വേനല്‍ തിളപ്പിലാണു കേരളം. രണ്ടുപേര്‍ തമ്മില്‍ കാണുമ്പോള്‍ മാത്രമല്ല സ്വയം പറയുന്നതും ഹോ എന്തൊരു ചൂട് എന്നാണ്. എവിടേയും ചൂടാണ്. കാടുംമേടും വെള്ളവും പോലും വെന്തുവേവുകയാണ്. തണുപ്പിനുപോലും ചൂടെന്ന് ആരോ എഴുതിയത് കഴിഞ്ഞദിവസം വായിച്ചു. കുളിരുചൂടിയിരുന്ന മൂന്നാറും വയനാടും തിളച്ചുകൊണ്ടേയിരിക്കുന്നു. മഴ വേഴാമ്പല്‍ മാത്രമല്ല മനുഷ്യനും കാത്തുകഴിയുകയാണ്. മഴപോയിട്ട് ഒരുകാറ്റുപോലും മഴമേഘംപോലും വിരുന്നുവരുന്നില്ല. പക്ഷികളും മൃഗങ്ങളും വെള്ളവും തീറ്റയുമില്ലാതെ കാടിറങ്ങിപ്പോരുന്നു.വേനലിനെപ്പോലെ മൃഗപ്പേടി വേറെ.
ദുരിതങ്ങളെല്ലാം മറ്റുള്ളവരുടേതാണെന്നു ധരിക്കാറുള്ള നമ്മള് വരള്‍ച്ചയും മറ്റുള്ളവരുടേതാണെന്നു കരുതി. എങ്ങനേയും മഴ നമ്മെതീണ്ടാതെ പോകില്ലെന്ന വിശ്വാസമായിരുന്നു. അതുകൊണ്ട് ഒരിറ്റുവെള്ളത്തിനായി പരക്കം പാഞ്ഞിരുന്ന സോമാലിയക്കാരെയും മറ്റും കണ്ടപ്പോള്‍ അതൊരുകാഴ്ചയായി അനുഭവിക്കാനാണ് നമുക്കു തോന്നിയത്. കഴിഞ്ഞ നാളില്‍ നനവു വറ്റിവരണ്ട ഒരിടം കുഴിച്ചു നോക്കുന്ന സോമാലിയക്കാരുടെ ചിത്രം പത്രത്തില്‍ കണ്ടിരുന്നു. പിറ്റേന്നു നമ്മുടെ കേരളത്തില്‍ തന്നെ മാലിന്യങ്ങളാല്‍ ചുറ്റപ്പെട്ട ഒരിടം ഒരമ്മയും കുഞ്ഞും നനവിനായി തുരക്കുന്ന ചിത്രവും മാധ്യമങ്ങളില്‍ കണ്ടു. വേനല്‍ ഭൂമിയേയും ജീവജാലങ്ങളും കരണ്ടു തിന്നുന്നത് ഇന്നു കേരളക്കാഴ്ച മാത്രമല്ല ആഗോള യാഥാര്‍ഥ്യമാണ്. കേരളം വേനലറുതി അല്പം താമസിച്ചു അനുഭവിക്കുന്നവെന്നുമാത്രം.
കുളവും പുഴയും മാത്രമല്ല കടലുപോലും വറ്റിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ലോകത്തിലെ ഉപ്പുറവയായ ചാവുകടല്‍ അനുദിനം വറ്റിക്കൊണ്ടിരിക്കുകയാണ്. അതിനെ ജലസമൃദ്ധമാക്കാനുള്ള ശ്രമം ഇസ്രയേല്‍ നടത്തുന്നുണ്ടെങ്കിലും.പക്ഷേ ഇത്തരം സ്വാഭാവികമായ വറ്റലും മനുഷ്യന് തന്നെ കൃത്രിമമായി വറ്റിക്കുന്നതുമുണ്ട്.അതാണിപ്പോള്‍ കൂടുതല്‍. കാലാവസ്ഥയില്‍ നൂറ്റാണ്ടുകളായിട്ട് കേരളം സമശീതോഷ്ണാവസ്ഥയിലായിരുന്നു.
ഋതുഭേദങ്ങളുടെ സ്വാഭാവിക ചെറുമാറ്റങ്ങളല്ലാതെ കാലാവസ്ഥ മുഴുവനുമായി അട്ടിമറിക്കപ്പെടുന്ന പരിതോവസ്ഥ ഉണ്ടായിരുന്നില്ല. നവംമ്പര്‍,ഡിസംമ്പര്‍,ജനുവരി മാസങ്ങള്‍ കുളിരുകോരുന്ന കാലങ്ങളായിരുന്നു. ഇപ്പോള്‍ ഇവ മീനമാസത്തിലെ സൂര്യന് മാസങ്ങളായിത്തീര്ന്നിരിക്കുന്നു. കേരളത്തില്‍ നിന്നും മഴ ഒഴിഞ്ഞിരിക്കുകയാണ്. പന്ത്രണ്ടുമാസവും വേനലെന്ന കഠിനകാലഘട്ടത്തിലേക്കു നീങ്ങുന്ന ദുരിതാവസ്ഥയാണിപ്പോള്. വേനല്‍ കടുത്തതോടെ പലയിടത്തും തീപിടിത്തം ഉണ്ടാകുന്നുണ്ട്.റബര്‍ തോട്ടങ്ങളും പുല്‍മേടുകളുമാണ് കൂടുതലായും കത്തിനശിക്കുന്നത്.ഉഷ്ണരോഗവും മനുഷ്യനില്‍ വര്‍ധിച്ചിട്ടുണ്ട്.
വേനല്‍ വറുതിക്കു പല പലകാരണങ്ങള്‍ പറയാമെങ്കിലും മനുഷ്യന്റെ പ്രകൃതിയോടുള്ള ക്രൂരതതന്നെയാണ് ഇതിനുപ്രധാന കാരണം.കാടുംമേടും കവര്‍ന്നു കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ നിരന്നിരിക്കുകയാണ്. മഴ കിട്ടാക്കനി ആയതോടെയാണ് നനവ് നഷ്ടങ്ങളെക്കുറിച്ചും വൃക്ഷശോഷണത്തെക്കുറിച്ചും നാം ആശങ്കപ്പെടുന്നത്. കത്തുന്ന ചൂടില്‍ നിന്നും ഒരു വൃക്ഷത്തണലിലേക്കുമാറി നില്ക്കുമ്പോള് അനുഭവിക്കുന്ന ആശ്വാസം വലുതാണ്. മരങ്ങള്‍ക്ക് മനുഷ്യനോളം പ്രാധാന്യം നല്കിയ സംസ്ക്കാരമാണ് നമ്മുടേത്. കാളിദാസന്റെ ശാകുന്തളം തുടങ്ങി അനവധി കൃതികള്‍ ഇത്തരം വൃക്ഷ ധനത്തിന്റെ കാതല്‍ പറഞ്ഞു തരുന്നു. കാടെവിടെ മക്കളെ എന്നുള്ള കടമ്മനിട്ടയുടെ കവിത നമുക്കോര്‍ക്കാം.
ഇക്കഴിഞ്ഞ ഡിസംബറില്‍ വെള്ളപ്പൊക്കത്തില്‍ ചെന്നൈ മുങ്ങിയതിന്റെ വിലാപം നാം കണ്ടതാണ്. വേനല്ക്കലിപ്പുമാത്രമുള്ള ചെന്നൈയില്‍ മഴപെയ്തപ്പോള്‍ അത് അതി വര്‍ഷത്തിന്റെ അപകടമായി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തെ വേനല്‍ നക്കിത്തുടച്ചപ്പോള്‍ തന്നയാണ് കാല് നൂറ്റാണ്ടിനുശേഷമുള്ള പേമഴ ഇവിടെ പെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: