മാള: പുത്തന്‍ചിറ പഞ്ചായത്തിനേയും മാള പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന കരിങ്ങോള്‍ ചിറ സ്ലൂയീസ് കം.ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന്റെ പണി തുടങ്ങിയിട്ട് ആറ് വര്‍ഷത്തോളമായെങ്കിലും പണി പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
കരാറുകാരന്‍ പണം കിട്ടാത്തതിനെ തുടര്‍ന്ന് പണി നിവര്‍ത്തിക്കുകയും ചെയ്തു. അതിനിടയില്‍ വഖഫ് ബോര്‍ഡും പൊതുമരാമത്ത് വകുപ്പും തമ്മില്‍ കോടതിയില്‍ കേസും ഉണ്ടായിരുന്നു.
ഇതിനു സമീപമുള്ള മുസ്ലീം പള്ളിയുടെ സ്ഥലം എടുക്കുമ്പോള്‍ പകരം സ്ഥലം വഖഫ് ബോര്‍ഡിനു വിട്ടു കൊടുക്കണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പ് ഇതിന് തയ്യാറായില്ല അതിനെത്തുടര്‍ന്ന് കേസ്സ് കൊടുക്കുകയായിരുന്നു. അതാണ് പണി നീണ്ടു പോകുവാനുള്ള കാരണം.
കരിങ്ങോള്‍ ചിറ പാലത്തിന്റെ പണി പൂര്‍ത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്ങോള്‍ചിറ കൂട്ടായ്‌മ സമരം ആരംഭിച്ചു. വിവരാകാശപ്രകാരം കിട്ടിയ രേഖയിലാണ് കേസ്സിന്റെ കാര്യം പുറത്തു വന്നത്. തുടര്‍ന്ന് പുത്തന്‍ചിറ പഞ്ചായത്ത് ഭരണസമിതി ഇടപെട്ടു. പള്ളിയുടെ രണ്ട് സെന്റ് സ്ഥലം പൊതുമരാമത്ത് വകുപ്പ് എടുക്കുമ്പോള്‍ രണ്ട് സെന്റ് സ്ഥലം പുത്തന്‍ചിറ പഞ്ചായത്ത് വഖഫ് ബോര്‍ഡിനു കൊടുക്കാമെന്ന വ്യവസ്ഥയില്‍ എത്തുകയായിരുന്നു. രേഖകള്‍ ശരിയാക്കി കഴിഞ്ഞാല്‍ പണിതുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു.
















