ബെംഗളൂരു: ഭാരതത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ജര്‍മ്മനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. ബെംഗളൂരില്‍ നാസ്കോം സംഘടിപ്പിച്ച ബിസിനസ് ഫോറത്തില്‍ വച്ചാണ് ഭാരതം സന്ദര്‍ശിക്കുന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കലിനോട് മോദി ഈ അഭ്യര്‍ഥന നടത്തിയത്.
ഭാരതവും ജര്‍മ്മനിയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് വലിയ സാധ്യതയാണ് ഉള്ളത്. ഭാരതത്തില്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനമാണ് ജര്മ്മനിക്കുള്ളതും. എന്നാല്‍ ഭാരതത്തില്‍ നിക്ഷേപത്തിന് ഇനിയും വളരെയേറെ സാധ്യതയാണ് ഉള്ളത്. ബിസിനസിനുള്ള മികച്ച അന്തരീക്ഷം ഒരുക്കിയെടുക്കനുള്ള ശ്രമത്തിലാണ് ഭാരതം. മോദി പറഞ്ഞു.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഭാരതം തിളക്കമുള്ള രാജ്യമാണ്. ഭാരതം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതും. സംസ്ഥാന സര്‍ക്കാരുകളും നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചുവരികയാണ്. യുവജനങ്ങള്‍ക്ക് ഉല്‍പ്പാദനക്ഷമമായ തൊഴില്‍ നല്‍കുകയെന്നതാണ് ഭാരതത്തിന്റെ വെല്ലുവിളി. ഉല്‍പ്പാദന മേഖല ഇതിന് ശക്തമാകണം. അതിനാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കൊണ്ടുവന്നത്.
വ്യാപാര വ്യവസായങ്ങള്‍ തുടങ്ങുന്നത് എളുപ്പത്തിലാക്കാന്‍ തന്റെ സര്‍ക്കാര്‍ നിരവധി കര്‍മ്മപരിപാടികളാണ് കൊണ്ടുവന്നത്. അനുമതികളെല്ലാം ഫാസ്റ്റ്ട്രാക്കിലാക്കി.ഇരുപതിനായിരം കോടി രൂപയുടെ അടിസ്ഥാന വികസന ഫണ്ട് രൂപീകരിച്ചു. മോദി പറഞ്ഞു. ഇതിന്റെയെല്ലാം ഫലമായി സ്വകാര്യ വിദേശ നിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചു. വിദേശ നിക്ഷേപത്തില്‍ നാല്‍പ്പതു ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. ഭാരതം ഇപ്പോള്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്ന് ലോകബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ വ്യക്തമാക്കിക്കഴിഞ്ഞു.
50 കോടി ഭവനങ്ങള്‍ നിര്‍മ്മിക്കുക, നൂറു സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കുക, റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുക, കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക.. അങ്ങനെ പലപല പദ്ധതികളാണ് ഭാരതത്തിനുള്ളത്. ഞങ്ങളുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ നിങ്ങളുടെ സജീവ പങ്കാളിത്തം വേണം. മോദി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ കാര്യവും മോദി വിവരിച്ചു.
ബെംഗളൂരില്‍ എത്തിയ ഏയ്ഞ്ചലാ മെര്‍ക്കലിനെ ബോഷ് എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്നൊവേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇവിടെ നൈപുണ്യ വികസന പരിപാടികളെപ്പറ്റി ഇരുവര്‍ക്കും മനസിലാക്കിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: