കോട്ടയം: ചിട്ടിയുടമ സ്ഥാപനം പൂട്ടി ലക്ഷങ്ങളുമായി മുങ്ങിയതിനെ തുടര്‍ന്ന് ഇടപാടുകാര്‍ പണം ലഭിക്കാതെ നെട്ടോട്ടമോടുന്നു.
കോട്ടയം ഇല്ലിക്കല്‍ കവലയ്ക്ക് സമീപം തുരുത്തിപ്പള്ളി ചിറ്റ്സ് എന്ന സ്ഥാപന ഉടമയാണ് ഇടപാടുകാരെ കബളിപ്പിച്ച് സ്ഥാപനം പൂട്ടി മുങ്ങിയത്.
വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന വിനായക ചിട്ടിക്കമ്പനി പിന്നീട് തുരുത്തിപ്പള്ളില്‍ ചിറ്റ്സ് എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വൈക്കം ടിവിപുരം സ്വദേശി ജിജിമോന് എന്നയാള്‍ ഭാര്യ സുജാത ജിജിമോന്റെ പേരില്‍ ചിട്ടി കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏപ്രില്‍ അവസാനം മുതല്‍ ഇടപാടുകാര്‍ക്ക് പണം നല്‍കാതെ സ്ഥാപനം പൂട്ടാനുള്ള ഒരുക്കത്തിലായിരുന്നു ഉടമ.
ഇടപാടുകാര്‍ക്ക് 80ലക്ഷം രൂപയോളമാണ് കൊടുത്ത് തീര്‍ക്കുവാനുള്ളത്. ആദ്യതവണയും രണ്ടാം തവണയും ഉടമ ഇടപാടുകാരില്‍നിന്നും പണം സംഭരിച്ച് കൈവശം വയ്ക്കുകയായിരുന്നു പതിവ്. പിന്നീട് ലേലം കഴിഞ്ഞ് 45ദിവസത്തിന് ശേഷമാണ് ചിറ്റാളന്മാര്ക്ക് പണം നല്കി വരുന്നത്. ഒന്നിടവിട്ടുള്ള മാസങ്ങളില്‍ കുറിയും ലേലവും എന്നതായിരുന്നു ഇവിടുത്തെ സമ്പ്രദായം എന്ന് ഇടപാടുകാര്‍ പറയുന്നു.
ജിജിമോന് വൈക്കത്തും ടിവിപുരം ഭാഗത്തും ദിവസചിട്ടിനടത്തിപ്പും സ്വകാര്യ വ്യക്തികള്‍ക്ക് പണം കൊടുത്ത് അമിത പലിശ ഈടാക്കിവരുന്നതായും ആരോപണം ഉയരുന്നുണ്ട്. ഇദ്ദേഹം അടുത്തകാലത്ത് ഒരുകോടിയോളം രൂപ മുടക്കി ബംഗ്ലാവ് പണിതതായും ഇപ്പോള്‍ അതപൂട്ടിക്കിടക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
ചിട്ടിതീര്ന്നിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടപാടുകാര്‍ കുമരകം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുവാന്‍ പോലീസ് വിസമ്മതിച്ചതായും പറയപ്പെടുന്നു. സ്റ്റേഷന് പുറത്ത് ഒത്തുതീര്‍പ്പിലൂടെ പണംവാങ്ങി നല്‍കാമെന്ന് പോലീസ് പറഞ്ഞതായും ആക്ഷേപമുണ്ട്.
ചിട്ടിവട്ടമെത്തിയതിനെ തുടര്‍ന്ന് പണം ലഭിക്കാതെ കിളിരൂര്‍ അമ്പൂപ്പറമ്പില് വനജസുരേഷ് സ്ഥാപനത്തില്‍ എത്തിയെങ്കിലും സ്ഥാപനം പൂട്ടിയനിലയിലായിരുന്നു. ഇവര്‍ക്ക് മാത്രം 50000രൂപയോളം ലഭിക്കാനുണ്ട്. 200 പേര്‍ക്ക് പണം നല്‍കാനുണ്ടെന്നും ഇത് കൊടുത്ത് തീര്‍ക്കുമെന്നും ഈസ്ഥാപനവുമായി ബന്ധമുള്ള ചേര്‍ത്തല സ്വദേശി സാജന് പറഞ്ഞു.
11 ജീവനക്കാരാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. മിക്കവരും സ്ഥലവാസികളുമാണ്. ഇടപാടുകാര്‍ ഇവരോടും പണം ആവശ്യപ്പെട്ടുതുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ ജീവനക്കാരും കഷ്ടപ്പെടുകയാണ്.
തീര്ന്നചിട്ടിയുടെ മാത്രം പണം 30ലക്ഷം രൂപ കൊടുത്ത് തീര്‍ക്കാനുള്ളപ്പോഴാണ് ഉടമ സ്ഥാപംപൂട്ടി മുങ്ങിയത്.
പണം ലഭിക്കാത്തതിനെ തുടര്‍ന്ന് വനജസുരേഷ് ഇന്നലെ കോട്ടയം പോലീസ് ചീഫിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: