ഈ വാക്കുകള്‍ വിശ്വാമിത്രനെ ക്ഷുഭിതനാക്കി. അദ്ദേഹം കോപത്തോടുകൂടി പറഞ്ഞു. രഘുവംശത്തില്‍ പിറന്നിട്ടും വാക്കുമാറുന്നോ? ഇത് അങ്ങയുടെ പാരമ്പര്യത്തിന് ചേര്‍ന്നതല്ല. സത്യവാദിയും അര്‍ത്ഥികള്‍ക്ക് സര്‍വ്വസ്വവും നല്കുന്നവനുമായ ദശരഥന് ഇങ്ങനെ അധഃപതിക്കുകയോ. അപേക്ഷകനായ എന്നോട് ഉപേക്ഷ കാണിക്കുന്നോ? ഞാന്‍ വിചാരിച്ചാല്‍ നിന്നേയും നിന്റെ വംശത്തേയും… വേണ്ട ഭാവം മാറ്റിക്കൊണ്ട് മഹര്‍ഷി പറഞ്ഞു.
ഇതാണ് നിന്റെ മനസ്സിലിരിപ്പെങ്കില്‍ ഞാന്‍ പോകുന്നു. ”മിത്ഥ്യാപ്രതിജ്ഞ: കാകുസ്ഥ സുഖീ ഭവ സബാന്ധവ”. വാക്കുമാറുന്ന ദശരഥാ നീയും നിന്റെ ബന്ധുക്കളും കൂട്ടുകാരും സുഖമായിരിക്കട്ടെ. എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എഴുന്നേറ്റ് പുറപ്പെട്ടു. ഈ വിഷമാവസ്ഥ കണ്ട വസിഷ്ഠമഹര്‍ഷി വിശ്വാമിത്രനെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് ദശരഥനോടായി പറഞ്ഞു.
മഹാരാജാവേ ഇക്ഷ്വാകുവിന്റെ വംശജനായ അങ്ങ് ധര്‍മ്മമൂര്‍ത്തിയാണ്. അതുകൊണ്ട് ധര്‍മ്മം ത്യജിക്കരുത്. അസ്ത്രവിദ്യയില്‍ രാമന് നിപുണനോ അജ്ഞനോ ആകട്ടെ. രാക്ഷസര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല. സര്വശസ്ത്രവിശാരദനായ വിശ്വാമിത്രന്റെ സംരക്ഷണയില്‍ കഴിയുന്ന രാമനെ ആര്‍ക്കും സ്പര്ശിക്കാന്പോലും കഴിയുകയില്ല. വിശ്വാമിത്രന് രാക്ഷസരെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ലെന്നാണോ അങ്ങു വിചാരിക്കുന്നത്. അങ്ങയുടെ പുത്രന്മാരുടെ നന്മയെകരുതിയാണ് അവരെ അയയ്ക്കാന്‍ ആവശ്യപ്പെടുന്നത്.
വസിഷ്ഠന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതില്‍ കാര്യമുണ്ടെന്ന് അച്ഛനുതോന്നി. മാത്രമല്ല ഈയിടെയായി രജോഗുണത്തിനു പകരം സത്വഗുണം രാമനില്‍ കൂടി വരുന്നുണ്ടോ എന്ന ശങ്കയും ദശരഥനുണ്ടായിരുന്നു. കാരണം ഗുരുകുലവാസം കഴിഞ്ഞ് കൊട്ടാരത്തില്‍ തിരിച്ചെത്തിയ രാമന് ഉത്സാഹഭരിതനായി ദിവസങ്ങള്‍ കഴിക്കവെ ഒരുദിവസം തന്റെയടുക്കല്‍ വന്ന് പുണ്യതീര്‍ത്ഥങ്ങളും, ക്ഷേത്രങ്ങളും മഹര്‍ഷിമാരുടെ തപോവനങ്ങളും സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയുണ്ടായി.
മകന്റെ ഈ അഭിലാഷം നിരസിക്കുന്നതിന് കാരണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാല്‍ താന്‍ വസിഷ്ഠനുമായി ആലോചിച്ചശേഷം തീര്‍ത്ഥാടനാനുമതി നല്കി. സന്തുഷ്ടനായ രാമന് സഹോദരന്മാരോടൊത്ത് വിശേഷ വസ്ത്രങ്ങളണിഞ്ഞ് തീര്‍ത്ഥാടനത്തിനു പുറപ്പെട്ടു. ആനന്ദലഹരിയില്‍ ആവേശഭരിതനും ആഹ്ലാദചിത്തനുമായ രാമന് അനുജന്മാരുമൊത്ത് കോസലം കടന്ന് നാനാ തീര്‍ത്ഥങ്ങളും, ക്ഷേത്രങ്ങളും തപോവനങ്ങളും നദികള്‍, കാനനം, പര്‍വതങ്ങള്‍, സമുദ്രങ്ങള്‍ എല്ലാം വിസ്തരിച്ചു കണ്ട് കൃതാര്‍ത്ഥനായി തിരിച്ചെത്തുകയും, തീര്‍ത്ഥാടന വേളയില്‍ താന്‍ കണ്ട വിവിധ ദൃശ്യങ്ങളും, ആസ്വദിച്ച അനുഭവങ്ങളും തന്മയത്വമായി മാതാപിതാക്കളോടും മറ്റു ഗുരുജനങ്ങളോടും അസ്ഥാന വിദ്വാന്മാരോടും വര്‍ണ്ണിച്ച് കേള്‍പ്പിക്കുകയുണ്ടായി.
ഏതാനും നാള് കഴിഞ്ഞപ്പോള്‍ രാമപ്രകൃതിക്ക് മേഘപടലംകൊണ്ട് മറയപ്പെട്ട സൂര്യബിംബംപോലെ മ്ലാനത സംഭവിച്ചു. രമ്യഹര്‍മ്യങ്ങളും ആഡംബരങ്ങളും വെടിഞ്ഞ് വിജനസ്ഥലത്ത് ഏകാന്തമായി ഇരിക്കാനാണ് രാമന് അധികവും ഇഷ്ടപ്പെട്ടത്. ഇതുകണ്ടതു കൊണ്ടാണ് അവരുടെ വിവാഹകാര്യങ്ങള്‍ താന്‍ ആലോചിക്കാന്‍ തുടങ്ങിയതും. ഗുരുവുമായി ആലോചിച്ചപ്പോഴും നന്മവരുന്നതിന്റെ സൂചനയല്ലാതെ ഇത് മറ്റൊന്നുമല്ല എന്നാണ് അദ്ദേഹവും പറഞ്ഞത്.
ഒരുപക്ഷേ വിശ്വാമിത്രന്റെ ഈ വരവ് അതിന്റെ-ആ നന്മയുടെ ഒരു തുടക്കമായേക്കാം. ഏതായാലും രാമനെ വിശ്വാമിത്ര മഹര്ഷിയ്ക്കൊപ്പം അയക്കാന്‍ തീരുമാനിച്ചു. തന്നെയല്ല വേണ്ട സമയത്ത് ചെയ്യുന്ന കാര്യം ചെറുതായാലും അത് മഹാഫലപ്രദമായിരിക്കും. അസമയത്തു ചെയ്യുന്ന കാര്യമാകട്ടെ എത്ര വലുതായാലും നിഷ്പലമാവുകയെ ഉള്ളൂ. മാത്രമല്ല ധര്‍മ്മവും മഹത്തും യശസ്സും എപ്പോഴും രക്ഷിക്കപ്പെടേണ്ടതാണ് എന്നീ വിശ്വാമിത്ര വചസ്സുകള്‍ ഓര്‍ത്തപ്പോള്‍ രാജാവിനു മറിച്ച് ചിന്തിക്കാന്‍ തോന്നിയില്ല.
മാത്രമല്ല ഊണും, കുൡയും, കുളിയുമില്ലാതെ വസ്ത്രധാരണത്തിലും ഭക്ഷണത്തിലും താല്പര്യമില്ലാതെ ആകപ്പാടെ സന്യാസവൃത്തിയോടുകൂടിയ ഒരു തപോധനന്റെ ലക്ഷണങ്ങളാണ് രാമനില്‍ കാണുന്നത്. മനസ്സിനേതോ അസ്വാസ്ഥ്യം ബാധിച്ച് മൗനം ദീക്ഷിച്ചു കഴിയുന്ന രാമനേക്കാള്‍ താന്‍ തന്നെ സൈന്യസമേതം സായുധനായികൂടെപ്പോരാമെന്ന് പറഞ്ഞുനോക്കിയതാണ്.
വിശ്വാമിത്രന് സമ്മതിച്ചില്ല. അദ്ദേഹം അമാനുഷ മഹിമാവായ തപോനിധിയാണ്. അദ്ദേഹത്തെപ്പോലെ ദിവ്യാസ്ത്രങ്ങളെപ്പറ്റി അറിഞ്ഞവരാരും ലോകത്തിലില്ല. ദേവാസുരന്മാരിലോ, മനുഷ്യരിലോ ഋഷികളിലോ അദ്ദേഹത്തോട് തുല്യത പുലര്‍ത്തുന്നവര്‍ ആരുംതന്നെയില്ല. രാമനെ വിളിച്ചുവരുത്തുന്നതിന്നായി അദ്ദേഹം സചിവന്മാരെ നിയോഗിച്ചു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: