സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി സംഘടന രൂപീകരിക്കുക എന്നത് പെട്ടെന്നെടുത്ത തീരുമാനമല്ല. എറണാകുളത്തുള്ള റീമയെപ്പോലുള്ള താരങ്ങള്‍ പലസമയങ്ങളിലായി ഇത്തരത്തിലൊരു സംഘടന രൂപീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അതിനിടയിലാണ് കൊച്ചിയില്‍ നടിക്കുനേരെയുണ്ടായ അതിക്രമം. ആ സാഹചര്യത്തിലാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി ഒരു വേദി ഉണ്ടാക്കണം എന്ന ആവശ്യം ശക്തമാകുന്നത്. ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. അത് തുറന്നുപറയേണ്ടതുണ്ട് എന്നതുകൊണ്ടാണ് വിമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതും മുഖ്യമന്ത്രിയെ കണ്ടതും.
സമാന ചിന്താഗതിക്കാരാണ് ഇതിന്റെ രൂപീകരണത്തിനായി മുന്നോട്ടുവന്നിട്ടുള്ളത്. ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴും, ഓരോ ദിവസവും പല പല പ്രശ്നങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഈ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ഭരണകൂടം ഇടപെടേണ്ട വിഷയങ്ങള്‍ ഇതില്‍ ഉണ്ട് എന്നും മനസ്സിലാക്കിയാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.
സംഘടനയ്ക്ക് ഔദ്യോഗികരൂപം കൊടുക്കുക, മെമ്പര്‍ഷിപ്പ് കാമ്പെയിന് നടത്തുക എന്നിവയ്ക്കെല്ലാം മുന്നോടിയായി തുടങ്ങിവയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വനിതാ വകുപ്പ് രൂപീകരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ആ വകുപ്പിന്റെ കീഴില്‍ ആലോചിക്കാന്‍ പറ്റുന്ന നിര്‍ദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.
നിരവധി ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് പെണ്‍കൂട്ടായ്മ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ പ്രധാനം ലൈംഗിക പീഡന പരാതി പരിഹാര സെല്ലുകള്‍ ഉണ്ടാക്കണമെന്നതാണ്. ഓരോ സിനിമാ ഷൂട്ടിങ് സെറ്റും തൊഴില്‍ ഇടമായി കണ്ടുകൊണ്ട് അത്തരത്തിലൊരു സെല്‍ രൂപീകരിക്കണം. മറ്റെല്ലാ തൊഴിലിടങ്ങളിലും ഇത്തരം സെല്‍ നിര്‍ബന്ധമാണ്. സിനിമാ മേഖലയില്‍ മാത്രമാണ് ഇതില്ലാത്തത്. നിരവധി സ്ത്രീകള്‍ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.
വിദഗ്ധസമിതിയുണ്ടാക്കണം എന്നതാണ് മറ്റൊരാവശ്യം. ലിംഗപരമായ പ്രശ്നങ്ങള്‍, തൊഴില്‍ സാഹചര്യങ്ങള്‍ ഇതൊക്കെ പഠിക്കാന്‍ ഇതാവശ്യമാണ്. സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനൊക്കെ ഇത് ഉപകരിക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറപ്പ്നല്‍കിയിട്ടുണ്ട്. അഭിനയത്തില്‍ അല്ലാതെ തന്നെ മറ്റ് സാങ്കേതിക മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്. സിനിമാ മേഖലയില്‍ ലൈറ്റ് ബോയ്മാരുണ്ട്. ലൈറ്റ് ഗേള്‍ എന്നകാര്യവും ആലോചിക്കാവുന്നതാണ്. അതിനായി അത്തരത്തിലൊരു കോഴ്സുണ്ടാവണം. ജെന്‍ഡര്‍പാര്‍ക്ക് പോലുള്ള സംവിധാനം ഉപയോഗിച്ചുകൊണ്ട്, പരമ്പരാഗതമല്ലാത്ത തൊഴില്‍ മേഖലകളിലേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ സാധിക്കണം.
പ്രസവവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നവരെ സഹായിക്കാന്‍ ക്ഷേമനിധി ഉണ്ടാവണം. അതത് തൊഴിലുടമകളില്‍ നിന്ന് ഒരു വിഹിതം വകയിരുത്തി, സര്‍ക്കാരും ഒരു വിഹിതം ഇട്ടുകൊണ്ട് ഇത് സാധ്യമാക്കണം. സിനിമയുടെ ഉള്ളടക്കത്തില്‍ ലിംഗനീതി ഉറപ്പുവരുത്തുന്നതിനും അത്തരം സിനിമകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തണം. സിനിമാ മേഖലയുമായി ബന്ധപ്പെട്ടുള്ള സംഘടനകളുമായി സര്‍ക്കാര്‍ നടത്തുന്ന കൂടയാലോചനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നതും ഒരാവശ്യമാണ്.
പെണ്‍കൂട്ടായ്മയ്ക്കുവേണ്ടി എല്ലാവരുടേയും പിന്തുണ തേടിക്കൊണ്ടിരിക്കുകയാണ്. മെമ്പര്‍ഷിപ് കാമ്പെയിന് തുടങ്ങണം. മുതിര്‍ന്ന വനിതാ താരങ്ങളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. എല്ലാ വനിതാ താരങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഈ സംഘടന. സിനിമയില്‍ ലൈംഗിക ചൂഷണമുണ്ടെന്ന് തുറന്നുപറയാന്‍ ധൈര്യം കാട്ടിയത് പാര്‍വ്വതിയാണ്. തുറന്നുപറയുന്നവര്‍ മോശക്കാരാവുന്നതാണ് അവസ്ഥ. ഇതൊന്നും തുറന്നുപറയാന്‍ ആരും ധൈര്യം കാണിക്കുന്നില്ല. പറയാതിരുന്നതുകൊണ്ട് ഇല്ലാതാവുന്ന കാര്യമല്ല ഇത്. ആരും പറയാത്തതുകൊണ്ട് ഇല്ല എന്ന് വിചാരിക്കാനും പറ്റില്ല. ഈ സ്ഥിതി എന്നെങ്കിലും മാറേണ്ടതില്ലെ? പലരും സിനിമയിലേക്ക് വരാന്‍ താല്പര്യം കാണിക്കുന്നുണ്ട്. അവര്‍ക്ക് ധൈര്യത്തോടെ വരാന്‍ പറ്റണം.
അവസരങ്ങള്‍ നഷ്ടപ്പെടും എന്നതുകൊണ്ടാണ് ഇത്തരത്തില്‍ അനുഭവം ഉണ്ടായവര്‍ തുറന്നുപറയാന്‍ മടിക്കുന്നത്. പ്രതികരിക്കുന്നവര്‍ക്കെതിരെ അപ്രഖ്യാപിത വിലക്കുകള്‍ നിലനില്‍ക്കുന്നുമുണ്ട്. സര്‍ക്കാരിന്റെ ഇടപെടലും സിനിമാ മേഖലയില്‍ കുറവാണ്. ഈ സാഹചര്യങ്ങളിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ തേടിയത്. സര്‍ക്കാരിന് നല്ലതോതില്‍ വരുമാനം നേടിക്കൊടുക്കുന്ന വ്യവസായമാണിന്ന് സിനിമ. ആ നിലയില്‍ ഏത് സര്‍ക്കാരാണെങ്കിലും പ്രശ്നങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന പ്രവണതയാണുള്ളത്. ഒരു തൊഴിലിടത്തില്‍ ആവശ്യമായ സൗകര്യം പല സിനിമാ സെറ്റുകളിലും ഇല്ല. മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലാത്ത സെറ്റുകളുണ്ട്. ഇത്തരം സാഹചര്യങ്ങളൊക്കെ ഒഴിവാക്കേണ്ടതുണ്ട്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സിനിമയില്‍ ഉണ്ടായാല്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് ആശാവഹമാണ്. വനിതാ കമ്മീഷന്റെ ഇടപെടലുകള്‍ ഇത്തരം കാര്യങ്ങളില്‍ ഉണ്ടാകുമ്പോള്‍ സംവിധായകര്‍ കൂടുതല്‍ ശ്രദ്ധിക്കും. പെണ്‍കൂട്ടായ്മയ്ക്ക് പൃഥ്വിരാജ്, ബി.ഉണ്ണികൃഷ്ണന് പോലുള്ളവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
പ്രശ്നങ്ങള്‍ പഠിച്ച് എന്തൊക്കെ പരിഹാരം കാണാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്. മെമ്പര്‍ഷിപ് ക്യാമ്പെയിന്, ഔദ്യോഹിക രൂപീകരണം, രജിസ്ട്രേഷന്, ജനറല്‍ ബോഡി യോഗം ഇതൊക്കെയായിരിക്കും അടുത്ത നടപടിക്രമങ്ങള്‍.
(വിമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ വക്താവും മാന്‍ഹോള്‍ എന്ന ചിത്രത്തിന്റെ സംവിധായികയുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: