സംസ്ഥാനങ്ങളുടെ വികസനത്തെ കുറിച്ചുള്ള താരതമ്യങ്ങള്‍ പലപ്പോഴും പ്രധാനപ്പെട്ട ചില വസ്തുതകളെ മറച്ചു കൊണ്ടായിരിക്കും ജനങ്ങളിലെത്തുന്നത്. പ്രത്യേകിച്ചും രാഷ്ട്രീയ ലാഭേച്ഛയോടെ പ്രചരിപ്പിക്കപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ പലതും യാഥാര്‍ത്ഥ്യത്തോട് ഒരു ശതമാനം പോലും നീതി പുലര്‍ത്താത്തവ ആയിരിക്കും.
ഒരു കേരളീയന് എന്നതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. പല വികസന സൂചികകളിലും ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ കാലങ്ങളായി നില്‍ക്കുന്നത് കേരളം തന്നെയാണ് എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. വികസന സൂചികയായ ജീവിത നിലവാരത്തിലും ,ആരോഗ്യ മേഖലകളിലും, വിദ്യാഭ്യാസത്തിലും നാം നേടിയ നേട്ടങ്ങള്‍ അസൂയാവഹം തന്നെയാണ്. എന്നാല്‍ രാഷ്ട്രീയപാര്ട്ടികള്ക്കുപരിയായി, പ്രകൃതിദത്തമായ വിഭവങ്ങളും, ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതകള്‍ ഉള്ള സംസ്ഥാനത്തിന്റെ കിടപ്പും തന്നെയാണ് നമ്മുടെ വികസനങ്ങളുടെ കേന്ദ്ര ചാലക ശക്തിയായി എന്നും നിലകൊണ്ടിരുന്നത് എന്നതാണ് വാസ്തവം.
ഏറെ വളക്കൂറുള്ള മണ്ണും, എന്തും നടാവുന്ന കൃഷി സ്ഥലങ്ങളും, സമയത്തിനു പെയ്യുന്ന മഴയും, നിറഞ്ഞൊഴുകുന്ന പുഴകളും എല്ലാം കൊണ്ട് പ്രകൃത്യാ തന്നെ സമ്പല്‍ സമൃദ്ധമാണീ നാട്. കേരളത്തോളം പ്രകൃതിയുടെ അനുഗ്രഹം ഇത്രത്തോളം നിറഞ്ഞു നില്ക്കുന്ന വേറൊരു സംസ്ഥാനം ഇല്ലെന്നു തന്നെ പറയാം.
വലിയൊരു ഭാഗം മരുഭൂമിയും മരുഭൂമി സമാനമായ പ്രദേശങ്ങളുമായിട്ടുള്ള ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളുടെ നേട്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍, ഈ വസ്തുതകള്‍ എല്ലാം പരിഗണിക്കപ്പെടേണ്ടവയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൃത്യതയില്ലാത്ത മഴ, വരൾച്ച, വെള്ളപ്പൊക്കം, വളരെയധികം വളക്കുറവുള്ള മണ്ണ് എന്നിവ കൊണ്ട് കഷ്ട്ടപ്പെടുന്ന ഗുജറാത്തിലെ വികസനങ്ങള്‍ പല്ലപ്പോഴും പ്രകൃതിയുടെ വികൃതികളെയും കൂടി അതിജീവിച്ചു കൊണ്ടുള്ളതാണ് എന്ന യാഥാര്‍ത്ഥ്യം പലപ്പോഴും നാം സൗകര്യപൂര്‍വം വിസ്മരിക്കുന്നു.
പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ കേരളത്തിലെ വികസനവും ഗുജറാത്തിലെ വികസനവും തമ്മില്‍ ഒരു താരതമ്യ പഠനം സാധ്യമാണെങ്കിലും, ഭരിച്ച സര്‍ക്കാരിന്റെ പ്രകടനത്തിന്റെ അളവുകോലാകാന്‍ ഈ താരതമ്യ പഠനങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല എന്നതുകൊണ്ട് അവ ആ രീതിയില്‍ വേണം വിശകലനം ചെയ്തു വിലയിരുത്താന്‍. അദ്ധ്യാത്മിക/സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ഉഴുതിട്ട മണ്ണില്‍, വ്യക്തിയും സമൂഹവും സ്വയം ഉയര്‍ന്നു വരികയും അവ കേരളത്തെ മറ്റു നാടുകളില്‍ നിന്നും വിഭിന്നം ആക്കുകയും ചെയ്തിട്ട ചരിത്രം ആണ് നമുക്ക്.
മൂല്യ ബോധവും സാംസ്കാരിക പൈതൃകവും ആഴത്തില്‍ സ്വാധീനിച്ച സാമൂഹിക ബോധവും എല്ലാം ഒത്തിണങ്ങിയ ജനങ്ങള്‍ ചേര്‍ന്ന് സൃഷ്ട്ടിച്ച പെരുമ മാത്രമേ ഇവിടെയുള്ളൂ. ഇവിടെ ഉയര്‍ന്നുവന്ന വികസന സൂചികകളെല്ലാം വ്യക്തിഗത മികവുകളുടെ അളവുകോലുകളാണ്. മറിച്ച് അവ ഒരിക്കലും മാറി മറിഞ്ഞ സര്‍ക്കാരിന്റെ പ്രകടനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ആകുന്നില്ല.
അതേസമയം ഗുജറാത്ത് എന്നൊരു മോഡല്‍ തന്നെ ഉയര്‍ന്നു വന്നത് മോദി എന്ന ഭരണാധികാരിയുടെ ഭരണ മികവിന്റെ അളവുകോലായിട്ടാണ്. ഭൂകമ്പത്തില്‍ സാമ്പത്തികമായി തകര്‍ന്ന ഒരു സംസ്ഥാനത്തില്‍ നിന്നും പുകള്‍ പെറ്റ ഗുജറാത്ത് മോഡല്‍ എന്ന പേരിലേക്കുള്ള എല്ലാ വളര്‍ച്ചയുടെയും പിന്നില്‍ ഉണ്ടായിരുന്നത് മോദിയുടെ ഭരണ മികവ് തന്നെയായിരുന്നു.
പല മേഖലകളിലെയും കേരളവും ഗുജറാത്തും ആയുള്ള താരതമ്യ പഠനങ്ങള്‍ കാണുമ്പോള്‍, പല കണക്കുകള്‍ക്കും മനപ്പൂര്‍വം വിസ്മരിക്കപ്പെടുന്ന മറ്റൊരു വശം കൂടിയുള്ളത് അധികം ആരും ശ്രദ്ധിച്ചു കാണുന്നില്ല. ചില കണക്കുകള്‍ നോക്കാം.
ഒന്നാമതായി സാക്ഷരത. ശരിയാണ് സമ്പൂര്‍ണ സാക്ഷരത അല്ലെങ്കിലും ഭാരതത്തിലെ സാക്ഷരതയില്‍ 94 ശതമനത്തോടെ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളം തന്നെയാണ്. അതേസമയം ഗുജറാത്തിലെ സാക്ഷരത 79 ശതമാനമാണ്. ഇനി പഴയ കാലത്തേക്ക് ഒന്നു സഞ്ചരിച്ചു നോക്കാം. 1960ല്‍ കേരളത്തിന്റെ സാക്ഷരത 47 ശതമാനം. എന്നാല്‍ ഗുജറാത്തിലെ സാക്ഷരത കേവലം 31 ശതമാനം മാത്രം.
രണ്ടു സംസ്ഥാനങ്ങളിലും സാക്ഷരതയുടെ വളര്‍ച്ചാസൂചിക ഏകദേശം ഒരേ അനുപാതത്തിലാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത് എന്നത് ഇതില്‍ നിന്നും വ്യക്തം. ഗുജറാത്ത് മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളും ഈ ആനുപാതികമായ വളര്‍ച്ചാനിരക്ക് കൈവരിച്ചിരുന്നു എന്നതാണ് വാസ്തവം. പറഞ്ഞുവന്നത് ഇത് മാറി മാറി ഭരിച്ച രാഷ്ട്രീയ നേതാക്കളുടെ അസാമാന്യ പ്രകടനത്തിന്റെ തെളിവുകളായി കണക്കാക്കാന്‍ ചിന്തിക്കുന്നവര്‍ക്ക് കഴിയില്ല എന്നതാണ്.
ഇനി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നത്തോട് ചേര്‍ത്തു വായിക്കാവുന്ന ശിശുമരണ നിരക്ക് ഒരു മായം സൃഷ്ടിക്കുന്നതായി തോന്നുന്നില്ലേ. വാസ്തവം അതാണ്. കേരളത്തിലെ ആദിവാസികളില്‍ ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര് പോഷകാഹാരക്കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും മൂലം മരിച്ചു വീഴുന്നു.
അതേ സമയം കേരളത്തിന്റെ മൊത്തം ശിശുമരണ നിരക്ക് എടുത്തു നോക്കിയാല്‍ സംഗതി ഭംഗിയാണ് വെറും ഏഴ്. ഗുജറാത്തിലെ ശിശുമരണ നിരക്ക് 33 ആണ്. ഇനിയാണ് ചിന്തിക്കേണ്ടത്. കേരളത്തിലെ ജനസംഖ്യ കേവലം മൂന്നുകോടി ആണെങ്കില്‍ ഗുജറാത്തില്‍ അവ ആറു കോടിക്ക് മുകളിലാണ്.
കേരളത്തില്‍ ഈ മൂന്നുകോടിയുടെ ഒന്നര ശതമാനം മാത്രമാണ് ആദിവാസി ജനവിഭാഗങ്ങള്‍ എങ്കില്‍ ഗുജറാത്തില്‍ അവ ആറുകോടിയുടെ പതിനാറു ശതമാനത്തോളമാണ്. കൃത്യമായി പറഞ്ഞാല്‍ മൂന്നര ലക്ഷത്തോളം ആദിവാസികള്‍ മാത്രം ഇവിടെ ഉള്ളപ്പോള്‍ ഗുജറാത്തില്‍ ഉള്ളത് 90 ലക്ഷത്തോളമാണ് എന്നത് മനുഷ്യ പുരോഗതി സൂചിക നമുക്ക് വരച്ചു തരുന്ന ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി തരാന്‍ ഉപകരിക്കും.
ഇനി മുകളില്‍ പറഞ്ഞ 33 എന്ന ശിശുമരണ നിരക്ക് കേവലം പത്തു വര്‍ഷം മുന്‍പ് അറുപതു എന്ന ഞെട്ടിപ്പിക്കുന്ന നമ്പരിലായിരുന്നു എന്നതും, ഭാരതത്തിലെ ഒരു സംസ്ഥാനത്തിനും സാധിക്കാത്ത രീതിയില്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി ശിശുമരണ നിരക്കിനെ 33 എന്നതില്‍ എത്തിക്കാനായത് ആ സംസ്ഥാനം ഭരിച്ചിരുന്ന മോദിയുടെ വലിയ നേട്ടമാണ്. കാണേണ്ട ആ കണക്കുകള്‍ മാധ്യമങ്ങള്‍ മനപൂര്‍വം തമസ്കരിക്കുന്നു.
പാലുല്പാദനം 58 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 104 ലക്ഷം മെട്രിക് ടണ്ണില്‍ എത്തിച്ചതും ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ മാറ്റിയതും, അധികാരമേല്‍ക്കുമ്പോള്‍ അഞ്ചാം ക്ലാസ് പൂര്‍ത്തിയാവുന്നതിന് മുമ്പേ പഠനം നിര്‍ത്തി പോകുന്ന വിദ്യാര്‍ത്ഥികളുടെ നിരക്ക് ഇരുപതു ശതമാനത്തില്‍ നിന്നും വെറും രണ്ടു ശതമാനത്തില്‍ എത്തിച്ചതും, ശിശുമരണ നിരക്ക് അത്ഭുതകരമാം വിധത്തില്‍ കുറച്ചതും, അപപോഷണം സംഭവിക്കുന്ന കുഞ്ഞുങ്ങളുടെ നിരക്ക് എഴുപത്തി രണ്ടില്‍ നിന്നും മുപ്പത്തി എട്ടില്‍ ചുരുങ്ങിയ കാലയളവില്‍ എത്തിച്ചതും, വിദേശ നിക്ഷേപം വന്‍തോതില്‍ ആകര്‍ഷിച്ചതും, വൈദ്യുതി മേഖലയില്‍ സ്വയം പര്യാപ്തത കൈവരിച്ചതിനു ശേഷം കേന്ദ്രത്തിനു പോലും വൈദ്യുതി വാഗ്ദാനം ചെയ്തതും, സോളാര്‍ മേഖലയില്‍ രാജ്യത്തെ ഏറ്റവും പ്രമുഖ ശക്തി ആയി മാറിയതും എല്ലാം മോദി എന്ന കരുത്തനായ ഭരണാധികാരിയുടെ കീഴില്‍ ഗുജറാത്ത് കൈവരിച്ച ചുരുക്കം ചില നേട്ടങ്ങള്‍ മാത്രമാണ്.
നേട്ടങ്ങളുടെ പട്ടികയെ മറച്ചു പിടിച്ചു മോദി എന്ന വ്യക്തിയോടുള്ള അസഹിഷ്ണുതയില്‍ നിന്നും പിറവി കൊള്ളുന്നതാണ് ഗുജറാത്ത് എന്ന സംസ്ഥാനത്തോട് നാം കാണിക്കുന്ന ഈ തൊട്ടുകൂടായ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: