മേയ് മാസം ആറിന് ജനിച്ച ധീരദേശാഭിമാനി വേലുത്തമ്പിദളവയുടെ 250-ാം ജന്മദിനമാണ് ഇന്ന്. 1857ലെ ഒന്നാം സ്വാതന്ത്യസമരത്തിന് അരനൂറ്റാണ്ടു മുമ്പായിരുന്നു വേലുത്തമ്പിയുടെ ഇംഗ്ലീഷ് വിരുദ്ധ, വിദേശ വിരുദ്ധ പോരാട്ടം.
പോര്‍ട്ടുഗീസുകാരുടെ വരവോടെ തുടങ്ങിയ കോളനിവാഴ്ച ഡച്ചുകാരുടെ കുളച്ചല്‍ യുദ്ധത്തിലെ തോല്‍വിയോടെ നിലച്ചില്ല. ഡച്ചുകാര്‍ മാര്ത്താണ്ഡവര്മ്മയോടെതീര്ത്തുനിന്ന് പൊരുതിയെങ്കില്പോലും അവസാനമവര്‍ക്ക് ഭാരതം വിട്ട് ബറ്റാവിയായിലേക്ക് (ഇന്റോനേഷ്യാ) പോകേണ്ട ഗതികേട് വന്നു. തുടര്‍ന്നെത്തിയ ഇംഗ്ലീഷുകാര്‍ തങ്ങളുടെ തലശ്ശേരി, അഞ്ചുതെങ്ങ് വാണിജ്യകേന്ദ്രങ്ങള്വഴി സ്ഥാനം ഉറപ്പിച്ചു. വെല്ലസ്ലി കൊണ്ടുവന്ന സൈനികസഹായവ്യവസ്ഥയില്കൂടി കപ്പം വാങ്ങുവാനും സാധിച്ചു. ഏകദേശം മുപ്പത് നാട്ടുരാജ്യങ്ങള്‍ ഇംഗ്ലീഷുകാരുമായി സൈനികസഹായവ്യവസ്ഥ ഒപ്പിട്ടു. ഇതിനുശേഷമായിരുന്നു തിരുവിതാംകൂറിന്റെമേല് സമ്മര്‍ദ്ദമുണ്ടായത് (1805).
തിരുവിതാംകൂര്‍ ഇത്തരം വ്യവസ്ഥകളെ എതിര്‍ക്കുമെന്ന സംശയം ഉണ്ടായതിനാല്‍ പാളയംകോട്ടയിലെ ഇംഗ്ലീഷ് സൈന്യത്തെ തലസ്ഥാനത്തേക്ക് കൊണ്ടുവന്ന് തിരുവനന്തപുരത്തിനടുത്ത് പ്രാവച്ചമ്പലത്ത് താവളമടിപ്പിച്ചശേഷമായിരുന്നു ഇംഗ്ലീഷ് പ്രതിപുരുഷനായിരുന്ന കേണല്‍ മെക്കാളെ സൈനിക സഹായവ്യവസ്ഥയുടെ പൂര്‍ണരൂപം തിരുവിതാംകൂര്‍ മഹാരാജാവ് ബാലരാമവര്മ്മയ്ക്കും (1798- 1810) ദിവാന് വേലുത്തമ്പിദളവയ്ക്കും (1765- 1809) കൈമാറിയത്. എട്ടുലക്ഷം കപ്പം ചുമത്തിയ നടപടിയെ തിരുവിതാംകൂര്‍ എതിര്‍ത്തു. സൈനിക നടപടിവഴി തിരുവിതാംകൂറിനെ ബ്രിട്ടീഷ് ഇന്ത്യയോടു കൂട്ടിചേര്ക്കാന്പോലും തയ്യാറായിട്ടായിരുന്നു ഇംഗ്ലീഷ്കാരുടെ നില്‍പ്പ്. ഇത് തടയാനും കരാര്‍ ഒപ്പിട്ടശേഷം അതിനെ അവഗണിക്കാനുമായിരുന്നു അവസാനം ബാലരാമവര്‍മ്മയും വേലുത്തമ്പിയും തീരുമാനിച്ചത്.
തിരുവിതാംകൂര്‍ രാജാവിനും ക്ഷേത്രത്തിനും കൊട്ടാരത്തിനുമെല്ലാം അന്ന് സൈനിക സഹായങ്ങള്‍ നല്‍കിയിരുന്നത് നായര്‍ പട്ടാളമായിരുന്നു. അവര്‍ ശമ്പളവര്ദ്ധനയാവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത്തരമൊരാവശ്യം ദിവാനായ വേലുത്തമ്പി തള്ളിക്കളഞ്ഞത് നായര്‍ ലഹളയ്ക്ക് ഇടയാക്കി. ബ്രിട്ടീഷ് റസിഡന്റ് മെക്കാളെ (മെക്കാളെ പ്രഭുവല്ല) ഇടപെട്ടാണ് അത്തരം കലാപത്തെ അടിച്ചമര്‍ത്തിയത്. നായര്‍ ബ്രിഗേഡിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ രാജ്യസ്നേഹത്തിനു കനത്ത ആഘാതം ഏല്‍പ്പിക്കുകയുണ്ടായി ആ ലഹള.
1805-ല്‍ സൈനിക സഹായസന്ധി ഒപ്പിട്ടുവെങ്കിലും അത് ദൈനംദിനം ലംഘിക്കുകയാണ് ദിവാനും രാജാവും ചെയ്തത്. കപ്പം കൊടുക്കുകയോ ബ്രിട്ടീഷ് പട്ടാളത്തെ നിലനിറുത്താന്‍ സഹായിക്കുകയോ റസിഡന്റിന്റെ അഭിപ്രായങ്ങള്‍ ഭരണകാര്യങ്ങളില്പ്പെടുത്തുകയോ ചെയ്യാത്തത് റസിഡന്റിന് ദിവാന്റെ മേല്‍ അമര്‍ഷം ഉണ്ടാക്കി. പഴയ സുഹൃത്തുക്കള്‍ ശത്രുക്കളായി മാറി. ഇംഗ്ലീഷുകാര്‍ക്ക് ആദ്യകാലത്ത് ദിവാനെക്കുറിച്ചുണ്ടായിരുന്ന നല്ല അഭിപ്രായങ്ങള്‍ മാറി. റസിഡന്റ് തടി വ്യാപാരിയായിരുന്ന മാത്തുത്തരകന് നല്കിയ നികുതിയാനുകൂല്യങ്ങള്‍ വേലുത്തമ്പി റദ്ദാക്കിയിരുന്നു. ഭരണകാര്യങ്ങളിലും വേലുത്തമ്പി തന്റെ രാജസ്നേഹവും രാജ്യസ്നേഹവും നിലനിറുത്തിയിരുന്നതുതന്നെ ഇംഗ്ലീഷുകാരുടെ കണ്ണിലെ കരടായി മാറുന്നതിന് ഹേതുവായി.
കപ്പകുടിശ്ശിക നല്‍കാത്തതിന്റെ പേരിലുള്ള ആക്രോശങ്ങള്‍ വര്‍ദ്ധിച്ചു. ക്ഷേത്രസ്വത്തുക്കളില്‍ നിന്നുള്ള ആദായംവഴിയെങ്കിലും കപ്പം നല്കണമന്നായി റസിഡന്റ്. ആഭരണങ്ങള്‍ പണയംവച്ചും ഇതുതരാമെന്ന മെക്കാളെയുടെ അഭിപ്രായത്തെ വേലുത്തമ്പി അവഗണിച്ചു. വര്‍ദ്ധിച്ചുവരുന്ന ഇംഗ്ലീഷ് ഇടപെടലുകള്‍ക്കെതിരെ വേലുത്തമ്പി മറ്റുള്ള രാജാക്കന്മാരെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചു. സാമൂതിരിക്കും കൊച്ചിരാജാവിനും ഇംഗ്ലീഷുകാര്‍ക്കെതിരെ പടപൊരുതേണ്ട സാഹചര്യം എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് വേലുത്തമ്പി എഴുതി. സാമൂതിരി വേലുത്തമ്പിയുടെ കത്ത് തലശ്ശേരിയിലെ ഇംഗ്ലീഷ് കമ്മാന്ഡര്ക്ക് കൈമാറി ‘ദേശഭക്തി’ തെളിയിച്ചു. കൊച്ചിരാജാവ് വേലുത്തമ്പിയുടെ യുദ്ധശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഒരു നേരിട്ടുള്ള ഏറ്റുമുട്ടല്‍ പ്ലാനിടുന്നതിനുമുമ്പുതന്നെ കൊച്ചിദിവാന്റെ നേതൃത്വത്തില്‍ റസിഡന്റ് മെക്കാളെയെ ആക്രമിക്കാന്‍ കൊച്ചി സൈന്യം ശ്രമിച്ചത് ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ പരാജയം തുറന്നുകാട്ടുന്നു.
സൈനികമായി തയ്യാറെടുക്കുന്നതിനും നാട്ടുകൂട്ടത്തെ ഒരുമിപ്പിക്കുന്നതിനുമായി 1809 ജനുവരിയില്‍ (മകരം ഒന്നിന്) വേലുത്തമ്പി കുണ്ടറ ഇളംമ്പള്ളൂര്‍ ദേവീക്ഷേത്രമൈതാനിയില്വച്ച് ഒരു പ്രഖ്യാപനം നടത്തി. ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും നാട്ടുകാരെ പിഴിഞ്ഞ് അവരെ പാപ്പരാക്കാനും നായര്‍ പട്ടാളെത്തെ നിര്‍വീര്യമാക്കാനും കപ്പം അടിച്ചേല്പ്പിക്കാനുമൊക്കെയുള്ള ഇംഗ്ലീഷുകാരുടെ കുതന്ത്രങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍വേണ്ടി നാട്ടുകാര്‍ തയ്യാറാകണമെന്ന് വേലുത്തമ്പി ഉദ്ബോധിപ്പിച്ചു. ഓരോ നാട്ടുകൂട്ടവും സൈനികമായി തയ്യാറെടുപ്പുകള്‍ നടത്തണമെന്നും യുദ്ധം ഏതുസമയവും പൊട്ടിപ്പുറപ്പെടാമെന്നും ഇപ്പോള്‍ ഒരു പോരാട്ടത്തിന് അമാന്തിച്ചാല്‍ അത് നാട്ടുകാര്‍ക്കും രാജ്യത്തിനും രാജാവിനും അവമതിയുണ്ടാക്കുമെന്നും കുണ്ടറ വിളംബരം വഴി വേലുത്തമ്പി പ്രഖ്യാപിച്ചു.
ഇളംമ്പള്ളൂരില്നിന്നും നാന്തിരിക്കല്‍ (നാം തിരിക്കുന്നു എന്നും അര്‍ത്ഥം നല്‍കാം) വഴി വള്ളിയൂരും ഉദയഗിരിയുമെല്ലാം താമസിയാതെ യുദ്ധക്കളമായി.
ഇതിനിടയില്‍ വേലുത്തമ്പിയെ ദിവാന് പദവിയില്‍നിന്നു മാറ്റണമെന്നും ഇത്തരം ഒരു ബ്രിട്ടീഷ് വിരുദ്ധനയം തുടര്‍ന്നാല്‍ വേലുത്തമ്പിയുടെ തല വലിയതുറ കടലില്‍ കിടക്കുമെന്നുമുള്ള മെക്കാളെയുടെ വര്‍ത്തമാനമെല്ലാം റസിഡന്റ്- ദിവാന് ബന്ധത്തെ ഉലച്ചു. ഇതിനിടയില്‍ ആലപ്പുഴ പള്ളാത്തുരുത്തിവഴിയാത്രചെയ്തിരുന്ന ഡോക്ടര്‍ ഹ്യൂം അടങ്ങുന്ന സംഘത്തെ വേലുത്തമ്പിയുടെ അനുചരനായ വൈക്കം പത്മനാഭ പിള്ളയുടെ നേതൃത്വത്തിലുള്ളവര്‍ വധിച്ചു (33 പേര്). ഇത് ഇംഗ്ലീഷുകാരെ പ്രകോപിച്ചു. ബോട്ടില്‍ യാത്ര ചെയ്തിരുന്ന ഈ 33 പേരില്‍ പലരും പള്ളാത്തുരുത്തിയില്‍ ഇറങ്ങി ആഹാരം കഴിക്കാനെന്നപേരില് കാട്ടിക്കൂട്ടിയ കോമാളിത്തം ആഭാസകരമായതിനാല് നാട്ടുകാരാണ് ഇവരില്‍ ചിലരെ വധിച്ചത്. പക്ഷേ നാട്ടുകാര്‍ ന്യായമായി ചെയ്തതിന്റെ കുറ്റവും വേലിത്തമ്പിയുടെ മേല്‍ ആരോപിക്കപ്പെട്ടു പില്ക്കാലത്ത്.
കുഞ്ചൈക്കുട്ടിപ്പിള്ളയടക്കമുള്ള സൈനിക നേതാക്കന്മാര് വേലുത്തമ്പിയുടെ ഒപ്പം ഉറച്ചുനിന്നു എന്ന കാര്യത്തില്‍ സംശയമില്ല. നാട്ടുക്കൂട്ടത്തിന്റെ തയ്യാറെടുപ്പ് ഉദ്ദേശ്യത്തില്‍ എത്തിയില്ല. ഇംഗ്ലീഷുകാരുടെ ആധുനിക യുദ്ധോപകരണങ്ങളുടെ മുമ്പില്‍ നാട്ടുസൈന്യം പരാജയപ്പെട്ടു. അഞ്ചുതെങ്ങില്‍ നിന്ന് കേണല്‍ ചാമേര്ഴിന്റെ സൈന്യാധിപത്യത്തിലെത്തിയവര് നാട്ടുകാരെ നിശ്ശേഷം പരാജയപ്പെടുത്തി. ഇതുതന്നെയായിരുന്നു തെക്കന്‍ തിരുവിതാംകൂറിലും- വള്ളിയൂര്‍, തോവാള, തലക്കുളം, ഉദയഗിരി- നടമാടിയത്. പരാജയം ഉറപ്പായപ്പോള്‍ വേലുത്തമ്പി ദളവ തിരുവിതാംകൂര്‍ മഹാരാജാവിനെ കണ്ട്, ”എല്ലാത്തിനും താനാണുത്തരവാദിയെന്ന്” ഏറ്റുപറഞ്ഞു. ഇതുവഴി ഒരു ഇംഗ്ലീഷ് സൈനികഭരണനടപടിയായ കൂട്ടിച്ചേര്‍ക്കല്‍ ഒഴിവാക്കുകയായിരുന്നു ദളവയുടെ ലക്ഷ്യം. വേലുത്തമ്പിയെ സ്ഥാനത്തുനിന്ന് മാറ്റി ഉമ്മിണിത്തമ്പിയെ ദിവാനാക്കി രാജാവ് പ്രഖ്യാപനം ചെയ്തു. വേലുത്തമ്പിയെ പിടിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം പുതിയ ദിവാനില്‍ അര്‍പ്പിതമായി.
തലസ്ഥാനത്തുനിന്ന് പിന്‍വാങ്ങി ഇനി എന്ത് എന്ന് ജോത്സ്യരുമായി ചര്‍ച്ച ചെയ്യാനായിരുന്നു വേലുത്തമ്പി നിശ്ചയിച്ചത്. അക്കാലത്ത് മണ്ണടിയില്‍ (അടൂര്‍ഭാഗത്ത്)വലിയൊരു ദൈവജ്ഞന് ഉണ്ടായിരുന്നു- കമ്പിത്താന്‍. ഇദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ തീരുമാനിക്കാനായിരുന്നു അങ്ങോട്ടു വേലുത്തമ്പി പോയത്. ഇടയ്ക്ക് കിളിമാനൂര്‍ കോവിലകത്ത് കയറി അവിടത്തെ രാജാവിനെ കണ്ടു. തളര്‍ന്ന് തരിപ്പണമായ വേലുത്തമ്പിക്ക് തന്റെ അമൃതേത്താണ് രാജാവ് നല്‍കിയത്. യാത്ര പറയവേ ‘ഈ വാള്’ ഇവിടെയിരിക്കട്ടെയെന്ന് പറഞ്ഞ് കിളിമാനൂര്‍ രാജാവിന് നല്കി.
കാമ്പിത്താനെ കാണാന്‍ പറ്റിയില്ല. അദ്ദേഹം അപ്പോഴേക്കും ഇഹലോകം വെടിഞ്ഞിരുന്നു.
പുറകേവന്ന ഉമ്മിണിത്തമ്പിയുടെയും മെക്കാളെയുടെയും സൈന്യത്തിന്റെ നിയന്ത്രണത്തില്പ്പെടാതെയിരിക്കാന് വേലുത്തമ്പി മണ്ണടിക്ഷേത്രത്തില്‍ അഭയം പ്രാപിച്ചു. ക്ഷേത്രം സൈന്യം വളഞ്ഞപ്പോള്‍ ”ജീവനോടെ പിടികൊടുക്കാതിരിക്കാന്‍” വേലുത്തമ്പി തന്റെ കുന്തമുപയോഗിച്ച് ആത്മഹത്യചെയ്തു; 1809 മാര്‍ച്ച് 28ന് അര്‍ദ്ധരാത്രി. ശത്രുതകാരണം മെക്കാളെയുടെ കല്പനയില് വേലുത്തമ്പിയുടെ ശവശരീരം തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ (ഇപ്പോഴത്തെ സെമിനാരി) കുന്നില്‍ തൂക്കിയിടുകയും അങ്ങനെ അതൊരു മാതൃകയാവട്ടെയെന്നുമുള്ള മെക്കാളെയുടെ നയത്തെ ഗവര്‍ണര്‍ ജനറല്‍ മിന്റോപ്രഭു അപലപിക്കുകയുണ്ടായി.
”ലക്ഷ്യം നിറവേറിക്കഴിഞ്ഞിട്ടും ഒരു ശവശരീരത്തോട് നമ്മുടെ ഒരു ഉദ്യോഗസ്ഥന് കാണിച്ചത് സംസ്കാരശൂന്യമായ നടപടിയായിപ്പോയി” എന്നുപറഞ്ഞാണ് മിന്റോ മെക്കാളെയെ റസിഡന്റ് പദവിയില്‍നിന്ന് മാറ്റി ജോണ്‍ മണ്ട്രോവിനെ നിയമിച്ചത് (1809).
ഡബ്ലിയു. ഡബ്ലിയു. ഹണ്ടറുടെ ”ബ്രിട്ടീഷ് ഇന്ത്യ” എന്ന ഗ്രന്ഥത്തില്‍ അമേരിക്കന്‍ സൈന്യവും ഫ്രഞ്ചുസൈന്യവും വേലുത്തമ്പിയെ സഹായിക്കാന്‍ എത്തിച്ചേരുമെന്ന് കുരുമുളക് കച്ചവടക്കാര്‍ പറഞ്ഞിരുന്നതായി എഴുതിയിട്ടുണ്ട്. മറാഠികളും മറ്റ് നാട്ടുരാജാക്കന്മാരും ഇംഗ്ലീഷുകാരെ തുരത്താന്‍ തിരുവിതാംകൂര്‍ ദിവാനെ സഹായിക്കും എന്ന വിശ്വാസവും വേലുത്തമ്പിക്കുണ്ടായിരുന്നു.
കുണ്ടറ വിളംബര സമയത്തും നായന്മാരും ഈഴവരും മുഹമ്മദീയരുമൊക്കെ വേലുത്തമ്പിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരുന്നതായി തമിഴ്നാട്ടിലെ എഗ്മൂര്‍ പുരാരേഖാലയത്തിലെ രേഖകള്‍ സാക്ഷ്യം വഹിക്കുന്നു. കോളനി വാഴ്ചയ്ക്കെതിരായി പഴശ്ശി സമരങ്ങളുടെ (1793-1805) തുടര്‍ച്ചയെന്നവിധം നടന്ന വേലുത്തമ്പിയുടെ കലാപം വിദേശവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ അദ്വതീയസ്ഥാനം വഹിക്കുന്നു. തമിഴ്നാട്ടില്‍ മരടുപാണ്ഡ്യനും കട്ടബൊമ്മനും ബദ്നൂരില് നായിക്കുകളും പടപൊരുതുന്നതിനുമുമ്പായിരുന്നു വേലുത്തമ്പിയുടെ വിദേശ വിരുദ്ധ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: