മണിമല: അപകടത്തില്‍ പരിക്കേറ്റ ദമ്പതികളെ ആശുപത്രി പരിസരത്ത് എത്തിച്ച ശേഷം മുങ്ങിയ കാറുടമയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ 13ന് വൈകുന്നേരം 5 മണിക്ക് മണിമല മൂങ്ങാനി ഗ്രാമീണ്ബാങ്കിന് സമീപം കാറിടിച്ച് റോഡിലേയ്ക്ക് മറിഞ്ഞ ബൈക്കിലെ യാത്രക്കാരായ ദമ്പതികളെ അതേ കാറില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മുറ്റത്ത് എത്തിച്ച ശേഷം മുങ്ങിയ ആളെക്കുറിച്ചാണ് പോലീസിന് വ്യക്തമായ സൂചന ലഭിച്ചത്. അപകടം നടന്ന സ്ഥലത്തുള്ള സ്ഥാപനത്തിലെ സിസിടിവി ക്യാമറായില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നും വാഹനനമ്പര്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെരുവന്താനം വടക്കയില്‍ വി.സി. ചെറിയാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്ന് തിരിച്ചറിഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ കറുകച്ചാല്‍ ചിറയ്ക്കല്കവല, ചക്കുംമൂട്ടില്‍ ബിജുവും ഭാര്യ ഭാവനയും മണിമല പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് ഇയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. പരിക്കേറ്റ ബിജുവിന്റെ മൊഴിയെടുത്ത് മണിമല പോലീസ് അന്വേഷണം ആരംഭിച്ചു. കാറുടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മണിമല പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: