ന്യൂദല്‍ഹി : മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിലെ മുസ്ലിം സമുദായത്തില്‍പെട്ട ജഡ്ജി മൗനം പാലിക്കുന്നു. മുത്തലാഖുമായി ബന്ധപ്പെട്ട വാദ പ്രതിവാദങ്ങള്‍ ആഭ്യന്ത തലത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കേയാണ് ഡിവിഷന് ബെഞ്ചിലംഗമായ അബ്ദുള്‍ നസീര്‍ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍പോലും തയ്യാറാകാത്തത്.
ആറ് ദിവസത്തോളമായി ഇതുമായി ബന്ധപ്പെട്ട വിചാരണ സുപ്രീംകോടതിയില്‍ നടന്നു വരികയാണ്. സിഖ്, ക്രിസ്ത്യന്‍, പാര്‍സി, ഹിന്ദു, മുസ്ലിം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള അഞ്ചു പേരാണ് സുപ്രിംകോടതി ഡിവിഷന് ബെഞ്ചില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹര്‍, ജസ്റ്റിസ് കുരിയന്‍ ജോസഫ്, ആര്. എഫ്. നരിമാന്, യു. യു. ലളിത് എന്നിവരാണ് ഡിവിഷന് ബെഞ്ചിലുള്‍പ്പെട്ട മറ്റുള്ളവര്‍. മുത്തലാഖിനെ സംബന്ധിച്ചുള്ള വിഷയത്തില്‍ മറ്റ് ജഡ്ജിമാര്‍ ബന്ധപ്പെട്ട കൗണ്‍സിലിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ജസ്റ്റിസ് നസീര്‍ മാത്രം ചോദ്യമൊന്നുമുന്നയിച്ചിട്ടില്ല.
സമുദായത്തില്‍ തന്നെ വളര്‍ന്ന വ്യക്തി എന്ന നിലയ്ക്ക് രാജ്യത്തും വിദേശത്തുമുള്ള മുത്തലാഖ് സമ്പ്രദായങ്ങളെ കുറിച്ച് മറ്റുള്ളവരേക്കാള്‍ നന്നായി നസീറിന് വിലയിരുത്താനാവും. എന്നാല്‍ ജഡ്ജി ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.
അതേസമയം മുസ്ലിം നിയമങ്ങളിലെ യുക്തി കോടതി പരിശോധിക്കുന്നതില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അതൃപ്തി രേഖപ്പെടുത്തി. മുസ്ലിം സമുദായം സ്ത്രീ സമത്വം ഉറപ്പ് നല്കുന്നതില് പിന്നോക്കം പോവുകയാണെന്നും, മുത്തലാഖ് സമുദായത്തിന് അപമാനമാണെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച് നിരീക്ഷിച്ചു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: