എരുമേലി: അന്തിയുറങ്ങാന്‍ വീടില്ലാതെ പ്ലാസ്റ്റിക് മറച്ച വീടുകളില്‍ കഴിയുന്ന ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ കാണാനും സാന്ത്വനിപ്പിക്കാനും കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ജില്ലയിലെ ഏറ്റവും വലിയ കോളനിയായ എരുമേലി ശ്രീനിപുരം കോളനിയില്‍ എത്തി. 20 വര്‍ഷമായി വാര്‍ഡിലും ത്രിതല പഞ്ചായത്തിലുമായി സിപിഎം ഭരണം നടത്തിയിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിയായിരുന്ന കോളനി നിവാസികള്‍ സ്ഥലവും വീടും ഇല്ലാതെ ദുരിതമനുഭവിക്കുന്ന സംഭവം ജന്മഭൂമി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനന്ത് കുമാര്‍ കോളനി സന്ദര്‍ശിച്ചത്.
മൂന്ന് പെണ്‍കുട്ടികള്‍ അടങ്ങിയ പാത്തിക്കല്‍ വീട്ടില്‍ രാജേഷ്-പ്രിയ ദമ്പതികളുടെ വീടാണ് മന്ത്രി ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് കദളിപ്പറമ്പില്‍ ലിസി, പാലക്കല്പറമ്പില് ഷീനാ, ലീല എന്നിവരുടെ വീടുകളും മന്ത്രി സന്ദര്‍ശിച്ചു. കോളനി സന്ദര്‍ശിക്കുവാന്‍ എത്തിയ മന്ത്രിയോട് രാഷ്ടീയം മറന്നും തങ്ങളുടെ ദുരിത ജീവിതം തുറന്ന് കാട്ടുവാനും കോളനി നിവാസികള്‍ മറന്നില്ല.
പ്ലാസ്റ്റിക്ക് ഉപയോഗിച്ച് കെട്ടിമറച്ച ഷെഡിനുളളില്‍ കയറിയും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രണെന്ന് പറഞ്ഞ മന്ത്രി കഴിഞ്ഞ 20 വര്‍ഷങ്ങളായി വികസനം എത്തിക്കാത്തതിന് കാരണക്കാരായ ഇടത് വലത് മുന്നണികളുടെ അഴിമതി ഭരണം തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്നും പറഞ്ഞു.
മന്ത്രിയുടെ വരവ് കോളനിയെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാഴ്ത്തി. സ്ത്രീകള്‍ മലയാളത്തില്‍ എഴുതി നല്കിയ നിവേദനങ്ങള്‍ ബിജെപി നേതാക്കളെ കൊണ്ട് വായിപ്പിച്ച് മറുപടി പറഞ്ഞു. കേന്ദ്രമന്ത്രിക്കൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര് ഉല്ലാസ്, ബിജെപി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് വി.സി അജികുമാര്‍, ജില്ലാ സംയോജകന്‍ ബി.രാജീവ്, താലൂക്ക് സംയോജക് വി.ആര് രതീഷ്, എന്‍ഡിഎ കണ്‍വീനര്‍ ഹരികൃഷ്ണന് കനകപ്പലം, ബിഡിജെഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുഷീല്‍ കുമാര്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ആര് സോജി, നിയോജക മണ്ഡലം മാനേജ്മെന്റ് കമ്മറ്റി അംഗം എസ്. മനോജ്, പഞ്ചായത്തംഗം രജനി ചന്ദ്രശേഖരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: