കോട്ടയം:സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പെരുകുമ്പോഴും പൊതുജനാരോഗ്യ സംരക്ഷണരംഗത്ത് മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കാനോ രോഗപ്രതിരോധസംവിധാനങ്ങള്‍ ശക്തിപ്പെടുത്താനോ സംസ്ഥാന സര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് ആക്ഷേപം.കേരള ഗവണ്മെന്റ് മോഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് ഇക്കാര്യംകൂടി ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. പൊതുജനാരോഗ്യ സംരക്ഷണരംഗത്ത് 1965ലെ സ്റ്റാഫ്പാറ്റേണാണ് ഇന്നും തുടരുന്നത്.1965 ലേതിനേക്കാള്‍ രണ്ടിരട്ടി ജനസംഖ്യ സംസ്ഥാനത്ത് വര്‍ദ്ധിച്ചു.ദിനംപ്രതി സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും പതിന്മടങ്ങ് വര്‍ദ്ധിച്ചു.ദിനംപ്രതി പുതിയ പുതിയ മാരകരോഗങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.എന്നിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനത്തിന് ഡോക്ടര്‍ അടക്കമുള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതുമൂലം അമിത ജോലിഭാരം ഡോക്ടര്‍മാരെ വലക്കുന്നു.അമിതജോലിഭാരം ഡോക്ടര്‍മാരുടെ ആത്മവീര്യം കെടുത്തുകയും സേവനതല്പരത നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നും ഇതിന്റെ തിക്തഫലം രോഗികള്‍ അനുഭവിക്കേണ്ടിവരുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സംസ്ഥാനത്ത് മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ പൊതുജനാരോഗ്യ സംരക്ഷണരംഗത്ത് കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്.രോഗപ്രതിരോധ സംവിധാനങ്ങള്‍ക്കോ,മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനോ വേണ്ടത്ര പ്രാധാന്യവും പരിഗണനയും നല്‍കാതെ രോഗചികിത്സക്ക് മാത്രമാണ് പരിഗണന നല്‍കുന്നത്. ഇതുമൂലം സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ നിലവാരം താഴേക്കു പോയിരിക്കുന്നതായും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു. അരനൂറ്റാണ്ട് പിന്നിട്ട മെഡിക്കല്‍ കോളേജില്‍പ്പോലും മതിയായ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യപ്പെടുന്ന മരുന്നുകളുടെ വിഹിതം സംസ്ഥാന ബജറ്റില്‍ മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് പകുതിയായി വെട്ടിക്കുറച്ചു. മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് വേണ്ടത്ര ലാബുകളില്ലാത്തത് ഗുണനിലവാരം ഉറപ്പുവരുത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.പുതിയ മരുന്നുകള്‍ വിപണിയിലെത്തി രോഗികള്‍ക്ക് നല്കി ഏറെക്കഴിഞ്ഞാണ് തിരുവനന്തപുരത്ത് മാത്രമുള്ള ലാബില്‍നിന്ന് മരുന്നിന്റെ ഗുണനിലവാരപരിശോധന ലഭിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ അപ്പോഴേക്കും ലക്ഷക്കണക്കിന് രോഗികള്‍ ഉപയോഗിച്ചിരിക്കും. ജില്ലകള്‍തോറും മരുന്നിന്റെ ഗുണനിലവാര പരിശോധനയ്ക്കുള്ള ലാബുകള്‍ ആരംഭിച്ചാല്‍ നിലവാരം ഉറപ്പുവരുത്താന്‍ കഴിയും. ജില്ലാ ആശുപത്രികളില്‍പ്പോലും ആധുനിക ഐസിയുപോലും ഇല്ല. താലൂക്ക് ആശുപത്രികളെ ജില്ലാ ആശുപത്രികളായും ഉയര്‍ത്തിയെന്ന് മേനി പറയുമ്പോഴും മിക്കയിടത്തും ബോര്‍ഡില്‍ മാത്രമാണ് മാറ്റം ഉണ്ടാവുന്നത്. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവോ അത്യാഹിത വിഭാഗമോപോലും ഈ ആശുപത്രികളില്‍ ഇല്ല. കോട്ടയം ജില്ലയിലെ പാമ്പാടി, കുറവിലങ്ങാട് താലൂക്ക് ആശുപത്രികളില്‍ വിരലില്‍ എണ്ണാവുന്ന ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.
വൈക്കം താലൂക്ക് ആശുപത്രിയില്‍ 30 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 22 തസ്തികമാത്രമാണുള്ളത്. ഇതില്‍തന്നെ പലതും ഒഴിഞ്ഞുകിടക്കുന്നു. മലയോരമേഖലയായ എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ അത്യാഹിതവിഭാഗമോ ആവശ്യമായ ഡോക്ടര്‍മാരോ ഇല്ല. കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ ജനറല്‍ ആശുപത്രികള്‍ ഉണ്ടെങ്കിലും ഇവിടങ്ങളില്‍ ബോര്‍ഡില്‍ പേരുമാറിയതല്ലാതെ സൗകര്യങ്ങളോ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണമോ വര്‍ദ്ധിപ്പിച്ചിട്ടില്ല. ഇത് കോട്ടയം ജില്ലയുടെ മാത്രമല്ല സംസ്ഥാനത്തെ മിക്ക ജില്ലകളിലേയും സര്‍ക്കാര്‍ ആശുപത്രികളുടെയും ചിത്രമാണ്.
2012-ല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓഫ് ഹോസ്പിറ്റല്‍ പോളിസി പ്രകാരം ആവശ്യമുള്ള ജീവനക്കാര്‍ ഇപ്പോഴും ജില്ലാ താലൂക്ക് ആശുപത്രികളിലില്ല. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംക്ഷണരംഗത്തിന്റെ ഏകദേശ ചിത്രം ഇതാണ്. ഇതുതന്നെയാണ് ഓരോ മഴക്കാലമാവുമ്പോഴും പുതിയ പുതിയ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനും ആയിരങ്ങള്‍ ദുരിതമനുഭവിക്കാനും ഇടയാകുന്നതെന്നാണ് ഡോക്ടര്‍മാര്‍തന്നെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: