515. ശര്മ്മദാത്രീഃ – ശര്‍മ്മം തരുന്നവള്‍. ശര്‍മ്മം എന്ന പദത്തിന് ആനന്ദം, സുഖം, ആഹ്ലാദം, ക്ഷേമം എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍. എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ ആഹ്ലാദവും സുഖവും ആനന്ദവും ക്ഷേമവും കുറെയെങ്കിലും ഉണ്ടായിരിക്കും. ദുഃഖാനുഭവം മാത്രമുള്ള ജീവിതങ്ങളില്ല. സുഖാനുഭവം മാത്രമുള്ള ജീവിതവുമില്ല. ഇരുട്ടും വെളിച്ചവുംപോലെ ദുഃഖവും സുഖവും മാറിമാറിവരുന്നതു സ്വാഭാവികമാണ്.
അനുഭൂതമാകുന്ന സുഖാനുഭൂതി ദേവികാരുണ്യംകൊണ്ടുണ്ടാകുന്നതാണ്. വിഷയസുഖത്തെ സുഖമെന്നു തെറ്റിദ്ധരിക്കുന്നതും ശരീരത്തിനോ മനസ്സിനോ ഉണ്ടാകുന്ന അല്പമായ അസ്വസ്ഥതയെ ദുഃഖമെന്നു കരുതുന്നതും നമ്മുടെ അറിവില്ലായ്മകൊണ്ടാണ്. സുഖദുഃഖങ്ങളെ സമമായി കാണാനും അനുഭവിക്കാനുമുള്ള കഴിവാണ് ശര്‍മ്മം. ദേവിയെ നിഷ്കാമമായി ആശ്രയിക്കുന്നവരെ ദേവിശര്മ്മം നല്കി അനുഗ്രഹിക്കും.
ശര്മ്മത്തിനു സംരക്ഷണം എന്നും അര്‍ത്ഥമുണ്ട്. മാതൃ വാത്സല്യത്തോടെ മൂകാംബികാലോകത്തിനു ശര്‍മ്മം നല്കുന്നു. ശര്മ്മത്തിനു അഭയസ്ഥാനം എന്നും അര്‍ത്ഥമുണ്ട്. പുണ്യവാനും പാപിക്കും ദേവിയുടെ തൃപ്പാദങ്ങള്‍ അഭയസ്ഥാനമാണ്.
516. ദേവധാത്രീഃ – ദേവന്മാര്ക്കു ധാത്രിയായവള്‍. മനുഷ്യര്ക്കില്ലാത്ത കഴിവുകളുള്ളവരും സ്വര്ഗവാസികളും മരണമില്ലാത്തവരും സദാ യൗവനയുക്തരുമായ ഒരു വര്‍ഗമാണു ദേവന്മാര്. കശ്യപന് അദിതിയില്‍ ജനിച്ച പുത്രന്മാരാണിവര്. പ്രകൃതിപ്രതിഭാസങ്ങള്‍ക്കും സുഖദുഃഖങ്ങള്‍ക്കും കാരണമായി ദേവന്മാരെ മനുഷ്യര്‍ ആരാധിക്കുന്നു.
ദേവശബ്ദത്തെ ആചാര്യന്മാര് പലതരത്തില്‍ വ്യാഖ്യാനിക്കുന്നു. ”ദേവോ ദാനാത്” (ദാനം ചെയ്യുന്നതുകൊണ്ടു ദേവന്). മനുഷ്യര്‍ക്ക് സുഖവും ദുഃഖവും ദാനം ചെയ്യുന്നതുകൊണ്ടു ദേവന് എന്ന ഈ നിര്‍വചനം യാസ്തന്റേതാണ്. ”ദേവോ ദീപനാത്” (പ്രകാശിക്കുന്നതു കൊണ്ടു ദേവന്) എന്നും ”ദേവോ ദ്യോതനാത്” (പ്രകാശിപ്പിക്കുന്നതുകൊണ്ടു ദേവന്) എന്നും ”ദ്യുസ്ഥാനേ ഭവനി ഇതി ദേവാ”ഃ (സ്വര്ഗത്തിലുണ്ടായവര് ദേവന്മാര്) എന്നും യാസ്കന്‍ ദേവശബ്ദത്തെ നിര്‍വചിക്കുന്നു. യാസ്താചാര്യരുടെ നിര്‍വചനങ്ങള്‍ ചേര്‍ത്താല്‍ ”മനുഷ്യര്‍ക്ക് സുഖവും ദുഃഖവും ദാനം ചെയ്യുന്നവരും സ്വയം പ്രകാശിപ്പിക്കുന്നവരും സ്വര്‍ഗത്തില്‍ വസിക്കുന്നവരുമാണ് ദേവന്മാര് എന്നു മനസ്സിലാക്കാം.
ധാത്രീ എന്ന പദത്തിന് അമ്മ എന്നും വളര്‍ത്തമ്മ എന്നും അര്‍ത്ഥം. ”ദധാതി ഇതി ധാത്രീ” (പോഷിപ്പിക്കുന്നതിനാല് ധാത്രി) എന്നു ഈ പദത്തെ നിര്‍വചിക്കാം.
രണ്ടും ചേര്‍ന്നുണ്ടായ ദേവധാത്രീ എന്ന നാമത്തിന് ദേവന്മാരെ പോഷിപ്പിക്കുന്നവള്‍ എന്നര്‍ത്ഥം. സമസ്ത പ്രപഞ്ചത്തിനും ധാത്രിയായ മൂകാംബികാദേവി ദേവധാത്രിയുമാണ്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: