ഒടുവില്‍ ഒരുദിവസം ഗംഗാമാതാവു തന്നെയാണ് സ്വാമിജിയുടെ മനസ്സില്‍ പ്രചോദനത്തിന്റേതായ ആ തിരികൊളുത്തിവെച്ചത്. അന്ന് പതിവുപോലെ അദ്ദേഹം ഒറ്റക്ക് ഗംഗാതീരത്തുചെന്നിരുന്ന് ആ മഹാ പ്രവാഹത്തെ നിരീക്ഷിക്കുകയായിരുന്നു. ഹിമശിഖരങ്ങളില്നിന്നും ഉത്ഭവിച്ച് അങ്ങു ദൂരെ സമുദ്രപര്യന്തം ഒഴുകിയെത്തുന്ന ശക്തിസ്വരൂപിണി. നുരയും പതയും ഗര്‍ജ്ജനവുമായി മുന്നോട്ടുപോകുന്ന ആ നദീപ്രവാഹവും നോക്കിയിരിക്കെ സ്വാമിജിക്കുതോന്നി, ആരോ തന്റെ കാതില്‍ മന്ത്രിക്കുന്നു; കുഞ്ഞേ, നീ നന്നെ കാണുന്നില്ലേ? ഹിമാലയത്തില്‍ പിറന്നുവീണ ഞാന്‍ താഴോട്ടൊഴുകി സമുദ്രംവരെ ചെന്നെത്തുന്നു. എന്റെ വഴിയിലുള്ള ആയിരക്കണക്കിനു ജനങ്ങള്‍ക്ക് ഞാന്‍ അന്നവും ജലവുമെത്തിക്കുന്നു. കൈയില്ലുള്ളതെന്തായാലും അത് പങ്കുവെക്കണം. അപ്പോഴേ അത് അര്‍ത്ഥപൂര്‍ണമാകുന്നുള്ളൂ. സ്വാമിജി ആവേശഭരിതനായി, സ്വന്തം ജന്മോദ്ദേശ്യം തന്നെ വെളിപ്പെട്ടുകിട്ടിയതുപോലെ, അത്ര തെളിവാര്ന്നതായിരുന്നു ആ അനുഭവം. താന്‍ എന്താണിനി ചെയ്യേണ്ടത്? സ്വാമിജിക്ക് കൂടുതലായൊന്നും ആലോചിക്കുവാനായി ഉണ്ടായിരുന്നില്ല.
ഗുരുനാഥന് നിര്‍ദ്ദേശിച്ചത്, ആദ്യം ഒരു പരിവ്രാജകനായി നാടെങ്ങും സഞ്ചരിച്ചുവരൂ. പൊതുജനങ്ങളുടെ ഇടയില്‍ ഒരു സന്ന്യാസിയായി ജീവിക്കേണ്ടിവരുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും തന്റെ ശിഷ്യന് സ്വയം അനുഭവിച്ചറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വിശപ്പും ദാഹവും സഹിക്കാന്‍ പഠിക്കണം. ഒപ്പം പൊതുജനങ്ങളില്‍ നിന്നുള്ള നിന്ദയും പരിഹാസവും. ഗുരുവിന്റെ നിര്‍ദ്ദേശം സ്വാമിജി സന്തോഷപൂര്‍വം സ്വീകരിച്ചു. 1951 മേയ് ഒന്നാം തീയതിയാണ് അദ്ദേഹം തന്റെ ഭാരതപര്യടനത്തിനായി യാത്ര തിരിച്ചത്. ആ യാത്രയില്‍ പ്രശ്നങ്ങള്‍ കുറച്ചൊന്നുമല്ല അദ്ദേഹം നേരിട്ടത്. താമസിക്കാന്‍ സ്ഥലം കിട്ടിയില്ല. പലപ്പോഴും ഭക്ഷണം കിട്ടാതെ വലഞ്ഞു. ചിലര്‍ അല്പം മാന്യത കാട്ടി. അധികംപേരും മുഖം തിരിച്ചു. എന്നിട്ടും അദ്ദേഹം പിന്മാറിയില്ല. ആ മനസ്സിലെ സ്നേഹകാരുണ്യങ്ങള്തന്നെ അവസാനം അദ്ദേഹത്തെ വിജയത്തിന്റെ പാതയിലേക്കു നയിച്ചു. ശിഷ്യന്റെ ദൃഢനിശ്ചയം ഒടുവില്‍ ഗുരുനാഥന്റെ മനസ്സലിഞ്ഞു. ശിഷ്യനെ സര്‍വ്വാത്മനാ അനുമോദിച്ചു. അനുഗ്രഹിച്ചു. സ്വാമിജി രൂപകല്പന ചെയ്ത ആ മഹാസംരഭത്തിന് സര്‍വമംഗളങ്ങളും നേര്‍ന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: