കേരളത്തിലെങ്ങുമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് മോഹന്‍ജി എന്നാല്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കഴിഞ്ഞ ബുധനാഴ്ച പരലോകപ്രാപ്തനായ മുന്‍ പ്രാന്ത കാര്യാലയപ്രമുഖും വ്യവസ്ഥാപ്രമുഖുമായ മുതിര്‍ന്ന പ്രചാരകന് മോഹന്‍ കുകിലിയ എന്ന മോഹന്‍ജി. കേരളത്തിനു പുറത്ത് മോഹന്‍ജി എന്നുപറഞ്ഞാല്‍ അതു പൂജനീയ സര്‍സംഘചാലക് മോഹന്‍ ഭാഗവത്ജിയെയായിരിക്കുമെന്നുമാത്രം.
ഇന്നത്തെയും അതിനുമുമ്പത്തെയും തലമുറയില്‍പ്പെട്ട പരിവാര്‍ പ്രവര്‍ത്തകര്‍ക്ക്, അവര്‍ പ്രാന്തകാര്യാലയവുമായി ബന്ധപ്പെട്ടപ്പോള്‍ മുന്നില്‍ക്കണ്ട ആദ്യവ്യക്തി മോഹന്ജിയായിരിക്കും. എന്നാല്‍ സുദീര്‍ഘമായൊരു സംഘജീവിതം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനപ്പുറത്തൊരു സംഗതി ഉണ്ടായിരുന്നോ എന്നു സംശയവുമാണ്.
ഇതെഴുതുന്നയാളും അദ്ദേഹവുമായി ആറുപതിറ്റാണ്ടുകള്‍ നീണ്ട ബന്ധമുണ്ട്. ഞങ്ങള്‍ ഒരുമിച്ചാണ് സംഘത്തിന്റെ മൂന്നുവര്‍ഷങ്ങളിലെ പരിശീലനം നേടിയത്. 1956 ല്‍ മദിരാശിയിലെ വിവേകാനന്ദ കോളേജിലും 57 ല്‍ അതിനടുത്ത് പല്ലാവരത്തെ എ.എം.ജെയിന്‍സ് കോളേജിലും 1959 ല്‍ നാഗ്പൂരിലെ മോഹിതെ സയന്‍സ് കോളേജിലുമായിരുന്നു അത്. ഞങ്ങള്‍ ഒരേ ഗണയിലുമായിരുന്നു മൂന്നുവര്‍ഷവും. ബംഗളൂരിലെ സമ്പത്ത് കുമാര്‍ എന്ന സ്വയംസേവകനും അതുപോലെ മൂന്നു വര്‍ഷവും ഒരുമിച്ചായിരുന്നു. അദ്ദേഹം സര്‍വേ ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായി ഇടുക്കി പദ്ധതിയുടെ വിശദമായ സര്‍വേ ചെയ്ത ടീമില്‍ പ്രമുഖനായി പ്രവര്‍ത്തിച്ചു. നാഗപൂരില്‍ ഒരുമിച്ചു പരിശീലനം നടത്തിയവര്‍ എം.എ.കൃഷ്ണനും സി.പി.ജനാര്‍ദ്ദനനും ചെന്നൈയിലെ പേപ്പര്‍ ബാലന് എന്നറിയപ്പെട്ടിരുന്ന ടാള്‍ ബാലകൃഷ്ണനുമാണ്. അവരില്‍ എംഎ സാറും ഞാനും മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് മോഹന്‍ജിക്ക് അന്ത്യപ്രണാമമര്പ്പിക്കാന് പ്രാന്തകാര്യാലയത്തില്‍ പോയപ്പോള്‍ ഞങ്ങള്‍ അനുസ്മരിക്കുകയുണ്ടായി. ഞങ്ങളിരുവരും അത്ര മെച്ചമായ ആരോഗ്യനിലയുള്ളവരല്ലതാനും.
അറുപതുവര്‍ഷത്തെ പരിചയത്തില്‍ നിന്ന് മോഹന്ജിയുടേത് സ്ഥിതപ്രജ്ഞ ലക്ഷണം തികഞ്ഞ ജീവിതമായിരുന്നുവെന്നു പറയാന്‍ സാധിക്കും. ”അനികേതഃ സ്ഥിരമതിഃ” എന്നത് അക്ഷരംപ്രതി ശരിയാണ്. ഞാന്‍ ആദ്യം പരിചയപ്പെടുമ്പോള്‍ അദ്ദേഹം കൊച്ചിയിലെ തിരുമല ദേവസ്വത്തിനടുത്തുള്ള കാര്യാലയത്തിലായിരുന്നു താമസം. കാര്യാലയം, ബാങ്ക്, ശാഖ ഇതില്‍ ഒതുങ്ങി പ്രവര്‍ത്തനം. മറ്റു കുടുംബാംഗങ്ങളില്‍ ഒരനുജനെ മാത്രമേ എനിക്ക് പരിചയപ്പെടാന്‍ കഴിഞ്ഞുള്ളൂ. കാനറ ബാങ്കിങ് കോര്‍പ്പറേഷനിലായിരുന്നു ജോലി. (പിന്നീട് കോര്പ്പറേഷന് ബാങ്ക്) ജോലി കൃത്യമായി ചെയ്ത് ശേഷിച്ച സമയം സംഘത്തിന്. മോഹന്‍ജി താമസിച്ചതു കാര്യാലയത്തിലായിരുന്നുവെന്ന് നേരത്തെ പരാമര്‍ശിച്ചുവല്ലൊ. പക്ഷേ മറ്റെവിടെയെങ്കിലും താമസിച്ചാലും അവിടം കാര്യാലയം പോലെയാവുമായിരുന്നു. കൊച്ചിയില്‍നിന്ന് അദ്ദേഹത്തിന് 1960 ലാണെന്നു തോന്നുന്നു തലശ്ശേരിയിലേക്ക് സ്ഥലംമാറ്റമായി. തിരുവങ്ങാട്ട് ശ്രീരാമക്ഷേത്രത്തിനു സമീപമുള്ള ഒരു വീടിന്റെ മുകള്‍ ഭാഗം വാടകക്കെടുത്ത് താമസമാക്കി ബ്രണ്ണന്‍ കോളേജില്‍ നിയമനം ലഭിച്ചുവന്ന എം.രഘുനാഥ മേനോന് (കിസാന്‍ സംഘ് സംസ്ഥാനാധ്യക്ഷന്‍ ശശിഭൂഷണ മേനോന്റെ അനുജന്) അവിടെ സഹമുറിയനുമായി. രഘുനാഥമേനോന് ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. മോഹന്‍ജിയുടെ ഔദ്യോഗിക കൃത്യവും കണക്കുകൊണ്ടുള്ള മല്പ്പിടുത്തമായിരുന്നല്ലോ. അവിടെ പ്രചാരകനായിരുന്നതിനാല്‍ സായന്തനങ്ങളില്‍ ഒരുമിച്ചിരിക്കാനും ഉന്നതനിലവാരത്തിലുള്ള അവരുടെ ചര്‍ച്ചകളില്‍ പങ്കാളിയാകാനും കഴിഞ്ഞിട്ടുണ്ട്.
മോഹന്‍ജി പിന്നീട് അവിടെയടുത്തുതന്നെയുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തു. അതിനടുത്തുതന്നെ സംഘത്തിനായും ഒരു മുറിയെടുത്തു. സവര്‍ക്കര്‍ സദന് എന്ന പേര് നല്കപ്പെട്ട ആ മുറി നിരവധി വര്‍ഷങ്ങളോളം കാര്യാലയമായിരുന്നു. 1967 നുശേഷം കമ്മ്യൂണിസ്റ്റ് ചേരിയില്‍നിന്ന് സംഘത്തിലേക്ക് ഒഴുക്ക് ആരംഭിച്ചപ്പോള്‍ ഉണ്ടായ സങ്കീര്‍ണ പ്രശ്നങ്ങളില്‍ അങ്ങേയറ്റത്തെ അവധാനതയോടെ സ്വയംസേവര്ക്കും പ്രചാരകന്മാര്ക്കുപോലും അദ്ദേഹം ആശ്വാസം നല്കി. ജീവിതമാര്‍ഗം അടഞ്ഞ പല പ്രവര്‍ത്തകര്‍ക്കും അദ്ദേഹം സാമ്പത്തികസഹായവും നല്‍കിയിരുന്നു.
അങ്ങനെയിരിക്കെ പ്രാന്തപ്രചാരകനായിരുന്ന ഭാസ്കര്‍ റാവുജിയുമായി ആലോചിച്ച് മോഹന്‍ജി പ്രചാരകനാവാന്‍ തീരുമാനിച്ചു. സാധാരണക്കാര്‍ക്ക് എത്രയും വിലോഭനീയമായിരുന്ന ബാങ്ക് ജോലി രാജിവെച്ചാണദ്ദേഹം അതു ചെയ്തത്. അതുമുതല്‍ (1969 ലാണെന്ന് ഓര്മ) അദ്ദേഹം പ്രാന്തകാര്യാലയ പ്രമുഖ് ആയി. കേരളത്തിലെ ശാഖാ പ്രവര്‍ത്തനങ്ങള്‍ വിവിധമേഖലകളിലേക്കു വിടര്‍ന്ന്, വികസിച്ചു വ്യാപിച്ചപ്പോള്‍ കേന്ദ്രസ്ഥാനത്ത് മോഹന്‍ജി എല്ലാറ്റിനും സഹായങ്ങളും ഒത്തിണക്കവും നല്കി, സകലരെയും സഹായിച്ചും സഹകരിപ്പിച്ചും നിന്നു.
എറണാകുളത്തുനിന്നും എളമക്കരയിലേക്കു പ്രാന്തകാര്യാലയം മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവന്നപ്പോള്‍ അതിലും അദ്ദേഹം മുഖ്യസ്ഥാനത്തുവന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അന്നുതന്നെയായിരുന്നു പുതിയ കാര്യാലയത്തിന്റെ ഗൃഹപ്രവേശം. അവിടെ ഒരാഴ്ചയെ താമസിക്കാനായുള്ളൂ. വീണ്ടും അറസ്റ്റും ജയില്‍വാസവും അജ്ഞാതവാസവുമായി ഒന്നരവര്‍ഷം, കാര്യാലയമില്ലാത്ത പ്രമുഖനായി. 1977 ല്‍ വീണ്ടും കാര്യാലയം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അദ്ദേഹം യഥാര്ത്ഥകാര്യാലയപ്രമുഖനായിത്തീര്ന്നു. ഇന്നു സരസ്വതി വിദ്യാലയവും ഭാസ്കരീയവും സ്ഥിതിചെയ്തിരുന്ന സ്ഥലം മുഴുവന്‍ അന്ന് ചെമ്മീന്‍ കെട്ടും പൊക്കാളി കൃഷിയും നടക്കുന്ന പാടമായിരുന്നു. പേരണ്ടൂര്‍ കനാല്‍ ഇന്നത്തെപ്പോലെ മാലിന്യ വാഹിനിയായിട്ടില്ല. മോഹന്‍ജിയുടെ മേല്‍നോട്ടത്തില്‍ ഏതാനുംവര്‍ഷം കൃഷിയും നടന്നുവന്നു. അദ്ദേഹത്തെ സഹായിക്കാന്‍ പാലക്കാട്ടുകാരന് പ്രചാരകന് കുട്ടു സാര്‍ എന്ന രാമന്കുട്ടിയുമുണ്ടായിരുന്നു.
രാമന്‍കുട്ടിയും മോഹന്‍ജിയും എളമക്കരവാസികള്ക്ക് ഏറ്റവും ആദരണീയ വ്യക്തികളായി. കാര്യാലയത്തില്‍ താമസിച്ചുപഠിക്കാന്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ വന്നു. അവരുടെ രക്ഷാകര്തൃസ്ഥാനവും മോഹന്‍ജി വഹിച്ചു. ഉദ്യോഗസ്ഥരായും സംഘചുമതലയുള്ളവരായും ജന്മഭൂമിയില് പ്രവര്‍ത്തിക്കുന്നവരായും വേറെയും ധാരാളംപേര്‍ കാര്യാലയാന്തേവാസികളായുണ്ടായി. അവരില്‍ ചിലര്‍ പ്രചാരകന്മാരായി സംഘത്തിന്റെ സമുന്നത ചുമതലകള്‍ വഹിക്കുന്നു. ജെ.നന്ദകുമാറിനെപ്പോലെ. മറ്റൊരാള്‍ നഗരേഷ് അഭിഭാഷകനായി, ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ അസി.സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിക്കുന്നു. കെ.മോഹന്‍ദാസ് ജന്മഭൂമിയുടെ കോഴിക്കോട് പതിപ്പിന്റെ ചുമതല വഹിക്കുന്നു. മുഖ്യപത്രാധിപരായി വന്ന വി.എം.കൊറാത്ത് ഏതാനും മാസം കാര്യാലയത്തില്‍ താമസിച്ചപ്പോഴത്തെ അനുഭവം ആത്മകഥയില്‍ ആത്മാര്‍ത്ഥത വഴിയുന്ന വാക്കുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനമെങ്ങും പ്രവര്‍ത്തിക്കുന്ന പ്രചാരകന്മാരുടെ പ്രശ്നങ്ങളും കാലം പുരോഗമിക്കുന്നതോടൊപ്പം ഉയര്‍ന്നുവന്ന സംഭവവികാസങ്ങളും ഇഷ്ടകരവും അനിഷ്ടകരവുമായ കാര്യങ്ങളും രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍നിന്ന് സംഘപ്രവര്ത്തനസംബന്ധമായും, അല്ലാതെയും കേരളത്തിലെത്തിയ വിവിധതരക്കാരായവരുടെ സൗകര്യങ്ങളും ആവശ്യങ്ങളും നിറവേറ്റാനുള്ള അഭ്യര്‍ത്ഥനകളും മറ്റും മറ്റുമായ, ഏത് ആളുടേയും സമനിലതെറ്റിക്കാന് പോന്ന നൂലാമാല പിടിച്ച കാര്യങ്ങള്‍ ഇഴവിടര്ത്ത് കൈകാര്യം ചെയ്ത സവ്യസാചിത്വത്തോടെ, തികഞ്ഞ സമചിത്തതയോടെ അക്ഷോഭ്യനായി അദ്ദേഹം നിറവേറ്റി. കാര്യാലയ വളപ്പിന്റെ ഒരുവശം ഏതാണ്ട് 400 മീറ്റര്‍ പേരണ്ടൂര്‍ കനാലാണ്. സ്കൂള്‍ വരുന്നതിനുമുമ്പത്തെ പാടശേഖരവും തെങ്ങിന്‍തോപ്പും മാവും പ്ലാവും നിറഞ്ഞ വളപ്പിനകത്തും കാര്യാലയത്തിലുമെല്ലാം മോഹന്‍ജിയുടെ കണ്ണുകളും കാലുകളും എത്തി. എവിടെയെങ്കിലും എന്തെങ്കിലും നടന്നാല്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുമായിരുന്നു.
വിദ്യാര്‍ത്ഥികളുടെ പഠനം ശരിക്കുനടക്കുന്നുണ്ടോ, മുറികളില്‍ അത്യാവശ്യമില്ലാതെ ലൈറ്റുകള്‍ കത്തുന്നുണ്ടോ, ടാപ്പ് പൂര്‍ണമായും അടച്ചിട്ടുണ്ടോ, അഞ്ചരമണിക്കു വിസിലടിക്കുശേഷം ആരെങ്കിലും ഉറങ്ങുന്നുണ്ടോ, പ്രാതസ്മരണാ(പിന്നീട് ഏകാത്മതാ സ്തോത്രം) സമയത്തിനുമുമ്പ് എല്ലാവരും എത്തുന്നുണ്ടോ എന്നു തുടങ്ങി എല്ലാം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വിശാലമായ വളപ്പില്‍ തേങ്ങയോ മാങ്ങയോ വീണാലുടന്‍ മോഹന്‍ജി അറിയും.
കാര്യാലയത്തിലെ അന്തേവാസികളും അല്ലാത്തവരുമായ സ്വയംസേവകര്‍ക്ക് സ്വന്തമായോ കുടുംബപരമായോ ബുദ്ധിമുട്ടുകള്‍ വന്നാല്‍ അതറിഞ്ഞു പരിഹാരം കണ്ടെത്താന്‍ അദ്ദേഹം സഹായിക്കുമായിരുന്നു.
ഭാരതത്തിലെങ്ങുമുള്ള സംഘാധികാരിമാരും പരിവാര്‍ പ്രസ്ഥാനങ്ങളുടെ ചുമതലയുള്ളവരും കൊച്ചിയില്നിന്നുമെത്തിയ ആളോട് അന്വേഷിക്കുക മോഹന്ജിയെപ്പറ്റിയാവും. ഭാസ്കര്‍റാവുജിയുടെ ആദ്യകാല ജീവിതത്തെപ്പറ്റിയുള്ള വിവരങ്ങള്‍ തേടി മുംബൈയിലും പൂനെയിലും പോയപ്പോള്‍ ബന്ധപ്പെട്ട പലരും മോഹന്‍ജിയെ അന്വേഷിച്ചു. സര്‍സംഘചാലക് സ്ഥാനമൊഴിഞ്ഞു വിശ്രമിക്കുകയായിരുന്ന മാനനീയ രജ്ജുഭയ്യ ആദ്യമന്വേഷിച്ചത് മോഹന്‍ജിയുടെ ക്ഷേമത്തെപ്പറ്റിയായിരുന്നു. ആ സാമീപ്യത്തിന്റെയും സൗഹൃദത്തിന്റെയും ആത്മീയതയുടെയും സൗരഭ്യം അനുഭവിച്ച് സുഖവും ആശ്വാസവുംകൊണ്ട് കൂടുതല്‍ കരുത്തോടെ കര്മക്ഷേത്രത്തിലിറങ്ങിയവര് ആയിരക്കണക്കിനുണ്ടാവും.
സംഘത്തിന്റെ ആദര്‍ശത്തിനും ആത്മീയതയ്ക്കും കാര്യപദ്ധതിക്കും മാത്രം രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുന്ന അസുലഭവും അന്യാദൃശവുമായ വ്യക്തിത്വമായിരുന്നു മോഹന്ജിയുടേത്. ഒരായിരം കണ്ണുകളും കൈകാലുകളുമായി അദ്ദേഹം പ്രാന്തകാര്യാലയത്തില്‍ സര്വദൃഷ്ടാവും സര്വസ്പര്ശിയുമായി ജീവിച്ചു. ആ പവിത്രസ്മരണയ്ക്ക് ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: