തിരുവനന്തപുരം : ആനക്കൊമ്പ് വേട്ടയിലൂടെയും കാട്ടാനകള്‍ ചരിയുമ്പോള്‍ ലഭിക്കുന്നതുമായ ടണ്‍ കണക്കിന് ആനക്കൊമ്പുകള്‍ വനംവകുപ്പിന് ബാധ്യതയാകുന്നു. വര്‍ഷങ്ങളുടെ പഴക്കമുള്ള എട്ട് മെട്രിക് ടണ്ണിലധികം വരുന്ന ആനക്കൊമ്പുകള്‍ സ്ട്രോംഗ് റൂമിലാക്കി കണ്ണിലെണ്ണയൊഴിച്ച് സുരക്ഷയൊരുക്കേണ്ട അവസ്ഥയാണ് വനംവകുപ്പിന്റേത്. വനംവകുപ്പിന് കൈവശം വരുന്ന ആനക്കൊമ്പുകള്‍ ലേലം ചെയ്യാനോ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ പാടില്ലാത്തതിനാല്‍ വനംവകുപ്പ് ആസ്ഥാനത്ത് കനത്ത സുരക്ഷയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആനക്കൊമ്പുകളുടെ വൈവിധ്യമാര്‍ന്ന ശേഖരം വനംവകുപ്പിന്റെ കയ്യിലുണ്ട്. വിവിധ റേഞ്ചുകളില്‍ നിന്നു ലഭിക്കുന്നതും പിടിച്ചെടുക്കുന്നതുമായ ആനക്കൊമ്പുകള്‍ക്ക് പ്രത്യേക നമ്പര്‍ നല്കി സിസിടിവി സംവിധാനമുള്ള സ്ട്രോംഗ് റൂമില്‍ പ്രത്യേക സുരക്ഷയിലാണ് സംരക്ഷിക്കുന്നത്. കാലാകാലങ്ങളായി ആനക്കൊമ്പുകളുടെ ശേഖരം വര്‍ദ്ധിക്കുന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ ഇത് കത്തിച്ചുകളയാന്‍ അനുമതി നല്‍കണമെന്ന് മൂന്നുവര്‍ഷം മുമ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല.
ഇതേത്തുടര്‍ന്ന് ആനക്കൊമ്പുകളുടെ ശേഖരം മ്യൂസിയത്തില്‍ പ്രത്യേക വിഭാഗമാക്കുകയോ ആനക്കൊമ്പുകളുടെ ഒരു പ്രത്യേക മ്യൂസിയം തയ്യാറാക്കുകയോ ചെയ്യണമെന്ന് വനംവകുപ്പ് അധികൃതര്‍ ഒന്നരവര്‍ഷം മുമ്പ് വീണ്ടും ആവശ്യപ്പെട്ടു. മ്യൂസിയം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച വിശദവിവരങ്ങളും നല്കി. പക്ഷെ നാളിതുവരെയും പദ്ധതി വെളിച്ചം കണ്ടിട്ടില്ല. പ്രതിമാസം വന്‍തുക സുരക്ഷയ്ക്കായി ചെലവഴിക്കുന്നതിനു പകരം ആനക്കൊമ്പുകളുടെ ഒരു മ്യൂസിയം സ്ഥാപിച്ചാല്‍ അത് വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക ആകര്‍ഷണ കേന്ദ്രമായി മാറുമെന്ന് വനംവകുപ്പിലെ ഉന്നതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: