നാരായണ്‍ജിയുടെ ചക്കമാഹാത്മ്യം വായിച്ചപ്പോള്‍ ‘ചക്ക വീണ് മുയല് ചത്ത’ മാതിരി ചില ചക്കക്കഥകള്‍ ഓര്‍മവന്നത് എഴുതാന്‍ തോന്നി.പണ്ട്, നാടായ നാട്ടിലെ പ്ലാവായ പ്ലാവെല്ലാം കായ്ച്ച കാലത്ത് അനന്തരവളെ സന്ദര്‍ശിച്ച കാരണവര്‍ക്ക് ചോറിന് കൂട്ടാന്‍ വിളമ്പിയത് ചക്കത്തോരന്‍, ചക്കത്തീയല്‍, ചക്ക അവിയല്‍ ഇത്യാദി ചക്കക്കറികള്. മനംപിരട്ടിയ കാരണവരോട് ‘ഒഴിക്കാന്‍ മോര് എടുക്കട്ടേ, അമ്മാവാ’ എന്ന് മരുമകള്‍ ആരാഞ്ഞതും അതും ചക്കകൊണ്ടാണേല് വേണ്ട മോളേ” എന്ന് കാരണവര്‍ മറുപടി പറഞ്ഞതും പഴയൊരു കഥ.
ചക്ക പഴുത്തുവീണ് പരിയമ്പുറം ചീഞ്ഞുനാറിയപ്പോള്‍ ഒരു വിദ്വാന് നാട്ടുകാര്‍ക്കെല്ലാം ഈ രണ്ട് ചക്ക വീതം ദാനംചെയ്തതും അങ്ങനെ ചക്ക കിട്ടിയവര്‍ ടിയാന് നന്നാലു ചക്കവീതം തിരികെ സമ്മാനിച്ചതും അടുത്ത കഥ. ഇതുപോലെ ചക്ക പഴുത്തുവീണ് പുരയിടം വൃത്തികേടായപ്പോള്‍ പാതിരാത്രിയില്‍ ചക്കയെല്ലാം പറിച്ച് അയല്പക്കത്തെ പ്ലാവിന്ചുട്ടില് കൊണ്ടുവന്നിട്ടതും നേരം വെളുത്തപ്പോള്‍ അയല്ക്കാരന് ആ ചക്കയും അയാളുടെ പ്ലാവിലെ ചക്കയും കൂടി തിരികെ കൊണ്ടുചെന്നിട്ടതും മറ്റൊരു കഥ.
ഇനി നാലാമത്തെ കഥ. മുറ്റത്തൊരു പ്ലാവ് നിന്നതുകൊണ്ട് വീട്ടുപേര് ‘പ്ലാമ്മൂട്ടില്‍’ എന്നായിപ്പോയി. കാശിന്റെ ആവശ്യം വന്നപ്പോള്‍ പ്ലാവ് വെട്ടി വിറ്റെങ്കിലും നാട്ടുകാര്‍ സമ്മതിക്കുമോ? പ്ലാവിന്റെ കുറ്റി ബാക്കിനിന്നതുകൊണ്ട് അവര്‍ വീടിന്റെ പേര് ‘കുറ്റിപ്ലാമ്മൂട്ടില്’ എന്നാക്കിമാറ്റി. നാണക്കേട് തോന്നിയ വീട്ടുകാര്‍ കുറ്റിമാന്തിക്കളഞ്ഞെങ്കിലും ഉദാരമതികളായ നാട്ടുകാരുടെ വക പുതിയ പേര് ഉടന്‍ വന്നു: ‘കുഴിപ്ലാമ്മൂട്ടില്’ എന്ന്. അവസാനം മണ്ണിട്ട് കുഴിമൂടിയപ്പോള് കിട്ടിയ ‘കുഴിനികത്തിയതില്’ എന്ന പേര് ഇന്നും തുടരുന്നു. അല്ലെങ്കില്‍ത്തന്നെ പ്ലാവില്ലാത്ത വീടിന് പ്ലാമ്മൂട്ടില്‍ എന്ന പേര് ഇനിയെന്തിന്?
ചക്കക്കഥകള്‍ ഇനിയുമുണ്ടെങ്കിലും ‘ചക്കക്ക് ചുക്ക്’ എന്ന ചൊല്ലില്‍ വിശ്വാസമുള്ളതിനാല്‍ തല്ക്കാലം നിര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: