ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അന്ത്യം കുറിക്കും. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയില്‍ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണത്തേത്. 1780ല്‍ ഇടതു, വലതു മുന്നണി സംവിധാനം നിലവില്‍ വന്നതിനു ശേഷം അവര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ന്നത് ഇത്തവണയാണ്. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം 140 മണ്ഡലങ്ങളിലും ശക്തമായ സാനിധ്യമാണ് അറിയിച്ചിരിക്കുന്നത്. എന്ന് മാത്രമല്ല ഇത്തവണ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിന് എത്തിയതും സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിറളിപിടിപ്പിച്ചിരിക്കുകയാണ്.
ഒരു കാലത്ത് ബിജെപി പിടിക്കുന്ന വോട്ട് ചില മണ്ഡലങ്ങളില്‍ എതെങ്കിലും ഒരു പാര്ട്ടിയുടേതായിരുന്നുവെങ്കില്, ഇപ്പോള്‍ അതല്ല സ്ഥിതി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിലും ബിജെപി അത് തെളിയിച്ചു കഴിഞ്ഞു. ഇരു മുന്നണികളും എതിര്‍ത്തിട്ടും കേരളത്തില്‍ ഒരു നഗരസഭാഭരണം പിടിച്ചെടുത്തുവെന്ന് മാത്രമല്ല പല നഗരസഭകളിലും ബിജെപി പ്രതിപക്ഷത്തുമായി. ഇതേ നില തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും ഭരിച്ചിരുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ബിജെപി പിടിച്ചടക്കുമെന്നതില്‍ സംശയമില്ല.
എന്നാല്‍ അതില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോഴത്തെ സ്ഥിതി. അന്ന് ബിജെപി ഒറ്റയ്ക്കായിരുന്നുവെങ്കില്‍ ഇന്ന് സഖ്യത്തില്‍ പതിമൂന്ന് പാര്‍ട്ടികളാണുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവരും ഇന്ന് ബിജെപിയോടൊപ്പമുണ്ട്. അതിനാല്‍ തന്നെ പല മണ്ഡലങ്ങളിലെയും സ്ഥിതി പ്രവചനാതീതമാക്കുവാന് ബിജെപിക്ക് കഴിഞ്ഞു. ഇപ്പോഴത്തെ കണക്ക് പ്രകാരം 20 മണ്ഡലങ്ങളില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതാണ് ബിജെപി സഖ്യത്തെ ഇരു മുന്നണികളും പ്രചരണായുധമാക്കിയിരിക്കുന്നത്.
ഒരു മുന്നണിയുമായും ബിജെപി യാതൊരു വിധത്തിലുള്ള സഖ്യമോ നീക്കുപോക്കുകളോ നടത്തിയിട്ടില്ലെന്നിരിക്കെ പാര്‍ട്ടി വോട്ട്മറിക്കുന്നുവെന്ന കുപ്രചരണം ഇവരുടെ ഭയത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്നലെ വരെ ബിജെപി ഒരു ശക്തിയേ അല്ലെന്ന് പറഞ്ഞവര്‍ ഇന്ന് ശക്തിയായി എന്ന കാര്യം പരസ്യമായി തന്നെ സമ്മതിക്കുന്നു. അതിനുള്ള ഏറ്റവും വലിയ തെളിവാണ് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവന. ബിജെപി ഇല്ലാത്ത നിയമസഭയാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ ബിജെപി കേരളത്തില്‍ വളര്‍ന്നുവെന്നതിന്റെ തെളിവാണ്.
ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മുമായി കൂട്ടുചേരുന്നതില്‍ തെറ്റില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന മറ്റൊരു ഉദാഹരണമാണ്. ബിജെപിക്ക് നിയമസഭയില്‍ പ്രാതിനിധ്യം ഉണ്ടായാല്‍ ഉമ്മന്‍ചാണ്ടിയാണ് ഉത്തരവാദിയെന്ന് കോടിയേരിയുടെ പ്രസ്താവനയും മറ്റൊരു ഉദാഹരണമാണ്. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ നിഷ്പക്ഷനായ വോട്ടര്‍ വിലയിരുത്തുന്നത് ബിജെപിയുടെ ഇന്നത്തെ ശക്തിയെക്കുറിച്ചാണ്.
കേരളത്തില്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും അവരുടെ മുന്നണികളിലുള്ള മറ്റ് പാര്‍ട്ടികളേയും നോക്കിയാല്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് വര്‍ദ്ധിക്കുന്ന ഏക പാര്‍ട്ടിയാണ് ബിജെപിയാണെന്ന് കാണാം. സ്വാഭാവികമായി ഈ തെരഞ്ഞെടുപ്പില്‍ മറ്റു ചില പാര്‍ട്ടികള്‍ കൂടി ബിജെപിയോടൊപ്പം ചേര്‍ന്നതിനാലാണ് ഈ തെരഞ്ഞെടുപ്പ് പ്രവചനാതീതമാണെന്ന് പറയാന്‍ കാരണം. ബിജെപിക്ക് അയിത്തം പ്രഖ്യാപിച്ചിരുന്ന പലരും ഇന്ന് മനസിലെങ്കിലും അനുകൂലിക്കുന്നു. മാത്രമല്ല എസ്എന്‍ഡിപിയോട് ആഭിമുഖ്യമുള്ള ബിഡിജെഎസും സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയും ബിജെപി മുന്നണിയില്‍ ചേര്‍ന്നതാണ് മറ്റ് പാര്‍ട്ടികളെ ആശങ്കാകുലരാക്കിയിട്ടുള്ളത്. ഇവര്‍ ബിജെപി മുന്നണിയില്‍ ചേരുന്നതിനെ പരമാവധി അവര്‍ എതിര്‍ത്തെങ്കിലും അത് നടന്നില്ല. അപ്പോള്‍ അവര്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണം അധികാര ഭ്രമം എന്നാണ്. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുന്നതിനും തുല്യമാണത്.
ഏത് വിധത്തിലും ബിജെപിയെ പരാജയപ്പെടുത്തുവാനുള്ള ശ്രമമാണ് ഇരു മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു പരിധി വരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനക്ഷേമകരമായ നേട്ടങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്ന് മനസിലാക്കിയതോടെയാണ് സോമാലിയ വിവാദവും ലിബിയന്‍ വിവാദവും കോണ്‍ഗ്രസ് പുറത്തെടുത്തത്. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെ മാറ്റിവച്ച് ബിജെപിക്ക് പിറകേ പോവുകയാണ് ഇരു മുന്നണികളും. മുമ്പെങ്ങുമില്ലാത്തവിധം വീറും വാശിയും കൊട്ടിക്കലാശത്തില്‍ ഗംഭീരമാക്കാന്‍ ഇരിക്കെ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കയറി പിടിക്കുവാനുള്ള വ്യഗ്രത തന്നെ മുന്നണികളുടെ അങ്കലാപ്പ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: