ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ ഇടംലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ കെവിന് പീറ്റേഴ്സന് ഐപിഎല്ലിലേക്കു മടങ്ങിവരാന്‍ ഒരുങ്ങുന്നു. ലേലത്തില്‍ 2 കോടി മുടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് പീറ്റേഴ്സനെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കൗണ്ടി ക്രിക്കറ്റ് കളിക്കണമെന്ന കെപിയുടെ താത്പര്യപ്രകാരം ഹൈദരാബാദ് ടീം അധികൃതര്‍ അദ്ദേഹത്തെ സറെയ്ക്കു വിട്ടുനല്‍കി. ട്രിപ്പിള്‍ സെഞ്ച്വറിയോടെ തിളങ്ങിയെങ്കിലും പീറ്റേഴ്സനെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഇസിബിയുടെ പുതിയ ഡയറക്ടര്‍ ആന്‍ഡ്രു സ്ട്രോസ് വ്യക്തമാക്കിയിരുന്നു.
ഇതാണ് താരത്തിന്റെ ഐപിഎല്‍ മോഹങ്ങളുടെ ചിറകുമുളപ്പിച്ചത്.
സണ്‍റൈസേഴ്സിന് എന്നെ തിരിച്ചുവിളിക്കാന്‍ അവകാശമുണ്ട്. ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കും. സമ്മര്‍ദ്ദം കുറയ്ക്കാനും അടുത്തെന്ത് ചെയ്യണമെന്ന് നിശ്ചയിക്കാനും അതു സഹായിക്കും, ഡെയ്ലി ടെലഗ്രാഫിലെ ലേഖനത്തില്‍ പീറ്റേഴ്സന് എഴുതി.
കൗണ്ടി കളിക്കുന്നതിനായാണ് ഐപിഎല്‍ ഉപേക്ഷിച്ചത്. എനിക്കു തരാന്‍ സറെയ്ക്കു പണമില്ലായിരുന്നു.
എന്നാല്‍ സൗജന്യമായി കളിക്കാമെന്നു സമ്മതിച്ചു. പക്ഷേ, പുറത്തേക്കുപോകേണ്ടിവന്നു, പീറ്റേഴ്സന് വ്യക്തമാക്കി. ഇസിബി ഉപദേശ സമിതിയംഗത്വം സ്ട്രോസ് വാഗ്ദാനം ചെയ്യുകയുണ്ടായി. ഞാനതു നിരസിച്ചു. അതു മറന്നുകളയാന്‍ സ്ട്രോസിനോട് ഉപദേശിച്ചു. അവര്‍ക്ക് എന്നെ വിശ്വാസമില്ലെന്നു പറയുന്നു. എന്നിട്ട് ബോര്‍ഡിന്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നു. ഒരേസമയം ഇതു ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു, പീറ്റേഴ്സന് ചോദിച്ചു.
അതേസമയം, പീറ്റേഴ്സന് വന്നാല്‍ സണ്‍റൈസേഴ്സിന് ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്. 14 പോയിന്റുള്ള സണ്‍റൈസേഴ്സ് ഐപിഎല്‍ ടേബിളില്‍ മൂന്നാം സ്ഥാനത്തുണ്ട്. പീറ്റേഴ്സന്റെ സാന്നിധ്യം അവരുടെ പ്ലേ ഓഫ് സാധ്യതകളേറ്റും. വെള്ളിയാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി സണ്‍റൈസേഴ്സിന്റെ അടുത്ത മത്സരം.
ശനിയാഴ്ച മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സിനു മുന്നിലെത്തും. അതിനു മുന്‍പ് കെപി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: