ചെന്നൈ: കാണാതായ കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം കണ്ടെത്തുവാനുള്ള തിരച്ചില്‍ കൂടുതല്‍ ശക്തമാക്കി. കൂടുതല്‍ കപ്പലുകളും തിരച്ചിലിനായി രംഗത്തുണ്ട്. സാധാരണ പറക്കലിനിടയില്‍ തിങ്കളാഴ്ച രാത്രിയാണ് വിമാനം കാണാതായത്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ എവിടെയോ വിമാനം കാണാതായതായിട്ടാണ് നിഗമനം. വിമാനത്തില്‍ പരിചയ സമ്പന്നരായ മൂന്ന് ഉദ്യോഗസ്ഥന്മാര് ഉണ്ടായിരുന്നു. തമിഴ്നാട് തീരത്ത് നിന്നും 36 കിലോമീറ്റര്‍ അകലെ വരെ വിമാനം റഡാറില്‍ ദൃശ്യമായിരുന്നു.
വിമാനത്തിനായുള്ള തിരച്ചില്‍ രാത്രിയും തുടര്‍ന്നതായും കൂടുതല്‍ കപ്പലുകള്‍ തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുള്ളതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും എട്ട് കപ്പലുകളും അത്യാധുനിക പി-81 വിമാനവും തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കാരക്കല്‍ തീരത്ത് നിന്നും തെക്ക് രാമേശ്വരം വരെ തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ചിദംബരം തീരത്ത് നിന്നും 16 കിലോ മീറ്ററും ചെന്നൈക്ക് തെക്ക് 200 കിലോമീറ്റര്‍ ദുരത്തിലുമായി വിമാനം തിരുച്ചിറപ്പിള്ളിയിലെ വിമാനത്താവള റഡാര്‍ ദൃശ്യമായിരുന്നു. പൈലറ്റ് ഡെപ്യൂട്ടി കമാന്‍ഡന്റ് വിദ്യാസാഗര്‍, കോ-പൈലറ്റ് ഡെപ്യൂട്ടി കമാന്‍ഡന്റ് എം.കെ. സോണി, നാവിഗേറ്റര്‍ സുഭാഷ് സുരേഷ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
1990ല്‍ ഡോണിയര്‍ വിമാനങ്ങള്‍ സൈന്യത്തിന്റെ ഭാഗമായതിന് ശേഷം ഇതാദ്യമായിട്ടാണ് ഒരു വിമാനം കാണാതാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: