മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയില്‍ 94 ശതമാനം എത്തിനില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിന് എന്തു സംഭവിച്ചു? അടുത്തനാളുകളിലായി നടന്ന സംഭവവികാസങ്ങളാണ് ഇത്തരമൊരു ചോദ്യത്തിന് കാരണം.
സ്ത്രീയുടെ വസ്ത്രധാരണവും രാത്രിസഞ്ചാരവും ലഹരിക്ക് അടിമപ്പെടലുമൊക്കെ സ്ത്രീ പീഡനങ്ങള്‍ക്ക് പ്രധാനകാരണമായി പറയാറുണ്ടെങ്കിലും പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി വീട്ടിനകത്ത് അതിദാരുണമാം വിധം പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് സമൂഹം ചിന്തിക്കണം. പാവപ്പെട്ടവരെ സഹായിക്കാന്‍ നിരവധി ക്ഷേമപദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെയും സാമൂഹ്യസുരക്ഷാ വകുപ്പിന്റെയും കൈയിലുണ്ടായിട്ടും ഇതൊന്നും ശ്രദ്ധയില്പ്പെട്ടില്ലെ?
പെരുമ്പാവൂരിലെ കുറുപ്പുംപടിയിലെ പുറമ്പോക്കിലുള്ള ഒരു സെന്റ് സ്ഥലത്ത് സുരക്ഷക്കായി വാതില്‍പോലുമില്ലാത്ത ഒറ്റമുറിയില്‍ താമസിച്ച നിയമവിദ്യാര്‍ത്ഥിയായ ജിഷയേയും അമ്മയേയും സമൂഹം മാറ്റിനിര്‍ത്തിയതാണോ? അയല്‍പക്കത്തുള്ളവരുമായി യാതൊരുബന്ധവുമില്ലാതെ ഒറ്റയ്ക്ക് ഇരിക്കേണ്ട അവസ്ഥ ഉണ്ടായപ്പോള്‍ പോലും ജിഷയുടെ നിലവിളി കേട്ടിട്ടും ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥ എന്തുകൊണ്ട് ഉണ്ടായി. സ്ത്രീകളോടും കുട്ടികളോടുമുള്ള നമ്മുടെ സമൂഹത്തിന്റെ മനോഭാവം പ്രത്യേകിച്ച് ദളിതരുടെ കാര്യത്തില്‍ ഇപ്പോഴും കേരളീയര്‍ എവിടെയെത്തിനില്ക്കുന്നുവെന്നതിന്റെ തെളിവാണ്.
എന്തു തന്നെയായാലും സ്ത്രീകളോടും കുട്ടികളോടുമുള്ള സമൂഹത്തിന്റെ മനോഭാവം മാറുകതന്നെവേണം. സ്ത്രീയെ അമ്മയായും പെങ്ങളായും കാണാനുള്ള മനസ് കേരള സമൂഹത്തിന് ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ പുരുഷന്റെ കാമം തീര്ക്കാനുള്ളതാണെന്നുള്ള കാഴ്ചപ്പാട് അടിസ്ഥാനപരമായി മാറേണ്ടതുണ്ട്.
മൂവാറ്റുപുഴയില്‍ 15 കാരി പീഡനത്തിനിരയായി. ബധിരയും മൂകയും എട്ടുവയസുമാത്രമുള്ള പെണ്‍കുട്ടിയെ ലഹരിക്ക് അടിമയായി സ്വന്തം അച്ഛന് പീഡിപ്പിക്കുന്നു. 7 വയസുകാരിയെ മദ്രസാ അധ്യാപകന് പീഡിപ്പിക്കുന്നു. 68 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുന്നു. ഇത് മറ്റെവിടെയുമല്ല നടക്കുന്നത് മൂവാറ്റുപുഴയിലും മണ്ണാര്‍ക്കാട്ടും, പുല്ലൂരിലും, ഇരിങ്ങാലക്കുടയിലും, ചിറയ്ന്കീഴിലും, വര്‍ക്കലയിലുമാണ്. സാംസ്കാരിക കേരളത്തിന് ലജ്ജിച്ച് തല കുനിക്കാനെ കഴിയൂ.
കേരളത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമൂലമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിക്കുവാന്‍ ഇടയാക്കുന്ന ഒരു കാരണമായി പറയുന്നത്. സ്ത്രീയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അത് വീണ്ടെടുക്കേണ്ടതുണ്ട്. സ്ത്രീ പീഡനങ്ങള്‍ നിയന്ത്രിച്ച് സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിനും ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ നിയമങ്ങള്‍ കര്‍ക്കശമായി പാലിച്ചേ പറ്റൂ. അത് ഇല്ലാത്തതാണ് ഇവയുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുവാന്‍ കാരണം.
നാലുലക്ഷത്തോളം കുടുംബശ്രീ കൂട്ടായ്മകള്‍ കേരളത്തിലുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം 4248 ലൈംഗിക പീഡനകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യാത്തത് വേറെയും. ദേശീയതലത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള കയേറ്റശ്രമം 13.7 ശതമാനമാണ്. എന്നാല്‍ കേരളത്തിലത് 24.2 ശതമാനമാണ്. ലൈംഗികാതിക്രമങ്ങള്‍ ദേശീയതലത്തില്‍ 3.97 ഉം തമിഴ്നാട്ടില്‍ 0.1 ശതമാനവുമാണെങ്കില്‍ കേരളത്തിലാണെങ്കില്‍ അത് 5.4 ശതമാനവുമാണ്. എല്ലാ കാര്യത്തിലും ദേശീയ ശരാശരിയെ കടത്തിവെട്ടുകയാണ് കേരളം.
ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ളവരെന്നും ശരിയായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ഒരു സംസ്ഥാനത്തിന്റെ സ്ഥിതിയാണിത്. അതിനാല്‍ ലഹരിയുടെ ഉറവിടം ഇല്ലാതാക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭരണഘടനയുടെ 47-ാം അനുച്ഛേദത്തില്‍ പറയുന്ന പ്രകാരം സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുകയാണ് വേണ്ടത്. എങ്കില്‍ ഒരു പരിധിവരെ ഇവ നിയന്ത്രിക്കാം. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീപീഡകരെ കയ്യാമംവെച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് വാചകകസര്‍ത്ത് നടത്തിയതുകൊണ്ട് കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: