സൂര്യനോട് ആരാധനയും നക്ഷത്രങ്ങളോട് സ്‌നേഹവും തോന്നുന്നവര്‍. സൂര്യനും നക്ഷത്രവും ചേര്‍ന്ന് ഒരാളായാല്‍ എന്താവും അദ്ദേഹത്തോടുണ്ടാവുക. കെ.പി അപ്പന്‍ മലയാള സാഹിത്യ നിരൂപണരംഗത്ത് അങ്ങനെയായിരുന്നു. മരണമെന്ന കാര്‍മുകിലിനെ പ്രണയിച്ച് മയൂര നൃത്തമാടാന്‍ പോയ അപ്പന്‍ ഓര്‍മയായിട്ട് ഡിസംബര്‍ 15ന് ഏഴു വര്‍ഷമാകുന്നു. മലയാള വായനയ്‌ക്ക് നവീനഭാവുകത്വത്തിന്റെ ആശയാകാശം തുറന്നു തന്ന് കുറെ പുസ്തകങ്ങളിലൂടെ അദ്ദേഹം തിരുശേഷിപ്പായി തീര്‍ന്നിരിക്കുന്നു.
ആശയാഴം കുറഞ്ഞ തടാകക്കുളിയില്‍ തലതുവര്‍ത്തി സമുദ്ര സ്‌നാനം നടത്തിയെന്നു വീമ്പു പറഞ്ഞ ചില നിരൂപകര്‍ക്കു മീതെ അന്നുവരെ മലയാള സാഹിത്യം അനുഭവിക്കാത്ത പുതുവാശയ സൗന്ദര്യത്തിന്റെ വെള്ളിടിയുമായി വരികയായിരുന്നു അപ്പന്‍. മാരാരും മുണ്ടശേരിയും എം.പിശങ്കുണ്ണി നായരും ഡോ.കെ.ഭാസ്‌ക്കരന്‍ നായരും കേസരിയുമൊക്കെ വെട്ടിത്തെളിച്ച നിരൂപണ വഴികളെ നീട്ടിയും വീതികൂട്ടിയും വഴിവിളക്കു സ്ഥാപിച്ചുമൊക്കെയുള്ള കാമ്പു കടഞ്ഞെടുത്ത വരവായിരുന്നു അദ്ദേഹത്തിന്റേത്. .എഴുപതിനൊടുവില്‍ വിപരീത സൗന്ദര്യത്തിന്റെ അംബര ചുംബിയായ ക്ഷോഭിക്കുന്ന സുവിശേഷം എന്ന ആദ്യകൃതിയില്‍ തന്നെ അപ്പന്‍ തന്റെ സവിശേഷ വിചാര ലോകം തുറന്നിട്ടു. ലോക നാടകവേദിയിലെ അസംബന്ധ രീതിയെക്കുറിച്ചുള്ള പ്രവേശക കവാടമായിരുന്നു ഈ പുസ്തകം. തുടര്‍ന്ന് തിരസ്‌കൃത സൗന്ദര്യത്തിന്റെ ഗരിമയുള്‍ക്കൊള്ളുന്ന തിരസ്‌ക്കാരം എന്ന രണ്ടാം പുസ്തകത്തിലൂടെ മലയാള മനസിലേക്കു തന്നെ സാഹിത്യത്തിലെ പുതു ദര്‍ശനത്തിന്റെ പ്രവാചകനായി അപ്പന്‍ കസേര വലിച്ചിട്ട് ഇരിപ്പുറപ്പിച്ചു. തുടര്‍ന്ന് സാമ്യങ്ങളില്ലാത്ത നിരവധി പുസ്തകങ്ങള്‍. ബൈബിള്‍ വെളിച്ചത്തിന്റെ കവചം,ചരിത്രത്തെ അഗാധമാക്കിയ ഗുരുതുടങ്ങി ചിന്തകളുടെ സമുദ്രാഴമുള്ള കൃതികള്‍ വേറേയും.
കഥ,കവിത,നാടകം,നോവല്‍,നിരൂപണം തുടങ്ങി അപ്പന്റെ പേനയുടെ വിശുദ്ധിക്കു മുന്നില്‍ പാപം ഏറ്റു പറഞ്ഞ് പ്രായശ്ചിത്തം നടത്താത്തതൊന്നും നലയാള സാഹിത്യത്തില്‍ ഇല്ല.ലോക സാഹിത്യത്തിലെ പുതിയ വിചാരങ്ങളെയും കൃതികളേയും വായിച്ചും നിരീക്ഷിച്ചും സ്വയം നവീകരിച്ചു പോന്ന അദ്ദേഹം, മലയാള കൃതികളെ അത്തരം വലിയ വീക്ഷണ കോണിലൂടെ വിശാലമായി വായിച്ചെടുത്തു. എണ്ണപ്പെട്ട എഴുത്തുകാര്‍ പോലും തങ്ങളുടെ രചനകളെക്കുറിച്ച് അപ്പന്‍ എന്തു പറയുന്നുവെന്ന് കാത്തിരിക്കുകയായിരുന്നു. ഏറ്റവും ആധുനികനായി നിന്നുകൊണ്ട് പഴമയിലെ പുതുമയും പുതുമയിലെ അതിപുതുമയും അദ്ദേഹം അവതരിപ്പിച്ചു. പഴയ പല പദങ്ങളേയും നവീന ലാവണ്യത്തിന്റെ കമ്മട്ടത്തിലടിച്ച് വേറിട്ട വ്യാഖ്യാനം നല്‍കി. അേദ്ദഹം എഴുതുമ്പോള്‍ ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയെപ്പോലെ മലയാളഭാഷ നൃത്തം വെച്ചിരുന്നു. അപ്പന്റെ ഓരോ കൃതിയും ഭാഷയുടേയും സാഹിത്യദര്‍ശനങ്ങളുടേയും ആത്മസുഗന്ധം പൊഴിക്കുന്ന വിശുദ്ധ പുസ്തകങ്ങളായിരുന്നു.
ജീവിതത്തിന്റേയും മരണത്തിന്റേയും പിന്നിലുള്ള നിഗൂഢ സൗന്ദര്യ ശാസ്ത്രത്തേയും രോഗത്തിനു ചുറ്റുവട്ടമുള്ള ലാവണ്യത്തേയും കുറിച്ച് അദ്ദേഹം എഴുതി. രോഗ നിദാന ശാസ്ത്രവും എഴുത്തുകാരന്റെപ്രതിഭയും ചേര്‍ന്നുണ്ടാകുന്ന സര്‍ഗാത്മക വസന്തം അപ്പന്റെ വിചാരശീലത്തിന്റെ ഭാഗമായിരുന്നു.മലയാള നിരൂപണം അപ്പനു മുന്‍പും ശേഷവും എന്ന് രണ്ടായി പിരിഞ്ഞു.അപ്പനുശേഷമുള്ളത് കഴമ്പില്ലാത്ത നിരൂപണകാലം. പണ്ട് കവിതയുടെ കൂമ്പടഞ്ഞുവെന്ന് എന്‍.വി.പറഞ്ഞത് നിരൂപണ രംഗത്ത് സത്യമായിരിക്കുന്നു,കൂമ്പടഞ്ഞു.
എഴുത്തു വിശുദ്ധിപോലെ തന്നെയായിരുന്നു അപ്പന്റെ ജീവിതവും.പുരസ്‌ക്കാരം എഴുത്തുകാരന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നു വിശ്വസിച്ച അദ്ദേഹം,എല്ലാത്തരം പുരസ്‌ക്കാരങ്ങളില്‍ നിന്നും അകന്നു. അനുപമ സുന്ദരമായ ആ മുഖത്ത് എപ്പോഴും ഒരു ജ്ഞാനിയുടെ വെട്ടമുണ്ടായിരുന്നു. മണല്‍ത്തരികളെ നോവിക്കാതെയുള്ള നടത്തം.കോളേജ് മുഴുവനും ഇരമ്പുന്ന ഗുരുസാഗരം പോലെയായിരുന്നു അപ്പന്റെ ക്ലാസ്. മിഴാവിന്റെ മുഴക്കമുള്ള പ്രഭാഷണങ്ങള്‍…എഴുത്തുകാരനും വ്യക്തിയും ഒരുപോലെ ഉന്നതനാകുന്ന ഒരു മഹിത ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: