികളിലും വസ്തുക്കളിലും ആകര്‍ഷകത്വമായി വര്‍ത്തിച്ച് അന്യരെ സന്തോഷിപ്പിക്കുന്നത് ദേവിയാണെന്നു വ്യാഖ്യാനിക്കാം.
ഒരുവിഷയത്തെക്കുറിച്ചു പലര് ഒത്തുകൂടി ചെയ്യുന്ന ആശയസംവാദത്തെയും ചര്‍ച്ച എന്നുപറയും. പലര് പലകാലങ്ങളില്‍ പലയിടത്തായി നടത്തിയ ചര്‍ച്ചകളുടെ സമഗ്രതയാണ് ജ്ഞാനമായും വിജ്ഞാനമായും ലോകത്തെ ധന്യമാക്കുന്നത്. ആ ചര്‍ച്ച ദേവീരൂപമാണ്. അലങ്കാരവും അനേ്വഷണവും ചര്ച്ചാദേവിയുടെ രണ്ടു രൂപങ്ങളാണ്.
446. ചിദാനന്ദസുഖപ്രദാഃ ചിദാനന്ദരൂപമായ സുഖം പ്രദാനം ചെയ്യുന്നവള്‍. വിഷയബന്ധമില്ലാത്തതും ജ്ഞാനരൂപവുമായ ആനന്ദം തന്റെ ഭക്തര്‍ക്കു നല്കുന്ന കരുണാമൂര്ത്തിയാണു മൂകാംബികാദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: