ബോധം വര്‍ദ്ധിപ്പിക്കാനുള്ള ഋഷിമാര്‍ഗ്ഗങ്ങളിലൂടെയുള്ള ശ്രമങ്ങളും ശാസ്ത്രത്തിന്റെ ഭൗതികമായ പരീക്ഷണ നിരീക്ഷണങ്ങളും ലോകജീവിതത്തെ സാരമായി സ്വാധീനിച്ചുവരുന്നു. സത്യാന്വേഷണമാണെങ്കിലും രണ്ടും രണ്ടു രീതിയിലാണ്. ഒന്ന് വ്യക്തിയുടെ ഉള്ളിലൂടെയുള്ള വഴി, മറ്റേത് പുറം ലോകത്തെ ആസ്പദമാക്കിയുള്ളതും. ബോധത്തിന്റെ ഉണര്‍ച്ചകളിലൂടെയാണു ഭാരതീയ സംസ്‌കാരം പഴയകാലങ്ങളില്‍ പുറം ലോകത്തിന്റെ നേരുകളും ഗ്രഹിച്ചത് എന്ന് ചരിത്രം പറയുന്നു. അഥവാ പൗരാണിക മനീഷികള്‍ സ്വന്തം ബോധത്തിന്റെ തെളിച്ചങ്ങളിലൂടെ സ്ഥൂലത്തിനുപിന്നിലുള്ള സൂക്ഷ്മയാഥാര്‍ത്ഥ്യങ്ങളെ അറിഞ്ഞു. മനുഷ്യവ്യക്തിത്വത്തിന്റെ വികാസവും ശാസ്ത്രവും ആ വഴിയില്‍ ഒന്നു ചേര്‍ന്നു. ‘യാ നിശാ സര്‍വഭൂതാനാം തസ്യാം ജാഗര്‍ത്തി സംയമീ’ (എല്ലാവരും രാത്രിയില്‍ ഉറക്കത്തില്‍ കഴിയുമ്പോള്‍ ഇന്ദ്രിയങ്ങളഞ്ചും അടങ്ങി ബോധമുദിച്ചയാള്‍ ഉണര്‍ന്നിരിക്കുന്നു) എന്ന് ഭഗവദ് ഗീത വെളിവാക്കുന്ന രഹസ്യം അതായിരിക്കണം..
കഴിഞ്ഞ നൂറ്റാണ്ടിനെ സ്വാധീനിച്ച തത്ത്വജ്ഞാനികളില്‍ ഒരാളായ ഗുര്‍ജ്ജീഫ് (ജോര്‍ജ്ജ് ഇവാനോവിച്ച് ഗുര്‍ജ്ജീഫ് – ഗ്രീക്ക് അര്‍മ്മീനിയന്‍ വംശജന്‍ ) സമാനമായ ഒരാശയം മുന്നോട്ടു വെച്ചിരുന്നു. മനുഷ്യന്‍ ജീവിക്കുന്നതും മരിക്കുന്നതും ഉറക്കത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആശയം ഗീതയിലെ തത്വവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. ഗുര്‍ജ്ജീഫിന്റെ തിരിച്ചറിവ് ഗീതയിലെ മേല്‍പറഞ്ഞ വരികളുമായി പരിചയപ്പെട്ടിട്ടായിരുന്നുവോ എന്നറിയില്ല.
ആത്മബോധം വികസിക്കുന്നതിന് പല പടവുകളും ഉണ്ട് എന്നാണു എന്റെ ഗുരുവില്‍ നിന്ന് (നവജ്യോതി ശ്രീ കരുണാകര ഗുരു) കേട്ടിട്ടുള്ളത്. പത്ത് അവസ്ഥകളെ പറ്റി ഗുരു പറയുന്നു. ഒരവസ്ഥ കടക്കാന്‍ ഒരാള്‍ക്ക് പ്രാപ്തി നല്‍കുന്ന ഉണര്‍ച്ചകള്‍ നേടാന്‍ തന്നെ ഒരുപാടു ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ പാരമ്പര്യത്തിലും ഇതേപ്പറ്റി ധാരണകളുണ്ട്. (‘പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ / ശിവനെ കാണാകും ശിവശംഭോ’ എന്ന സ്തുതി ഓര്‍മ്മ വരികയാണ്. ഭാഗവതത്തില്‍ പറയുന്ന വ്യത്യസ്തലോകങ്ങളും ജീവന്റെ അവസ്ഥാന്തരങ്ങളുമായി ബന്ധപ്പെട്ടതാണെന്നു തോന്നുന്നു.) പ്രാപ്തനായ ഒരു ഗുരുവിനെ കിട്ടിയാല്‍ അര്‍പ്പണബോധത്തോടെ ഗുരുവിന്റെ ആജ്ഞകള്‍ പാലിച്ചാല്‍ ഈ പരിണാമപ്രക്രിയ വേഗത്തിലാകുന്നു. ഉറങ്ങിയും മയങ്ങിയും കഴിയുന്നവരെ ഉണര്‍ത്താന്‍ ഉണര്‍ന്നവര്‍ തന്നെ വേണമല്ലോ.
ജീവിതത്തിലും മരണത്തിലും ഉണര്‍ന്നു കഴിയുന്ന ജ്ഞാനികളായ മഹാത്മാക്കളാണു ഗുരുക്കന്മാരാവുന്നത്. ആത്മസാക്ഷാല്‍ക്കാരത്തിന്റെ പല പടവുകളും കടന്ന് ആത്മീയമായ ഉന്നതികളിലെത്തിയ ഉണര്‍ച്ചയില്‍ കഴിയുന്ന ഒരു ഗുരുവിന്റെ അടുത്ത് ജന്മാന്തരബന്ധം കൊണ്ടാവാം കുറെ പേര്‍ എത്തുന്നത്. അവര്‍ക്ക് കഴിയാവുന്നത്ര ഉണര്‍ച്ചകളിലേക്ക് അവരെ കൊണ്ടുപോകാന്‍ ആ ഗുരു ശ്രമിക്കും. ആ ഗുരുവിനെ ഏകാഗ്രതയോടെ ശരണം പ്രാപിക്കുന്ന ഒരു വ്യക്തിയുടെ പൂര്‍വജന്മാര്‍ജ്ജിതമായ ശരിതെറ്റുകള്‍ കണ്ട് അവ തിരുത്തി മുന്നേറാനുള്ള ജീവിതാനുഭവങ്ങള്‍ ആ ഗുരു അല്ലെങ്കില്‍ ഗുരുകാരുണ്യം കൊണ്ട് പ്രകൃതി അവര്‍ക്ക് നല്‍കും. ബ്രഹ്മനിശ്ചിതരായ ഗുരുക്കന്മാരില്‍ നിന്നാണു ഈ വിധം പരിണാമത്തെ ത്വരിതപ്പെടുത്തുന്ന അനുഭവമുണ്ടാകുന്നത്.
ബ്രഹ്മനിശ്ചയം കൊണ്ട് വരുന്ന ഗുരുവിനെ അറിയാതെ പോകുന്നവരുടെ പല ആത്മീയപ്രവര്‍ത്തനങ്ങളും വൃഥാവിലാകുന്നു പോലുമുണ്ട് എന്നാണു ഗുരുതത്ത്വത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഗുരുഗീത (സ്‌കന്ദപുരാണാന്തര്‍ഗ്ഗതം) ബോധിപ്പിക്കുന്നത്. വേദശാസ്ത്രപുരാണാനി ഇതിഹാസാദികാനി ച/ മന്ത്രയന്ത്രാദിവിദ്യാനാം മോഹനോച്ചാടനാദികം
ശൈവശാക്താഗമാദീനിഹ്യന്യേ ച
ബഹവോ മതാഃ
അപഭ്രംശാഃ സമസ്താനാം ജീവാനാം ഭ്രാന്തചേതസാം
ജപസ്തപോ വ്രതം തീര്‍ത്ഥം യജ്ഞോ ദാനം തഥൈവ ച
(വേദശാസ്ത്രങ്ങളും പുരാണേതിഹാസങ്ങളും മന്ത്രയന്ത്രാദിവിദ്യകള്‍ കൊണ്ടുള്ള അടുപ്പിക്കല്‍, പുറത്താക്കല്‍ എന്നിവയും ശൈവശാക്താഗമങ്ങളും മറ്റ് ഒരുപാട് മതങ്ങളും എല്ലാം വിഭ്രമങ്ങളില്‍ പെട്ട ജീവന്മാരുടെ അപഭ്രംശങ്ങളാണ്. ജപം, തപം, വ്രതം, തീര്‍ത്ഥം, യജ്ഞം, ദാനം എന്നിവയും അങ്ങനെതന്നെ. )
എന്തുകൊണ്ടാണു അവയൊക്കെ വിഫലമാകുമെന്ന് വ്യാസന്റെ ഗുരുഗീത പറയുന്നത്? ഗുരുതത്ത്വമറിഞ്ഞില്ലെങ്കിലാണ് അവ വിഫലമാകുന്നത്. ‘ഗുരുതത്ത്വമവിജ്ഞായ സര്‍വം വ്യര്‍ത്ഥം ഭവേത് പ്രിയേ’ ഗുരുതത്വമറിയാതെ ഇതിലെല്ലാം ഏര്‍പ്പെട്ടിട്ട് കാര്യമില്ല. എന്തുകൊണ്ടാണങ്ങനെ? നമ്മുടെ ‘ സ്രഷ്ടാവും സൃഷ്ടിയും സൃഷ്ടിജാലവും ‘ ആയ ബ്രഹ്മം ഈ ഉലകത്തെ ഒരു ഏകാത്മഭാവത്തിലെത്തിക്കാന്‍ നിയോഗിക്കുന്ന ശക്തിയാണു ഗുരു. അതുകൊണ്ടാണു ഗുരുതത്വത്തിനു ഇത്ര പ്രാധാന്യം. ബ്രഹ്മനിശ്ചയമനുസരിച്ചാണു ഗുരുവിന്റെ പ്രവര്‍ത്തനം. ഗുരു ബ്രഹ്മത്തിന്റെ സ്വയം പ്രകാശനം എന്നും പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: