‘ങ്ങ്യാ…ഹ..ഹ..ഹാ’ ഈ ചിരിയാരുടേതെന്ന് ആരും ചോദിക്കാറില്ല. അത്ര സുപരിചിതമാണ് ഏവര്‍ക്കും ഈ ചിരി. ചിരിയില്‍ തന്റേതായ രൂപം തന്നെ സന്നിവേശിപ്പിച്ചെടുത്ത മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ന് വിട പറഞ്ഞിരിക്കുന്നു. മണി ചിരിച്ചാല്‍ അതിനൊപ്പം ഏവരും ചിരിക്കും. അത്ര ലാളിത്യമായിരുന്നു, ഹാസ്യഭംഗിയായിരുന്നു ആ ചിരിയില്‍ ഉടനീളം പ്രതിഫലിച്ചിരുന്നത്. ചിരി മാത്രമായിരുന്നില്ല അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ചിരിയോടൊപ്പം നാടന്‍ പാട്ടുകളും താളവും ചുവടുവയ്‌പ്പും കൂടി ചേരുമ്പോഴാണ് മണി കലാഭവന്‍ മണിയാകുന്നത്. മിമിക്‌സിലൂടെ ചിരിപ്പിക്കുക മാത്രം ചെയ്യുന്ന സ്ഥിരം കോമഡി ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് തീര്‍ത്തും വഴിമാറി ചിന്തിച്ച ഈ കലാകാരന്‍ നാടന്‍ പാട്ടുകള്‍ക്ക് വേറിട്ട മാനം നല്‍കുന്നതിലും ശ്രദ്ധേയമായ പങ്ക് വഹിച്ചു. സ്റ്റേജ് ഷോകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന മണി സ്‌റ്റേജിലേക്ക് രംഗപ്രവേശം ചെയ്യുന്നത് തന്നെ തന്റേതായ ചിരി മുഴക്കി കൊണ്ടാണ്. പിന്നെ തുടങ്ങുകയായി ആട്ടവും പാട്ടും. സ്വയം പാടുക മാത്രമല്ല കാണികള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവരെ കൊണ്ടും പാടിപ്പിച്ച് രസിക്കുമായിരുന്നു അദ്ദേഹം. സ്വയം പാടിയും പാടിപ്പിച്ചും ആടിയും രസിച്ച അദ്ദേഹം സഹായം തേടിയെത്തുന്നവരെ നിരാശരാക്കാറുമില്ല. തന്നോടൊപ്പമുള്ള നിരവധി പേരെ മണി കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. സന്നദ്ധസഹായങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ മടികാണിക്കാറില്ലാത്ത ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു മണി. ചാലക്കുടിയുടെ സ്വകാര്യ അഹങ്കാരമായിരുന്ന മണി കഷ്ടപ്പാടുകളില്‍ നിന്നും ഉയര്‍ന്നു വന്ന താരമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പാട്ടുകളിലും അത് നിഴലിച്ചിരുന്നു. ‘ഉമ്പായി കൊച്ചാണ്ടേ പ്രാണന്‍ കത്തണമ്മാ വയറ് പൊട്ടീട്ട് പാപ്പൊണ്ടാക്കണമാ… വയര്‍ കത്തിയാല്‍ എന്റെ കൊടല് കത്തണമ്മാ പ്രാണന്‍ പെടഞ്ഞിട്ട് തൈവേ ഓണം പകര്‍ത്തണമാ…’ പലപ്പോഴും മണിയുടെ കണ്ണുകളെ ഈറനണിയിച്ചിട്ടുള്ള പാട്ടുകളിലൊന്നാണിത്. ചിരിച്ചും ചിരിപ്പിച്ചും തുടങ്ങുന്ന നാടന്‍പാട്ടുകള്‍ നിര്‍ത്തുന്നത് കണ്ണീര്‍ തുള്ളികള്‍ വീഴ്‌ത്തികൊണ്ടായിരിക്കും. എങ്കിലും സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ചിരിയുടെ ഛായം പൂശി തന്നെയാകും മണി വേദിയില്‍ നിന്ന് പലപ്പോഴും മടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: